ശബരിമല: മണ്ഡല മകരവിളക്ക് മഹോത്സവത്തോടനുബന്ധിച്ച് ഫയര്‍ ആന്‍ഡ് റെസ്ക്യൂ സര്‍വീസിന്റെ പമ്പ, സന്നിധാനം കണ്ട്രോള് റൂമുകള്‍ ഫയര്‍ഫോഴ്സ് ഡയറക്ടര്‍ ജനറല്‍ കെ. പത്മകുമാർ ഉദ്ഘാടനം ചെയ്തു.
ശബരിമല സുരക്ഷാ ക്രമീകരണങ്ങളോടനുബന്ധിച്ച് പ്രവര്‍ത്തനം ആരംഭിച്ച പ്രധാന സ്റ്റേഷനുകളിലും താത്കാലിക സ്റ്റേഷനുകളിലും അദ്ദേഹം സന്ദര്‍ശനം നടത്തി, സുരക്ഷാ ക്രമീകരണങ്ങള്‍ വിലയിരുത്തി.
പമ്പ, സന്നിധാനം കൂടാതെ നിലയ്ക്കല്‍, പള്ളിയറക്കാവ്, പ്ലാപ്പള്ളി, എരുമേലി, കാളകെട്ടി, പന്തളം, മിനിപമ്പ എന്നിവിടങ്ങളിലും താല്കാലിക ഫയര്‍ സ്റ്റേഷനുകള്‍ ആരംഭിച്ചു.
വിവിധ നിലയങ്ങളിലായി 300ഓളം ജീവനക്കാരെയാണ്, 45 അഗ്നിശമന വാഹനങ്ങൾ, അത്യാധുനിക ഉപകരണങ്ങൾ എന്നിവ ഉൾപ്പെടെ സ്പെഷ്യല്‍ ഡ്യൂട്ടിക്കായി വിന്യസിച്ചിരിക്കുന്നത്.
ഇവ കൂടാതെ ജലസുരക്ഷയുടെ ഭാഗമായി പ്രധാന സ്റ്റേഷനുകളിലും വിവിധ കടവുകളിലും പ്രത്യേകം പരിശീലനം ലഭിച്ച സ്കൂബ ടീമിനെ നിയോഗിച്ചിട്ടുണ്ട്.
ഇന്‍ഡോ ടിബറ്റന്‍ ബോര്‍ഡര്‍ പോലീസില്‍ നിന്നു പ്രത്യേകം പരിശീലനം ലഭിച്ച സ്പെഷല്‍ ടാസ്ക് ഫോഴ്സിന്റെ സേവനം പമ്പയിലും സന്നിധാനത്തും ഉണ്ടാകും. ഫയര്‍ സര്‍വീസ് ജീവനക്കാരെക്കൂടാതെ പരിശീലനം ലഭിച്ച സിവില്‍ ഡിഫന്‍സ് വോളണ്ടിയേഴ്സിനേയും ആപതാമിത്ര അംഗങ്ങളെയും എല്ലായിടത്തും നിയേഗിച്ചിട്ടുണ്ട്.
കടവുകളില്‍ വിവിധ ഭാഷകളിലുള്ള അപകട മുന്നറിയിപ്പ് ബോര്‍ഡ് സ്ഥാപിക്കാന്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. തിരക്കുള്ള ഭാഗങ്ങളില്‍ സിസിടിവി സ്ഥാപിക്കുന്നതിനും ദൃശ്യങ്ങള്‍ ഫയര്‍ സര്‍വീസസ് കണ്ട്രോള് റൂമില്‍ ലഭ്യമാക്കുന്നതിനും ദേവസ്വം പൊതുമരാമത്തിന് നിര്‍ദേശം നല്കി.