ശ്രീനിവാസനെ നായകനാക്കി സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത പൊൻമുട്ടയിടുന്ന താറാവ് എന്ന ചിത്രം മലയാളത്തിലെ എക്കാലത്തെയും മികച്ച ചിത്രങ്ങളിലൊന്നാണ്.
ശ്രീനിവാസനൊപ്പം ജയറാം, ഇന്നസെന്റ്, ഒടുവിൽ ഉണ്ണിക്കൃഷ്ണൻ, മാമുക്കോയ, ഉർവശി, കെപിഎസി ലളിത, പാർവതി തുടങ്ങിയ ഒരു വലിയ താരനിര തന്നെ ഉണ്ടായിരുന്നു. സത്യൻ അന്തിക്കാട് ചിത്രങ്ങളിൽ കാണുന്ന നാട്ടിൻപുറവും, സാധാരണക്കാരായ നാട്ടുകാരും, അവരുടെ സന്തോഷവും സങ്കടവും വിശേഷങ്ങളുമൊക്കെ ഈ ചിത്രത്തിലും കാണാൻ സാധിക്കും.
1988 ൽ ഇറങ്ങിയ ഈ സിനിമ ഇപ്പോഴും മലയാളികൾക്ക് പ്രിയപ്പെട്ട ചിത്രങ്ങളിൽ ഒന്ന് തന്നെയാണ്. കഥയും തിരക്കഥയും സംവിധാനവും പോലെ തന്നെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത കഥാപാത്രങ്ങളും ഈ സിനിമയുടെ പ്രത്യേകതയായിരുന്നു. അവയെല്ലാം അവതരിപ്പിച്ചതോ അന്നത്തെ മികച്ച അഭിനേതാക്കളും.
തട്ടാൻ ഭാസ്ക്കരനും സ്നേഹലതയും വെളിച്ചപ്പാടും പശുവിനെ കളഞ്ഞ പാപ്പിയും ഹാജ്യാരുമൊക്കെ മലയാളികൾക്ക് പ്രിയപ്പെട്ട കഥാപാത്രങ്ങളാണ്. സിനിമ, പ്രക്ഷകരെ രസിപ്പിച്ചുകൊണ്ട് ക്ലൈമാക്സിലേക്ക് എത്തിയപ്പോഴാണ് അവിടെയും ഒരു ട്വിസ്റ്റ് ഒളിഞ്ഞിരുന്നത്. സിനിമയിൽ ഇടയ്ക്കിടെ ശബ്ദത്തിലൂടെ മാത്രം പ്രത്യക്ഷമാകുന്ന കഥാപാത്രമായിരുന്നു കൽമേയി.
പാർവതിയാണ് ചിത്രത്തിൽ ഗസ്റ്റ് റോളിൽ കൽമേയി ആയി അഭിനയിച്ചത്. എന്നാൽ ആ കഥാപാത്രത്തിലെക്ക് പാർവതി എത്തിയതെങ്ങനെയന്ന് സത്യൻ അന്തിക്കാട് ഒരു എഫ് എമ്മിന് നൽകിയ അഭിമുഖത്തിൽ പറയുകയുണ്ടായി.
കരമന ജനാർദ്ദനന്റെ ഭാര്യ വേഷം അവതരിപ്പിക്കാനായ് വയനാട്ടിൽ നിന്നും ഒരു പെൺകുട്ടിയെ കണ്ട്പിടിച്ചിരുന്നു. എന്നാൽ സിനിമയിൽ ഒറ്റ സീൻ മാത്രം ഉള്ളതിനാലും വയസായ ഒരാളുടെ ഭാര്യാ വേഷം എന്നതിനാലും ആ കഥാപാത്രം അവതരിപ്പിക്കാൻ പെൺകുട്ടി മടിച്ചു.
ആ സമയത്ത് വേറെ ഒരു സിനിമയിൽ അഭിനയിക്കാൻ എത്തിയതായിരുന്നു പാർവതി. അങ്ങനെ പാർവതിയോട് കാര്യം പറഞ്ഞു. കരമന ജനാർദ്ദനന്റെ ഭാര്യയായ് അഭിനയിക്കണം ഒറ്റ സീനെ ഉള്ളൂ എന്നൊക്കെ പറഞ്ഞു.
എന്നാൽ അതൊന്നും പ്രശ്നമല്ലന്നും താൻ ആ റോൾ ചെയ്യാമെന്നും പാർവതി പറഞ്ഞു. അങ്ങനെ പാർവതി കൽമേയി ആയി എത്തിയതോടെ സിനിമയുടെ ഇമേജ് തന്നെ മാറിപ്പോയി. കാരണം അന്ന് മലയാളത്തിൽ കത്തി നിൽക്കുന്ന നായികയായിരുന്നു പാർവതി. അങ്ങനെ ആദ്യം ചിത്രത്തിൽ അഭിനയിക്കില്ലെന്ന് പറഞ്ഞ് പോയ വയനാട്ടുകാരിയോട് എനിക്ക് മനസിൽ നന്ദി തോന്നിപ്പോയെന്നാണ് സത്യൻ അന്തിക്കാട് പറഞ്ഞത്.