കൊച്ചി: കണ്ടല സഹകരണ ബാങ്ക് തട്ടിപ്പക്കേസില്‍ ബാങ്ക് മുന്‍ പ്രസിഡന്റും സിപിഐ നേതാവുമായ എന്‍. ഭാസുരാംഗന് ഇന്ന് എന്‍ഫോഴ്സ്മെന്റ് ഡയറക്ടേറ്റി(ഇഡി)നു മുന്നില്‍ ഇന്ന് ഹാജരായേക്കില്ല. ചില അസൗകര്യങ്ങള്‍ കാരണം മറ്റൊരു ദിവസം നല്‍കണമെന്ന് ഭാസുരാംഗന് ഇഡിയോട് ആവശ്യപ്പെട്ടതായാണ് സൂചന.
വീണ്ടും ചോദ്യം ചെയ്യലിനായി കൊച്ചിയിലെ ഓഫീസില്‍ ഇന്ന് ഹാജരാകാന്‍ ഇഡി ഭാസുരാംഗന് നിര്‍ദേശം നല്‍കിയിരുന്നു. സാമ്പത്തിക വിവരങ്ങളും ബാങ്ക് സ്റ്റേറ്റ്മെന്റുകളും നല്‍കാനും ആവശ്യപ്പെട്ടിരുന്നു.
കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി ഭാസുരാംഗനെ കൊച്ചിയിലെ ഓഫീസില്‍ വിളിച്ചുവരുത്തി ഇഡി ചോദ്യം ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് വീണ്ടും ചോദ്യം ചെയ്യാന്‍ ആവശ്യപ്പെട്ടത്.
ഭാസുരാംഗനെയും മകന് അഖില്‍ ജിത്ത്, മകള്‍ ഡോ. അഭിമ എന്നിവരെയും ഇഡി പത്തു മണിക്കൂര്‍ ചോദ്യം ചെയ്തിരുന്നു.
ബാങ്കില്‍ നടന്ന 101 കോടി രൂപയുടെ തട്ടിപ്പിലെ ബന്ധം സംബന്ധിച്ചാണ് ഭാസുരാംഗനെ ഇഡി ചോദ്യം ചെയ്യുന്നത്.
ബാങ്കില്‍ നടന്ന സാമ്പത്തികയിടപാടുകള്‍ സംബന്ധിച്ച വ്യക്തമായ വിവരങ്ങള്‍ ഭാസുരാംഗനും ജീവനക്കാരും മറച്ചുവയ്ക്കുന്നതായാണ് ഇഡി സംശയിക്കുന്നു. ഇതു സംബന്ധിച്ച് വ്യക്തത വരുത്തുന്നതിനാണ് ചോദ്യം ചെയ്യല്‍.