തിരുവനന്തപുരം: നവകേരള സദസിന് സ്കൂൾ ബസ് വിട്ട് നൽകണമെന്ന് വിദ്യാഭ്യാസവകുപ്പിന്റെ നിർദേശം. സംഘാടകർ ആവശ്യപ്പെട്ടാൽ നവകേരള സദസിന്റെ ആവശ്യത്തിന് ബസ്സുകൾ വിട്ട് നൽകണമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ ഉത്തരവിറക്കി.
ബസിന്റെ ഇന്ധനച്ചെലവും ഡ്രൈവറുടെ ബാറ്റയും സംഘാടകർ വഹിക്കണമെന്നാണ് ഉത്തരവിൽ വ്യക്തമാക്കുന്നത്. പൊതുജനങ്ങൾക്ക് പരിപാടികളിൽ പങ്കെടുക്കാനുള്ള സൗകര്യം കണക്കിലെടുത്താണ് നിർദേശമെന്നാണ് വ്യക്തമാക്കുന്നത്.
നേരത്തെ നവകേരള സദസിന് ആള്‍ക്കാരെ എത്തിക്കാന്‍ സ്വകാര്യ ബസുകള്‍ സൗജന്യമായി വിട്ടു നല്‍കണമെന്ന് ബസുടമകളോട് ആവശ്യപ്പെട്ട് മോട്ടോര്‍ വാഹനവകുപ്പധികൃതർ രംഗത്ത് വന്നിരുന്നു. മലപ്പുറത്ത് നാല് ദിവസത്തെ പരിപാടിക്കായി അറുപത് ബസുകള്‍ ആവശ്യപ്പെട്ടതായാണ് അന്ന് സ്വകാര്യ ബസ് ഉടമകള്‍ വെളിപ്പെടുത്തിയത്.
ഉദ്യോഗസ്ഥര്‍ രേഖാമൂലം ആവശ്യപ്പെട്ടാല്‍ ബസുകള്‍ വിട്ടു നല്‍കാമെന്നു സ്വകാര്യ ഉടമകൾ നിലപാടും എടുത്തിരുന്നു. സേവനമെന്ന നിലയിലാണ് ബസുകള്‍ ആവശ്യപ്പെട്ടതെന്നും ആരെയും നിര്‍ബന്ധിച്ചിട്ടില്ലെന്നുമാണ് അന്ന് മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ പ്രതികരിച്ചത്.
അതേ സമയം നവകേരള സദസിനെ തെരഞ്ഞെടുപ്പ് സ്റ്റണ്ടായി മാറ്റി പാർട്ടി പ്രവർത്തനം നടത്തുകയാണ് സർക്കാർ ചെയ്യുന്നതെന്ന് പ്രതിപക്ഷം ആരോപിച്ചു. മുഖ്യമന്ത്രിയും മന്ത്രിമാരും സംസ്ഥാനത്തിന്റെ സാന്പത്തിക സ്ഥിതി മനസ്സിലാക്കാതെ ഒരു കോടിയിൽപരം രൂപ വിലപിടിപ്പുള്ള ആഡംബര ബസിൽ കറങ്ങുന്നത് ജനങ്ങളോടുള്ള വെല്ലുവിളിയാണെന്നാണ് പ്രതിപക്ഷം ആരോപിക്കുന്നത്.