കേരളത്തിന് പിന്നാലെ തമിഴ് നാട്ടിലും റോബിൻ ബസിന് പിഴ. സർവീസ് പുനരാരംഭിച്ചതിന് പിന്നാലെയാണ് തമിഴ് നാട്ടിൽ നിന്നും ബസിന് പിഴ ചുമത്തിയത്. 70410 രൂപയാണ് കോയമ്പത്തൂർ ചാവടി ചെക് പോസ്റ്റിൽ വച്ച് ബസിന് ചുമത്തിയ പിഴ. സർവീസ് അനുമതിയില്ലാതെ നടത്തിയതാണ് കാരണം.
വാഹന ഉടമ തുടർന്ന് ഒരാഴ്ചത്തെ ടാക്സും പിഴയും അടച്ചു. തുക അടച്ചതിനാൽ നവംബർ 24വരെ തമിഴ്നാട്ടിലേക്ക് സർവീസ് നടത്താവുന്നതാണ്. 30000 രൂപയാണ് കേരളത്തിൽ തന്നെ നാലിടങ്ങളിലായ് ബസിന് ചുമത്തിയ പിഴ. പത്തനംതിട്ട ബസ് സ്റ്റാൻഡിൽ നിന്നും സർവീസ് ആരംഭിച്ച് മിനിറ്റുകൾക്കുള്ളിലാണ് ബസിന് ഉദ്യോഗസ്ഥർ പിഴ ചുമത്തിയത്.
7500 രൂപ പെർമിറ്റ് ലംഘനത്തിനെതിരെ രാവിലെ പിഴ ചുമത്തി. തുടർന്ന് യാത്ര തുടർന്ന ബസ് പാലായിലും അങ്കമാലിയിലും തടഞ്ഞ് പരിശോധിച്ചിരുന്നു. എന്നാൽ സംഭവത്തിൽ മോർട്ടോർ വാഹന വകുപ്പ്, കോൺട്രാക്ട് ഗ്യാരേജ് പെർമിറ്റുള്ള ബസ് സ്റ്റേജ് ഗ്യാരേജ് ആക്കി ഓടിയതിനാലാണ് പിഴ ഈടാക്കിയതെന്ന് പറഞ്ഞു.
എന്നാൽ റോബിൻ ബസിന് വെല്ലുവിളിയായി കെഎസ്ആർടിസി ആരംഭിച്ച ലോ ഫ്ലോർ ബസ് യാത്ര തുടങ്ങിയത് യാത്രക്കാരില്ലാതെയായിരുന്നു. 596 രൂപയാണ് പത്തനംതിട്ടയിൽ നിന്ന് കോയമ്പത്തൂരിലേക്ക് ലോഫ്ലോർ ബസിന്റെ ടിക്കറ്റ് നിരക്ക്. എന്നാൽ 650 രൂപയാണ് റോബിൻ ബസിന്റെ ടിക്കറ്റ് നിരക്ക്.