പാലാ: വ്യാപാരസ്ഥാപനത്തില്‍നിന്ന് 35 ലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ ഉത്തര്‍പ്രദേശ് സ്വദേശികളായ അഞ്ചുപേര്‍ പോലീസിന്റെ പിടിയിലായി.
യുപി ഔറാദത്ത് സന്ത്കബിര്‍ നഗര്‍ സ്വദേശികളായ സങ്കം (19), ദീപക് (23), അമര്‍നാഥ് (19), അമിത് (21), അതീഷ് (20) എന്നിവരാണ് പ്രത്യേക അന്വേഷണ സംഘത്തിന്റെ പിടിയിലായത്. ജനുവരി 31ന് പാലായിലെ വ്യാപാര സ്ഥാപനത്തില്‍നിന്ന് ഇവര്‍ ഓണ്‍ലൈനിലൂടെ പണം തട്ടിയെടുക്കുകയായിരുന്നു.
സ്ഥാപനത്തിലെ എംഡിയുടെ വാട്സാപ്പ് മുഖചിത്രം ഉപയോഗിച്ചായിരുന്നു തട്ടിപ്പ്. എംഡിയുടെ വ്യാജ ഡിപി നിർമിച്ചശേഷം വാട്സാപ്പിലൂടെ മാനേജരുടെ ഫോണിലേക്ക് വിളിച്ചു.
താന്‍ കോണ്‍ഫറന്‍സില്‍ ആണെന്നും ബിസിനസ് ആവശ്യത്തിനായി താന്‍ പറയുന്ന അക്കൗണ്ടുകളിലേക്ക് ഉടന്‍ പണം അയക്കണമെന്നും കോണ്‍ഫറന്‍സില്‍ ആയതിനാല്‍ തിരികെ വിളിക്കരുതെന്നും പറഞ്ഞു.
തട്ടിപ്പുകാരാണെന്ന് മനസിലാകാതെ മാനേജർ സ്ഥാപനത്തില്‍നിന്ന് 35 ലക്ഷം രൂപ വിവിധ അക്കൗണ്ടുകളിലേക്ക് ട്രാൻസ്ഫർ ചെയ്തു. പിന്നീടാണ് നടന്നത് തട്ടിപ്പാണെന്ന് മനസിലായത്.
ഇതോടെ സ്ഥാപന ഉടമ പാലാ പോലീസില്‍ പരാതി നല്കി. പോലീസ് ഉത്തര്‍പ്രദേശിലെത്തി നടത്തിയ തെരച്ചിലിനൊടുവില്‍ ഇവരെ പിടികൂടുകയുമായിരുന്നു.