കോട്ടയം: ഹോട്ടല്‍ ഉടമയെ കുത്തി കൊലപ്പെടുത്തിയ കേസില്‍ അറസ്റ്റിലായ കറുകച്ചാല്‍ കൂത്രപ്പള്ളി തെങ്ങോലി ഭാഗത്ത് കൈനിക്കര വീട്ടില്‍ ജോസ് കെ. തോമസി(45) ന്റെ പേരില്‍ നേരത്തെയും നിരവധി കേസുകളുണ്ടെന്ന് പോലീസ്.
കേസ് അന്വേഷിക്കുന്ന തൃക്കൊടിത്താനം പോലീസ് ഇയാളെ ചോദ്യം ചെയ്യുന്നതു തുടരുകയാണ്. ഹോട്ടലുടമ മാവേലിക്കര തട്ടാരമ്പലം കുടിയൂര്‍ ഭാഗത്ത് ചെമ്പകശേരില്‍ രഞ്ജിത്ത്. എസ് (37) ആണു മരണമടഞ്ഞത്. മാമ്മൂട് ദൈവംപടിയിലുള്ള ഹോട്ടലിലാണു സംഭവം.
പണമിടപാടുമായി ബന്ധപ്പെട്ട വാക്കുതര്‍ക്കമാണ് കത്തിക്കുത്തില്‍ കലാശിച്ചതെന്നു പറയുമ്പോഴും മറ്റു ചില തര്‍ക്കങ്ങളുണ്ടെന്നും പോലീസ് സംശയിക്കുന്നു. ഇയാള്‍ കത്തിയുമായെത്തി കരുതിക്കൂട്ടി നടത്തിയ കൊലപാതകമാണെന്ന് പോലീസ് പറഞ്ഞു. ബുധനാഴ്ച രാത്രി 9.30ന് ഹോട്ടലില്‍ വച്ചാണ് തോമസ് രഞ്ജിത്തിനെ കുത്തി പരിക്കേല്‍പ്പിച്ചത്.
പരിക്കേറ്റ രഞ്ജിത്തിനെ നാട്ടുകാര്‍ ചേര്‍ന്ന് ആദ്യം ചെത്തിപ്പുഴ സെന്റ് തോമസ് ആശുപത്രിയിലും തുടര്‍ന്ന് പരുമലയിലുള്ള ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഇന്നലെ വൈകിട്ടോടെയാണ് ഇയാള്‍ മരിച്ചത്.
ആക്രമത്തിനുശേഷം രക്ഷപ്പെട്ട പ്രതിയെ തൃക്കൊടിത്താനം സ്റ്റേഷന് എസ്എച്ച്ഒ അനൂപ്. ജിയുടെ നേതൃത്വത്തിലാണ് അറസ്റ്റ് ചെയ്തത്. ഇയാളെ ഇന്ന് കോടതിയില്‍ ഹാജരാക്കും. കഴിഞ്ഞ രണ്ടുവര്‍ഷമായി തട്ടാരമ്പലം സ്വദേശിയായ രഞ്ജിത്ത് ഹോട്ടല്‍ ഏറ്റെടുത്തു നടത്തിവരികയായിരുന്നു.