ലണ്ടൻ: ഖലിസ്ഥാൻ ഭീകരൻ ഹർദീപ് സിംഗ് നിജ്ജാറിന്റെ കൊലപാതകത്തിൽ ഇന്ത്യൻ ഏജന്റുമാർ ഉൾപ്പെട്ടിട്ടുണ്ടെന്ന ആരോപണത്തിന് കാനഡ തെളിവ് നൽകണമെന്ന് വിദേശകാര്യമന്ത്രി എസ്. ജയശങ്കർ.
കാനഡയുടെ അന്വേഷണത്തെ ഇന്ത്യ തള്ളിക്കളയുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ഒരു മാധ്യമപ്രവർത്തകന് നൽകിയ അഭിമുഖത്തിലാണ് ജയശങ്കർ ഇക്കാര്യം ആവശ്യപ്പെട്ടത്.
അത്തരമൊരു ആരോപണം ഉന്നയിക്കാൻ നിങ്ങൾക്ക് ഒരു കാരണമുണ്ടെങ്കിൽ ദയവായി തെളിവുകൾ പങ്കിടുക, കാരണം ഞങ്ങൾ അന്വേഷണം തള്ളിക്കളയുന്നില്ലെന്നും ജയശങ്കർ പറഞ്ഞു. കാനഡ തങ്ങളുടെ ആരോപണത്തെ പിന്തുണയ്ക്കുന്ന ഒരു തെളിവും ഇന്ത്യയുമായി പങ്കുവച്ചിട്ടില്ലെന്നും ജയശങ്കർ കൂട്ടിച്ചേർത്തു.
കഴിഞ്ഞ ജൂണിലാണ് ബ്രിട്ടീഷ് കൊളംബിയയിലെ ഒരു ഗുരുദ്വാരയ്ക്കു മുന്പിൽ നിജ്ജാറിനെ ഒരു സംഘം വധിച്ചത്. നിരോധിതസംഘടനയായ ഖലിസ്ഥാൻ ടൈഗർ ഫോഴ്സ് തലവനായ ഇയാൾ ഇന്ത്യ അന്വേഷിക്കുന്ന കൊടുംഭീകരരിൽ ഒരാളായിരുന്നു.
നിജ്ജാറിന്റെ കൊലപാതകത്തിൽ ഇന്ത്യക്കു പങ്കുണ്ടെന്ന കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയുടെ ആരോപണത്തോടെ ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്രബന്ധം വഷളായിരുന്നു.
കൊലപാതകത്തിൽ പങ്കില്ലെന്ന് ഇന്ത്യ വ്യക്തമാക്കിയിരുന്നു. കാനഡയുടെ ആരോപണം അടിസ്ഥാനരഹിതമാണെന്നും വിദേശകാര്യമന്ത്രാലയം ആവർത്തിച്ചിരുന്നു.