കോഴിക്കോട്: വീട്ടമ്മയെ കാറില്‍ കയറ്റി കൊണ്ടുപോയി കൊലപ്പെടുത്തി സ്വര്‍ണവും പണവും കവര്‍ന്ന സംഭവത്തില്‍ കൂട്ടുപ്രതികള്‍ക്കായി അന്വേഷണം വ്യാപിപ്പിച്ച് പോലീസ്.
വീട്ടമ്മയെകൊലപ്പെടുത്തിയശേഷം കവര്‍ന്ന സ്വര്‍ണവും പണവും തങ്ങളെ മര്ദിച്ചവശയാക്കിയശേഷം ഒരു സംഘം കൊണ്ടുപോയെന്നാണ് ഇന്നലെ പിടിയിലായ ഗൂഡല്ലൂര്‍ സ്വദേശി സുലൈമാന്‍ പോലീസിന് നല്കിയ മൊഴി.
ഇത് സത്യമാണെന്നാണ് പോലീസ് പ്രാഥമിക അന്വേഷണത്തില്‍ നിന്നും സാഹചര്യതെളിവുകളില്‍ നിന്നും വ്യക്തമായത്. സംഭവത്തില്‍ കൂടുതല്‍ വ്യക്തതവരുത്താന്‍ സുലൈമാനെയും മുഖ്യപ്രതി സമദിനെയും പോലീസ് ഒരുമിച്ചിരുത്തി ചോദ്യം ചെയ്യും.
സേലം പോലീസിന്റെ സഹായത്തോടെ ഇന്നലെ രാവിലെ സേലത്തുവച്ചാണ് സുലൈമാനെ കോഴിക്കോട് കസബ പോലീസ് പിടികൂടിയത്.
കഴിഞ്ഞ ദിവസം അറസ്റ്റിലായ സമദിന്റെ സുഹൃത്താണ് സുലൈമാന്‍. വെള്ളിപറമ്പ് വടക്കെ വീരപ്പൊയില്‍ മുഹമ്മദലിയുടെ ഭാര്യ സൈനബയാണ് (57) ഈ മാസം ഏഴിനു കൊല്ലപ്പെട്ടത്. സുലൈമാന്‍ ലോറി ഡ്രൈവറാണ്.
ഗൂഡല്ലൂരില്‍ നിന്ന് ഇയാള്‍ കോയമ്പത്തുരിലേക്ക് ബസില്‍ പോയതായി വിവരം ലഭിച്ചതിനെത്തുടര്‍ന്ന് അന്വേഷണം കോയമ്പത്തൂരിലേക്ക് വ്യാപിപ്പിച്ചിരുന്നു.
ഇതിനിടയിലാണ് ഇയാൾ സേലത്തുണ്ടെന്ന് സൂചന ലഭിച്ചത്. നിരവധി കേസുകളില്‍ പ്രതിയാണ് സുലൈമാനെന്ന് പോലീസ് പറഞ്ഞു. നേരത്തെ ഗൂഡല്ലൂരില്‍ നിന്ന് പാസ്റ്ററെ തട്ടികൊണ്ടുപോയ കേസിലും ഇയാൾ പ്രതിയാണ്.
കൊലപാതകത്തിനുശേഷം സമദും സുലൈമാനും സുലൈമാന്റെ ഗൂഡല്ലൂരിലെ വീട്ടിലേക്കാണ് പോയത്. അവിടെ വച്ച് പണം വീതം വച്ചു. ആരഭണങ്ങള് സമദിന്റെ പക്കലായിരുന്നു.
പിന്നീട് സുലൈമാനും കൂട്ടാളികളുമെത്തി സമദില്‍ നിന്ന് ആഭരണങ്ങള്‍ തിരച്ചുവാങ്ങി. സുലൈമാനെ മര്‍ദിച്ചവശനാക്കിയശേഷം സുലൈമാന്റെ കൂട്ടാളികള്‍ പണവും ആഭരണങ്ങളും കവര്‍ന്നതായാണ് നിഗമനം.
ഈ മാസം ഏഴിന് കോഴിക്കോട് മൊഫ്യൂസില്‍ ബസ് സ്റ്റാന്‍ഡിന് അടുത്തുനിന്നാണ് സൈനബയെ സമദും സുലൈമാനും ചേര്‍ന്ന് കാറില്‍ കയറ്റി കൊണ്ടുപോയത്.
കാറില്‍ കയറുന്ന സമയത്ത് സൈനബ 15 പവന്റെ ആഭരണങ്ങള്‍ ധരിച്ചിരുന്നു. ബാഗില്‍ മൂന്നു ലക്ഷം രൂപയുമുണ്ടായിരുന്നു. അന്ന് വൈകിട്ട് അഞ്ചരയോടെ മുക്കത്തിനടുത്തുവച്ച് സൈനബ ധരിച്ച ഷാള്‍ കഴുത്തില്‍ മുറുക്കി കൊലപ്പെടുത്തുകയായിരുന്നു.