കല്യാണത്തില്‍ നായകള്‍ക്ക് കാര്യമുണ്ട്, ബൊക്കെയ്ക്ക് പകരം വിവാഹച്ചടങ്ങില്‍ പട്ടിക്കുട്ടികളെ കൈമാറി സാറാ, അറിയാം മൃഗസ്‌നേഹികളുടെ വിവാഹത്തെപ്പറ്റി

m-2വിവാഹത്തിന് ഒഴിച്ചുകൂടാനാവാത്ത സംഗതിയാണ് ബൊക്കെ. സാധാരണ ബൊക്കെ പൂക്കളാല്‍ നിര്‍മിതമാണ്. എന്നാല്‍ മൃഗസ്‌നേഹികളായ ചിലര്‍ ഈ പതിവ് ഒന്നു മാറ്റിപ്പിടിച്ചിരിക്കുകയാണ്. പൂക്കള്‍ക്ക് പകരം നായ്ക്കുട്ടികളെയാണ് ഇവര്‍ ബൊക്കെയായി കൈയ്യിലേന്തിയത്. സുന്ദരിമാരുടെ  കൈയ്യില്‍ ഞെളിഞ്ഞിരിക്കുന്ന നായ്ക്കുട്ടികളുടെ ഗമ ഒന്നു കാണേണ്ടതു തന്നെയാണ്. അമേരിക്കയിലെ പെനിസില്‍ വാനിയയില്‍ നടന്ന വിവാഹത്തിലായിരുന്നു ഈ അപൂര്‍വത.

സാറാ മല്ലോക്ക് എന്ന യുവതിയാണ് തന്റെ വിവാഹത്തിന് ബൊക്കയ്ക്ക് പകരം തെരുവില്‍ നിന്നും കണ്ടെടുത്ത നായ്ക്കളെ കൈയ്യിലേന്തി മാതൃകയായത്. വിവാഹത്തിനു വന്ന സാറയുടെ കൂട്ടുകാരികളും ഇതേ മാതൃക പിന്തുടര്‍ന്നു. തെരുവില്‍ നിന്നും ധാരാളം നായ്ക്കളെ രക്ഷിച്ചെടുത്തതിലൂടെ സാറ മുമ്പേ പ്രശസ്തയാണ്. എട്ടുമാസം പ്രായമുള്ള അഞ്ച് പട്ടിക്കുഞ്ഞുങ്ങളെ  ഈ മാസം ആദ്യം സാറ രക്ഷിച്ചിരുന്നു. അതിനാല്‍ തന്നെ തന്റെ വിവാഹത്തിനു വരുന്നവര്‍ ബൊക്കയ്ക്ക് പകരം ബോക്‌സര്‍ ഇനത്തില്‍പ്പെട്ട നായ്ക്കുഞ്ഞുങ്ങളെ കൈയ്യിലേന്തണമെന്നാണ് സാറ സുഹൃത്തുക്കളോട് ആവശ്യപ്പെട്ടത്. നായ്ക്കുട്ടികളെ വിവാഹവേദിയില്‍ എത്തിച്ചതും സാറ തന്നെയായിരുന്നു.

പ്രതിശുദ്ധ വരന്‍ മാറ്റ് ക്രെയിനും ഇക്കാര്യത്തില്‍ സാറയെ പിന്തുണച്ചു. മാറ്റിന് നായ്ക്കളുമായി ഇടപെട്ട് അധികം പരിചയമില്ലെന്നു പറയുന്ന സാറ ഏതാനും വര്‍ഷം കൊണ്ട് മാറ്റിനെ ഒരു പട്ടിമനുഷ്യനാക്കി മാറ്റുമെന്നും തമാശയായി പറയുന്നു. ഇവര്‍ ഇപ്പോള്‍ താമസിക്കുന്ന എലിസബത്ത് ടൗണില്‍ പിറ്റീസ് ലവ് പീസ് എന്ന സംരംഭത്തിന്റെ രൂപികരണത്തില്‍ പ്രധാനപങ്കു വഹിച്ചതും  ക്രെയിനാണ്. പിറ്റ് ബുള്‍ നായ്ക്കളെ സംരക്ഷിക്കുകയാണ്് ഇതിന്റെ പ്രധാന ഉദ്ദേശ്യം. അതിന്റെ ഭാഗമായിയാണ് അഞ്ചു നായ്ക്കുട്ടികളെ കൊണ്ടുവരുന്നതും. ഒറ്റ പ്രസവത്തില്‍ ജനിച്ച ഇവയ്ക്ക് മാര്‍ത്താ, അബിഗെയില്‍, ഡോളി, എലിസബത്ത്, ലൂയിസാ എന്നാണ് പേരു നല്‍കിയിരിക്കുന്നത്. ഇപ്പോള്‍ ഇവയെല്ലാം അഞ്ച് വ്യത്യസ്ഥ വ്യക്തികളുടെ വീടുകളിലാണ് വളരുന്നതെങ്കിലും തന്റെ വിവാഹത്തിന് ഇവര്‍ ഉണ്ടാവണമെന്നത് സാറയുടെ നിര്‍ബന്ധമായിരുന്നു.

വിവാഹ ഫോട്ടോകള്‍ മൃഗങ്ങള്‍ക്ക് സംരക്ഷണമൊരുക്കുന്നതിലേക്ക് കൂടുതല്‍ ആളുകള്‍ക്ക് പ്രചോദമാകുമെന്ന് സാറ വിശ്വസിക്കുന്നതായി ക്രെയിന്‍ പറയുന്നു. സാറ-ക്രെയിന്‍ ദമ്പതിമാരുടെ ശേഷിക്കുന്ന ജീവിതം നായകള്‍ക്കു വേണ്ടിയാണെന്നോര്‍ത്ത് നായകുടുംബത്തിലെ മറ്റുള്ളവര്‍ക്ക് ആശ്വസിക്കാം..

Related posts