കോഴിക്കോട്: വയനാട്ടില്‍ മാവോയിസ്റ്റ് ആക്രമം നടന്നിട്ട് ഒരാഴ്ചയായിട്ടും രക്ഷപ്പെട്ട മൂന്നു പേരെ കണ്ടെത്തനാകാതെ പോലീസ്. വനാതിര്‍ത്തികളില്‍ ഉള്‍പ്പെടെ പരിശോധന കർശനമാക്കിയിട്ടും ആയുധധാരികളെന്ന് പോലീസ് പറയുന്ന മൂന്നുപേരെയും ഇതുവരെ കണ്ടെത്തനായിട്ടില്ല.
ബാണാസുര ദളത്തിലെ സിപിഐ മാവോയിസ്റ്റ് ഗ്രൂപ്പിൽപ്പെട്ട സുന്ദരി, ലത എന്നിവരെയും കൂടെയുണ്ടായിരുന്ന തിരിച്ചറിയാത്ത ഒരു പുരുഷ മാവോയിസ്റ്റിനെയും കണ്ടെത്താനാണ് കണ്ണൂർ സിറ്റി പോലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചത്. ഇവരെ കണ്ടെത്താനും സമാന്തരമായി പരിശോധനകൾ നടത്തുന്നുണ്ട്.
വയനാട് തലപ്പുഴ സ്റ്റേഷന് പരിധിയിലാണ് തണ്ടര്‍ ബോള്ട്ടുംപോലീസും തമ്മില്‍ വെടിവയ്പ് നടന്നത്. അഞ്ചുപേരുമായി നടന്ന വെടിവയ്പിനിടെ രണ്ടുപേരെയാണ് പോലീസിന് കീഴ്പ്പെടുത്താനായത്.
ചപ്പാരം കോളനിയിലായിരുന്നു മാവോയിസ്റ്റുകള്‍ എത്തിയത്. തമിഴ്നാട് സ്വദേശിയായ ചന്ദ്രു, കര്‍ണാടകസ്വദേശിയായ ഉണ്ണിമായ എന്നിവരെ പിടികൂടി.
പിടിയിലായ ചന്ദ്രുവിനെയും ഉണ്ണിമായയെയും ഇരു സംസ്ഥാനങ്ങളിലെയും തീവ്രവാദ വിരുദ്ധ സ്ക്വാഡ് ചോദ്യം ചെയ്തിരുന്നു. ഇവരില്‍ നിന്നും ലഭിച്ച സൂചനകള്‍ പ്രകാരമാണ് മറ്റുള്ളവര്‍ക്ക് വേണ്ടി തെരച്ചില്‍ നടത്തുന്നത്. എന്നാല്‍ ഉള്‍വനങ്ങളിലേക്ക് വലിഞ്ഞ സംഘാംഗങ്ങളെ പിടികൂടുക എളുപ്പമല്ലെന്നാണ് പോലീസ് സംഘാംഗങ്ങള്‍ തന്നെ പറയുന്നത്.
ഇതിനിടെയാണ് ഉരുപ്പുംകുറ്റി ഞെട്ടിത്തോടിൽ തണ്ടർബോൾട്ടുമായി മാവോയിസ്റ്റ് സംഘം ഏറ്റുമുട്ടിയത്. എട്ടംഗ മാവോയിസ്റ്റ് സംഘമാണ് വെടിയുതിർത്തതെന്നും ഇവരിൽ ഒരാൾക്ക് പരിക്ക് സംഭവിച്ചിട്ടുണ്ടെന്നും പോലീസ് പറയുന്നു.
പക്ഷെ ഏറ്റുമുട്ടൽ നടന്ന് രണ്ട് ദിവസം കഴിഞ്ഞിട്ടും മാവോയിസ്റ്റ് സംഘം എങ്ങോട്ട് നീങ്ങിയെന്ന് കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. കർണാടക എഎൻഎസ് സംഘം വനാതിർത്തിയോട് ചേർന്ന പ്രദേശത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്.
അതിനാൽ തന്നെ ആ മേഖലയിലേക്ക് കടക്കാൻ സാധ്യതയില്ല. ഞെട്ടിത്തോടും പരിസര മേഖലകളും കേന്ദ്രീകരിച്ചാണ് തണ്ടർബോൾട്ടിന്റെയും എടിഎസിയും നിലവിലെ തെരച്ചിൽ.