ടെല്‍ അവീവ്: ഗാസയിലെ അല്‍ഷിഫ ആശുപത്രിയില്‍ നിന്നും ഹമാസിന്റെ ആയുധങ്ങളും വാര്‍ത്താവിനിമയ ഉപകരണങ്ങളും കണ്ടെത്തിയെന്ന് ഇസ്രയേല്‍. ആശുപത്രി സമുച്ചയത്തില്‍ നിന്ന് കണ്ടെടുത്തതായി പറയുന്ന ഓട്ടോമാറ്റിക് ആയുധങ്ങള്‍, ഗ്രനേഡുകള്‍, വെടിമരുന്ന്, ജാക്കറ്റുകള്‍ എന്നിവയുടെ ദൃശ്യങ്ങള്‍ ഇസ്രയേല്‍ സൈന്യം പുറത്തുവിട്ടു.
ഇസ്രയേല്‍ ഡിഫന്‍സ് ഫോഴ്സ് രോഗികളെയും ആശുപത്രി ജീവനക്കാരെയും ചോദ്യം ചെയ്യുന്നത് തുടരുകയാണ്. ഹമാസിന്റെ ഹൃദയമാണ് അല്‍ ഷിഫ ആശുപത്രിയെന്നാണ് ഇസ്രയേല്‍ ആരോപണം.
ബുധനാഴ്ചയാണ് ഇസ്രയേല്‍ സൈന്യം അല്‍ ഷിഫ ആശുപത്രിയില്‍ കടന്നത്. ആശുപത്രിയിലെ എമര്‍ജന്‍സി, റിസപ്ഷന് കെട്ടിടങ്ങള്‍ക്കുള്ളിലാണ് സൈന്യം കടന്നത്. ഇസ്രയേല്‍ ടാങ്കുകള്‍ സമുച്ചയത്തിനുള്ളിലുണ്ടെന്നും റിപ്പോര്‍ട്ടുണ്ട്. കുട്ടികളടക്കം 2,300 പേര് ആശുപത്രിയിലുണ്ട്.
നവജാതശിശുക്കള്‍ ഉള്‍പ്പെടെ ആയിരക്കണക്കിന് ആളുകള്‍ താമസിക്കുന്ന ആശുപത്രിയില്‍ ഇസ്രയേല്‍ നടത്തിയ റെയ്ഡിനെ ഐക്യരാഷ്ട്രസഭയും മിഡില്‍ ഈസ്റ്റേണ്‍ രാജ്യങ്ങളും അപലപിച്ചു.
എന്നാല്‍ ഇസ്രയേലിനെ ആക്രമിക്കാനായി ഹമാസ് ആയുധങ്ങള്‍ സംഭരിച്ചു വെച്ചിരിക്കുന്നത് അല്‍ ഷിഫ ആശുപത്രിയിലാണെന്ന് അമേരിക്കന്‍ ദേശീയ സുരക്ഷാ വക്താവ് ജോണ്‍ കിര്‍ബി കഴിഞ്ഞദിവസം ആരോപിച്ചിരുന്നു
ഗാസയിലെ ആശുപത്രികള്‍ക്ക് അടിയില്‍ ഹമാസിന്റെ താവളങ്ങളാണെന്ന് ഇസ്രയേല്‍ നിരന്തരം പറയുന്നുണ്ടെങ്കിലും ഇതാദ്യമായാണ് അമേരിക്ക സ്വതന്ത്രമായി ഇക്കാര്യത്തില്‍ അഭിപ്രായം പ്രകടനം നടത്തിയത്.
അതിനിടെ ഹമാസും ഇസ്രയേലും തമ്മില്‍ ധാരണയുണ്ടാക്കാന്‍ ഖത്തറിന്റെ ശ്രമം. 50 ബന്ദികളെ വിട്ടയക്കുന്നതിലും മൂന്നുദിവസത്തെ വെടിനിര്‍ത്തലിനുമാണ് ശ്രമം. അമേരിക്കയുമായുള്ള ചര്‍ച്ചക്കുശേഷമാണ് ഖത്തറിന്റെ നീക്കം.