ബേബി സെബാസ്റ്റ്യൻ
ചെമ്പേരി: നാല് പതിറ്റാണ്ട് മുമ്പ് ശ്രീകണ്ഠപുരം കോട്ടൂർ യുപി സ്കൂളിൽ നടന്ന ഇരിക്കൂർ ഉപജില്ലാ ‘യുവജനോത്സവ’ത്തിൽ മത്സരിച്ച് വിജയം നേടിയ വിദ്യാർഥി ഇന്നിതാ പോലീസ് ഓഫീസറായി നെല്ലിക്കുറ്റിയിലെ കലോത്സവ നഗരിയുടെ സുരക്ഷാ ഡ്യൂട്ടിയിൽ.
കഴിഞ്ഞ ഏതാനും വർഷങ്ങളായി ഏവർക്കും സുപരിചിതനായിക്കഴിഞ്ഞിട്ടുള്ള സിനിമാ-സീരിയൽ നടൻ കൂടിയായ സദാനന്ദൻ ചേപ്പറമ്പാണ് കലോത്സവത്തിന് സുരക്ഷയൊരുക്കുന്ന പോലീസ് സംഘത്തിന് നേതൃത്വം നൽകുന്നത്.
ഇപ്പോൾ കുടിയാന്മല പോലീസ് സ്റ്റേഷനിൽ എഎസ്ഐയായഇദ്ദേഹത്തിന്റെ ബാല്യത്തിൽ ശ്രീകണ്ഠപുരം ചേപ്പറമ്പ് ശ്രീനാരായണ വിലാസം എഎൽപി സ്കൂളിൽ വിദ്യാർത്ഥിയായിരിക്കെ അന്ന് സ്കൂൾ യുവജനോത്സവം എന്നറിയപ്പെട്ടിരുന്ന കലാമത്സരങ്ങളിലെ മിമിക്രി, മോണോ ആക്ട്, ഓട്ടൻ തുള്ളൽ തുടങ്ങിയ ഇനങ്ങളിൽ പങ്കെടുത്ത് മോണോആക്ടിൽ ഒന്നാം സ്ഥാനവും മിമിക്രിക്ക് രണ്ടാം സ്ഥാനവും കരസ്ഥമാക്കിയ കൊച്ചു കലാകാരൻ പിന്നീട് യുപി, ഹൈസ്ക്കൂൾ വിഭാഗങ്ങളിലായി മിമിക്രിയിലും മോണോആക്ടിലും നാടകങ്ങളിലും ജില്ലാ തലത്തിൽ വരെ മത്സരിച്ച് നിരവധി സമ്മാനങ്ങൾ നേടിയിരുന്നു.
കുടിയാന്മല എഎസ്ഐ എന്ന നിലയിലാണ് സദാനന്ദൻ കലോത്സവത്തിന്റെ സുരക്ഷാ ഡ്യൂട്ടിക്കായി നെല്ലിക്കുറ്റിയിൽ എത്തിയതെങ്കിലും വിവിധ പ്രദേശങ്ങളിൽ നിന്ന് വന്നിട്ടുള്ള വിദ്യാർത്ഥികൾക്കിടയിൽ സിനിമാതാരമായാണ് തിളങ്ങുന്നത്.
സ്കൂൾ പഠനകാലത്തെ യുവജനോത്സവങ്ങളിലൂടെ പരിപോഷിപ്പിച്ച കലാവൈഭവം മുതലാക്കി സമീപകാലത്ത് മലയാള സിനിമയുടെ ഭാഗമായ സദാനന്ദന് ഇതിനകം മുപ്പത്തിയാറോളം സിനിമകളിൽ വ്യത്യസ്ത കഥാപാത്രങ്ങളെ അവതരിപ്പിക്കാൻ കഴിഞ്ഞിട്ടുണ്ട്.
ജിവിതത്തിൽ യഥാർത്ഥ പോലീസായിരിക്കെ സിനിമയിൽ ഏറെയും ലഭിച്ചത് പോലീസ് വേഷങ്ങളായിരുന്നു. വ്യത്യസ്ത നൂറ്റാണ്ടുകളിലെ പോലിസ് വേഷങ്ങളിൽ അഭിനയിക്കാൻ സാധിച്ചത് അസുലഭ സൗഭാഗ്യമായാണ് സദാനന്ദൻ കരുതുന്നത്.
‘കായംകുളം കൊച്ചുണ്ണി’ എന്ന സിനിമയിൽ രാജഭരണ കാലത്തെ പോലീസായപ്പോൾ ‘അരയാക്കടവിൽ’ ബ്രിട്ടീഷ് ഭരണത്തിലെയും ‘തൊണ്ടിമുതലും ദൃക്സാക്ഷിയും’ എന്ന ചിത്രത്തിൽ ആധുനിക കാലത്തെ പോലീസായുമാണ് വെള്ളിത്തിരയിൽ എത്തിയത്.
ഇതിനകം അഭിനയിച്ച 35 സിനിമകളിൽ 18 എണ്ണത്തിലും വ്യത്യസ്ത പോലിസ് വേഷങ്ങളാണെന്ന അപൂർവ നേട്ടത്തിനുടമ കൂടിയാണ് ഈ പഴയകാല യുവജനോത്സവ പ്രതിഭ.