ന്യൂഡൽഹി: ഖത്തറില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട മലയാളിയടക്കം എട്ട് മുന്‍ ഇന്ത്യന്‍ നാവിക സേന ഉദ്യോഗസ്ഥരുടെ മോചനത്തിനായുള്ള നടപടികൾ ഊര്‍ജിതമാക്കി വിദേശകാര്യമന്ത്രാലയം.
വധശിക്ഷയ്ക്കെതിരായി അപ്പീല്‍ നടപടികള്‍ ദ്രുതഗതിയിൽ മുന്നോട്ടുപോകുകയാണെന്നും ഇക്കാര്യത്തിൽ ശുഭാപ്തിവിശ്വാസമാണുള്ളതെന്നും വിദേശകാര്യമന്ത്രാലയ വക്താവ് അരിന്ദം ബാഗ്ചി പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട് ഖത്തര്‍ അധികൃതരുമായി ഇന്ത്യ ഇടപെടല്‍ തുടരുകയാണ്.
ഇന്ത്യന്‍ പൗരന്മാര്ക്ക് നിയമ, കോണ്‍സുലര്‍ സഹായം തുടര്‍ന്നും നല്‍കുമെന്നും അദ്ദേഹം അറിയിച്ചു. കഴിഞ്ഞമാസം 26ന് ആണ് എട്ട് ഇന്ത്യക്കാര്‍ക്ക് ഖത്തര്‍ ഫസ്റ്റ് ഇന്‍സ്റ്റന്‍സ് കോടതി വധശിക്ഷയ്ക്കു വിധിക്കുന്നത്.
ജയിലിലുള്ളവരുടെ കുടുംബാംഗങ്ങളുമായി വിദേശകാര്യ മന്ത്രാലയം ചർച്ച നടത്തിയിരുന്നു. തടവിൽ കഴിയുന്നവരുമായി സംസാരിച്ചെന്നും ബാഗ്ചി അറിയിച്ചു. ഖത്തറിലെ ഒരു കമ്പനിയിൽ ജോലിചെയ്യവെ, ഇസ്രയേലിന്റെ ചാരന്മാരായി പ്രവർത്തിച്ചെന്ന് ആരോപിച്ചാണ് ഇന്ത്യാക്കാരെ ഖത്തർ കസ്റ്റഡിയിലെടുക്കുന്നത്.
ക്യാപ്റ്റൻ നവതേജ് സിംഗ് ഗിൽ, ക്യാപ്റ്റൻ ബീരേന്ദ്ര കുമാർ വർമ, ക്യാപ്റ്റൻ സൗരഭ് വസിഷ്ത്, കമാൻഡർ അമിത് നാഗ്പാൽ, കമാൻഡർ പൂർണേന്ദു തിവാരി, കമാൻഡർ സുഗുണാകർ പകല, കമാൻഡർ സഞ്ജീവ് ഗുപ്ത, മലയാളിയായ നാവികൻ രാഗേഷ് എന്നിവരെയാണ് ഖത്തർ ഇന്റലിജൻസ് ഏജൻസി അറസ്റ്റ് ചെയ്തത്. കേസിൽ ഇവർ പലതവണ ജാമ്യാപേക്ഷ നൽകിയെങ്കിലും ഖത്തർ തള്ളുകയായിരുന്നു.