റാഞ്ചി: സർക്കാർ ജോലി ലഭിക്കാൻ പിതാവിനെ കൊലപ്പെടുത്താൻ പദ്ധതിയിട്ട മകൻ അറസ്റ്റിൽ. അമിത് മുണ്ട(25) ആണ് അറസ്റ്റിലായത്.
സെൻട്രൽ കോൾഫീൽഡ് ലിമിറ്റഡിലെ (സിസിഎൽ) ജീവനക്കാരനായ പിതാവ് റാംജി മുണ്ടയെ വധിക്കാനാണ് അമിത് പദ്ധതി ആസൂത്രണം ചെയ്തത്. ഇതിനായി കൊലയാളികൾക്ക് അമിത് ക്വട്ടേഷൻ നൽകുകയും ചെയ്തു.
നവംബർ 16ന് രാംഗഢ് ജില്ലയിലെ മത്കാമ ചൗക്കിൽ വച്ച് ബൈക്കിലെത്തിയ അജ്ഞാതർ റാംജി മുണ്ടയ്ക്ക് നേരെ വെടിവച്ചു. ഗുരുതര പരിക്കുകളോടെ അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്ത പോലീസ് അന്വേഷണത്തിനിടെ മകന്റെ പങ്ക് കണ്ടെത്തുകയായിരുന്നു. തുടർന്ന് ഇയാളുടെ അറസ്റ്റും രേഖപ്പെടുത്തി.
പിതാവ് മരിച്ചു കഴിഞ്ഞാൽ അദ്ദേഹത്തിന്റെ ജോലി തനിക്ക് ലഭിക്കുമെന്ന ആഗ്രഹത്താലാണ് പ്രതി കൊലപാതകം ആസൂത്രണം ചെയ്തതെന്ന് പോലീസ് വ്യക്തമാക്കി.
റാംജി മുണ്ടയെ വെടിവച്ച കൊലയാളികൾ നിലവിൽ ഒളിവിലാണ്. ഇവരെ കണ്ടെത്താനുള്ള ശ്രമം നിലവിൽ തുടരുകയാണെന്നും പോലീസ് അറിയിച്ചു.