കൂത്താട്ടുകുളം: വിവാഹം നടത്തിക്കൊടുക്കാമെന്ന് പറഞ്ഞ് യുവാക്കളിൽനിന്ന് ലോട്ടറി വില്പനക്കാരി തട്ടിയെടുത്തത് 25 ലക്ഷം രൂപ. കേസിൽ മാറാടി പള്ളിക്കാവ് പടിഞ്ഞാറയിൽ വീട്ടിൽ ഷൈല (57) യെയാണ് കൂത്താട്ടുകുളം പോലീസ് അറസ്റ്റ് ചെയ്തത്. രണ്ടുയുവാക്കളെ കബളിപ്പിച്ച് പണം തട്ടിയ കേസിലാണ് ലോട്ടറി റീട്ടെയിൽ വ്യാപാരം നടത്തിവരുന്ന ഷൈലയെ പോലീസ് പിടികൂടിയത്.
മോനിപ്പള്ളി സ്വദേശിയായ യുവാവും കൂത്താട്ടുകുളം ചോരക്കുഴി ഭാഗത്തുള്ള യുവാവുമാണ് തട്ടിപ്പിന് ഇരയായത്. അവിവാഹിതരായ യുവാക്കൾക്ക് അനുയോജ്യമായ വിവാഹ ആലോചനകൾ കൊണ്ടുവന്നാണ് തട്ടിപ്പിന്റെ തുടക്കം. പെൺകുട്ടികളുടെ ഫോട്ടോ കാണിച്ച് വിവാഹബന്ധം ഉറപ്പിക്കുകയും പിന്നീട് ഓരോ ആവശ്യങ്ങൾ ചൂണ്ടിക്കാണിച്ച് യുവാക്കളിൽനിന്നും ബന്ധുക്കളിൽനിന്നും പണം തട്ടിയെടുക്കുകയായിരുന്നു.
ഫോട്ടോയും ഫോൺവിളിയും
മോനിപ്പള്ളി കുര്യനാട് ഭാഗത്തുള്ള യുവാവിനെയും യുവാവിന്റെ സഹോദരിയെയും ഇത്തരത്തിൽ കബളിപ്പിച്ച് 19 ലക്ഷം രൂപ തട്ടിയെടുത്തു. യുവാവിന് വിവാഹം നടത്തിക്കൊടുക്കാമെന്ന് പറഞ്ഞ് ഒരു യുവതിയുടെ ഫോട്ടോ അയച്ചു കൊടുത്ത് യുവാവിനോടും യുവാവിന്റെ സഹോദരിയോടും ബന്ധം സ്ഥാപിച്ച് ഒൻപത് ലക്ഷത്തോളം രൂപ തട്ടിയെടുക്കുകയും പിന്നീട് ആ കുട്ടി കൊറോണ വന്നു മരിച്ചു പോയി എന്ന് വിശ്വസിപ്പിക്കുകയായിരുന്നു.
ഇതോടെ മാനസിക സംഘർഷത്തിലായ യുവാവ് വിവാഹം തന്നെ വേണ്ടെന്നു വയ്ക്കുകയും അതീവ ദുഃഖിതനായി മാറുകയുമായിരുന്നു. യുവാവിനെ സാന്ത്വനപ്പെടുത്തി ഷൈല വീണ്ടും മറ്റൊരു യുവതിയുടെ ഫോട്ടോയുമായി യുവാവിന്റെ പക്കൽ എത്തി. ആദ്യം സമ്മതിച്ചില്ലെങ്കിലും പിന്നീട് ഷൈലയുടെ നിർബന്ധത്തിന് വഴങ്ങി യുവാവ് വിവാഹത്തിന് തയാറായി.
ബാങ്ക് ജീവനക്കാരിയായ ഈ യുവതിയുടെ രണ്ടാം വിവാഹമാണെന്നും യുവാവിന്റെ ഫോട്ടോ കണ്ട് യുവതിക്ക് ഇഷ്ടപ്പെട്ടെന്ന് ഷൈല യുവാവിനെ വിശ്വസിപ്പിച്ചു. ഷൈലയുടെ വാക്ക് വിശ്വസിച്ച് യുവാവ് വിവാഹത്തിന് തയാറാവുകയും വിവാഹം ഉറപ്പിക്കുന്നതിന്റെ തലേദിവസം യുവതിക്ക് ബംഗളൂരുവിലേക്ക് പ്രമോഷനോട് കൂടി ട്രാൻസ്ഫർ കിട്ടിയതായി യുവതി അറിയിച്ചു. അത്യാവശ്യമായി ബംഗളൂരുവിലെത്തി ജോലിയിൽ പ്രവേശിക്കേണ്ടതിനാൽ ചടങ്ങ് മാറ്റിവെച്ചു. ഇതിനിടയിൽ 10 ലക്ഷത്തോളം രൂപ വിവിധ ആവശ്യങ്ങൾ പറഞ്ഞ് തട്ടിയെടുക്കുകയുമായയിരുന്നു.
യുവതി യുവാവിന്റെ പക്കൽനിന്നു വാങ്ങുന്ന പണം ഷൈലയുടെ പരിചയക്കാരുടെ അക്കൗണ്ടുകളിലേക്കാണ് അയച്ചുകൊണ്ടിരുന്നത്. കല്യാണം വൈകുന്നതിൽ അസ്വസ്ഥനായ യുവാവ് ഷൈലയുമായി നീരസത്തിലാകുകയായിരുന്നു. ഷൈലയുടെ കുടുംബങ്ങളുമായി അടുത്ത ബന്ധം കാത്തുസൂക്ഷിച്ചിരുന്ന യുവാവ് ഈ വിവരങ്ങൾ ഷൈലയുടെ മകനെയും ഭർത്താവിനെയും അറിയിച്ചു.
സംഭവത്തിൽ ദുരൂഹത തോന്നിയ ഷൈലയുടെ മകൻ നടത്തിയ പരിശോധനയിൽ ഷൈലയുടെ പക്കൽ മൂന്ന് മൊബൈൽ ഫോണുകൾ ഉള്ളതായി കണ്ടെത്തുകയായിരുന്നു. ഷൈലയുടെ മകന്റെയും ഭർത്താവിന്റെയും നിർദേശപ്രകാരമാണ് യുവാവ് പോലീസിൽ പരാതി നൽകിയത്.
സമാനരീതിയിൽ ചോരക്കുഴി ഭാഗത്തുള്ള യുവാവിനെയും കബളിപ്പിച്ച് പണം തട്ടി. യുവാവിന് വിവാഹം നടത്തിക്കൊടുക്കാമെന്ന് പറഞ്ഞ് ഒരു യുവതിയുടെ ഫോട്ടോ അയച്ചു കൊടുത്തു. സോന എന്നാണ് പേരെന്നും ഇൻഫോപാർക്കിലാണ് ജോലിയെന്നും പറഞ്ഞ് വിശ്വസിപ്പിച്ചു. തുടർന്ന് സോനയാണെന്ന് പറഞ്ഞ് ഷൈല യുവാവുമായി ഫോണിൽ ബന്ധപ്പെട്ടു. അച്ചനും അമ്മയ്ക്കും സുഖമില്ലെന്ന് പറഞ്ഞ് ആറു ലക്ഷത്തോളം രൂപ തട്ടിയെടുക്കുകയായിരുന്നു.
തട്ടിപ്പിനായി മൂന്ന് മൊബൈൽ ഫോണുകൾ
ഷൈല തട്ടിപ്പുകൾക്കായി ഉപയോഗിച്ച മൂന്ന് മൊബൈൽ ഫോണുകൾ പോലീസ് കണ്ടെടുത്തിട്ടുണ്ട്. ഷൈലയുടെ ബാങ്ക് ഇടപാട് രേഖകളും മൊബൈൽ ഫോൺ കോൾ ഡീറ്റെയിൽസ് പോലീസ് പരിശോധിച്ചു വരികയാണ്. തട്ടിപ്പിന് സഹായത്തിനായി മറ്റാരെങ്കിലും ഉണ്ടോ എന്നും മറ്റാരെങ്കിലും തട്ടിപ്പിൽ പെട്ടിട്ടുണ്ടോ എന്നും പോലീസ് അന്വേഷണം നടത്തി വരികയാണ്.
ഷൈല ശബ്ദം മാറ്റിയാണ് യുവാക്കളെ വിളിച്ചിരുന്നത്. ഡിഗ്രി വിദ്യാഭ്യാസം ഉള്ള ഷൈല നന്നായി ഇംഗ്ലീഷ് സംസാരിക്കും. ഈ കഴിവ് ഉപയോഗിച്ച് ബാങ്കിലെ ഉന്നത ഉദ്യോഗസ്ഥ ആണെന്ന് തെറ്റിധരിപ്പിച്ച് യുവാവുമായി സംസാരിക്കുകയും ചെയ്തു. ഇത്തരത്തിൽ ശബ്ദം മാറ്റിയും മൊബൈൽ നമ്പറുകൾ മാറ്റിയും യുവാക്കളെ മാതാപിതാക്കളെയും തെറ്റിദ്ധരിപ്പിച്ചുകൊണ്ടിരുന്നു.
ഷൈലക്ക് സഹായത്തിന് മറ്റാളുകൾ ഉള്ളതായാണ് പോലീസിന്റെ സംശയം. ഷൈലയുടെ സ്വന്തം ബാങ്ക് അക്കൗണ്ടിൽ പണം കണ്ടെത്താൻ ആകാതെ വന്നതോടെയാണ് സഹായികൾ ഉണ്ടെന്ന് സംശയം വർധിച്ചത്. ഷൈലയുടെ കെണിയിൽ കൂടുതൽ ആളുകൾ പെട്ടിട്ടുണ്ടാകാം എന്നാണ് പോലീസിന്റെ നിഗമനം.
ഡിവൈഎസ്പി മുഹമ്മദ് റിയാസ്, ഇൻസ്പെക്ടർ പി.ജെ. നോബിൾ, എസ്ഐ കെ.പി. സജീവൻ, എഎസ്ഐ അനിൽകുമാർ, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ ഇ.കെ. മനോജ്, ഐസി മോൾ, മഞ്ജുശ്രീ, ശ്രീജ മോൾ എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.