ഭക്ഷണശാലകളിൽ സൗജന്യ ഭക്ഷണം ലഭിക്കാൻ ചിലർ തന്ത്രപരമായ വഴികൾ പരീക്ഷിക്കുന്നു. പലപ്പോഴും സോഷ്യൽ മീഡിയയിൽ പകർത്തപ്പെടുന്ന ഈ കോമാളിത്തരങ്ങൾ റസ്റ്റോറന്റ് ഉടമകളെ കൂടുതൽ ജാഗ്രതയുള്ളവരാക്കും. അടുത്തിടെ ഒരു യുവതി തന്റെ ഭക്ഷണത്തിൽ മുടി ഇട്ടുകൊടുത്ത് ഒരു റെസ്റ്റോറന്റിൽ നിന്ന് സൗജന്യമായ് ഭക്ഷണം ലഭിക്കാൻ ശ്രമിച്ചു. തുടർന്ന് ഉടമയോട് പരാതിപ്പെട്ടു.
എന്നാൽ എല്ലാം ക്യാമറയിൽ പതിഞ്ഞത് അവൾ അറിഞ്ഞിരുന്നില്ല. ‘ദ ഒബ്സർവേറ്ററി’ ഉടമ ടോം ക്രോഫ്റ്റ് തന്റെ ബീഫ് റോസ്റ്റ് ഡിന്നറിൽ മുടി കണ്ടെത്തിയെന്ന് അവകാശപ്പെട്ടതിനെ തുടർന്ന് ഉപഭോക്താവിന് 12.95 പൗണ്ട് (1,394.24 രൂപ) തിരികെ നൽകി. ക്രോഫ്റ്റ് തന്റെ സ്റ്റാഫിന്റെ മുടി ശരിയായി കെട്ടിയിട്ടുണ്ടെന്ന് ഉറപ്പാക്കാൻ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ യുവതി യഥാർത്ഥത്തിൽ ഭക്ഷണത്തിൽ അവളുടെ മുടി ഇട്ടതായി കണ്ടെത്തി.
യുവതി ഒരു പുരുഷനോട് സംസാരിക്കുകയും അവളുടെ കറുത്ത മുടിയുടെ ഒരു കഷണം പുറത്തെടുത്ത് പ്ലേറ്റിൽ ഇടുകയും ചെയ്യുന്നതാണ് വീഡിയോ. 12.95 പൗണ്ടിന്റെ ഭക്ഷണത്തിനായി ഒരു ബിസിനസ്സിന്റെ പ്രശസ്തിയും സ്റ്റാഫിന്റെ ജോലിയും അപകടത്തിലാക്കാൻ യുവതി തയ്യാറായെന്നാണ് റെസ്റ്റോറന്റ് ഉടമ പറഞ്ഞത്.
“ഞങ്ങൾ സിസിടിവി ദൃശ്യങ്ങൾ കണ്ടെത്തിയില്ലെങ്കിൽ നഷ്ടമുണ്ടായെനെ. ഭക്ഷണത്തിൽ മുടി കണ്ടെത്തുന്ന സ്ഥലങ്ങളിൽ ആളുകൾ ഭക്ഷണം കഴിക്കാൻ ആഗ്രഹിക്കില്ല. ഞങ്ങൾക്ക് ഫൈവ് സ്റ്റാർ ഫുഡ് ഹൈജീൻ റേറ്റിംഗ് ഉണ്ട്. എല്ലാ ഭക്ഷ്യ സുരക്ഷാ മാർഗ്ഗനിർദ്ദേശങ്ങളും പാലിച്ചു. എന്നാൽ സിസിടിവി ദൃശ്യങ്ങൾ കണ്ടെത്തിയില്ലെങ്കിൽ അത് ഞങ്ങളുടെ പ്രശസ്തിയെ വളരെ എളുപ്പത്തിൽ നശിപ്പിക്കുമായിരുന്നെന്നും റെസ്റ്റോറന്റ് ഉടമ കൂട്ടിച്ചേർത്തു.