തിരുവനന്തപുരം: മാത്യു ടി. തോമസിനെതിരേയും കെ. കൃഷ്ണൻകുട്ടിക്കെതിരേയും കടുത്ത നിലപാട് സ്വീകരിക്കാൻ സി.കെ. നാണു വിഭാഗം.
ബിജെപിയുമായി സഖ്യമുണ്ടാക്കിയ ജെഡിഎസ് ദേശീയ നേതൃത്വത്തെ തള്ളിപ്പറഞ്ഞിട്ടും തങ്ങൾക്കൊപ്പം ചേരാത്ത മാത്യു.ടി. തോമസിനെതിരേയും കെ.കൃഷ്ണൻകുട്ടിക്കെതിരേയും സി.കെ. നാണു വിഭാഗം കടുത്ത നിലപാട് തന്നെ എടുത്തേക്കും.
അടുത്ത മാസം 9ന് നടക്കുന്ന യോഗത്തില്‍ പങ്കെടുത്തില്ലെങ്കിൽ മന്ത്രിയെ പിൻവലിക്കണമെന്ന് മുഖ്യമന്ത്രിയോട് സി.കെ. നാണു വിഭാഗം ആവശ്യപ്പെടുമെന്നാണ് അറിയുന്നത്.
ഡിസംബർ ഒൻപതിന് ബംഗളൂരുവിൽ നടക്കുന്ന ദേശീയ കൗണ്‍സിലിൽ പങ്കെടുക്കാൻ മന്ത്രി കെ. കൃഷ്ണൻകുട്ടിക്കും മാത്യു ടി. തോമസ് എംഎൽഎയ്ക്കും നോട്ടീസ് നൽകും.
ഇതിൽ പങ്കെടുത്തില്ലെങ്കിൽ ഇരുവർക്കുമെതിരേ അച്ചടക്ക നടപടി സ്വീകരിക്കും. അതേസമയം സി.കെ നാണു വിഭാഗത്തിന്റെ നീക്കത്തെ അവഗണിക്കാനാണ് സംസ്ഥാന നേതൃത്വത്തിന്റെ തീരുമാനം.
യോഗത്തില്‍ പങ്കെടുക്കുകയോ അതിന് മുന്‍പ് ദേശീയ നേതൃത്വത്തിന്റെ എൻഡിഎ പ്രവേശനത്തെ പിന്തുണയ്ക്കില്ലെന്ന് സംസ്ഥാന നേതൃത്വം പ്രഖ്യാപിക്കുകയോ വേണമെന്നാണ് സി.കെ. നാണു വിഭാഗം ആവശ്യപ്പെടുന്നത്.
എച്ച്.ഡി. ദേവഗൗഡയുടെ ബിജെപി സഖ്യനിലപാടിനെ എതിർത്ത് ഇന്നലെ കോവളത്തു വിളിച്ചു ചേർത്ത ജനതാദൾ- എസ് ദേശീയ നേതൃയോഗത്തിൽ നിന്ന് ജെഡിഎസ് കേരള ഘടകത്തിലെ ദേശീയ വൈസ് പ്രസിഡന്റ് സി.കെ. നാണു ഒഴികെയുള്ള മറ്റു നേതാക്കൾ വിട്ടു നിന്നിരുന്നു.
ജെഡിഎസിന്റെ കേരളത്തിൽ നിന്നുള്ള മന്ത്രി കെ. കൃഷ്ണൻകുട്ടിയും സംസ്ഥാന പ്രസിഡന്റ് മാത്യു ടി. തോമസ് എംഎൽഎയും കോവളത്തെ ദേശീയ എക്സിക്യൂട്ടീവ് യോഗത്തിന് എത്തിയില്ല.
കർണാടക സംസ്ഥാന പ്രസിഡന്റ് സ്ഥാനത്തു നിന്നു ദേശീയ അധ്യക്ഷൻ എച്ച്.ഡി. ദേവഗൗഡ പുറത്താക്കിയ മുൻ കേന്ദ്രമന്ത്രി കൂടിയായ സി.എം. ഇബ്രാഹീം അടക്കമുള്ളവർ കോവളത്തെ യോഗത്തിന് എത്തി.
മന്ത്രി കെ. കൃഷ്ണൻകുട്ടിയും മാത്യു ടി. തോമസും ഇടതു പക്ഷത്തിനൊപ്പമാണോ അതോ ബിജെപിക്ക് ഒപ്പമാണോ എന്നു വ്യക്തമാക്കണമെന്നു കഴിഞ്ഞ ദിവസം സി.എം. ഇബ്രാഹിം ആവശ്യപ്പെട്ടിരുന്നു.
കൂടാതെ എൽഡിഎഫ് മന്ത്രിസഭയിലെ ജെഡിഎസ് പ്രതിനിധി ഇടതു പക്ഷത്തിനൊപ്പമാണോ അതോ ദേഗൗഡയുടെ ബിജെപി സഖ്യത്തിന് ഒപ്പമാണോ എന്ന കാര്യത്തിൽ മുഖ്യമന്ത്രി പിണറായി വിജയനും വ്യക്തത വരുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.