കാൻബറ: കൊലയാളിയെന്നു ദുഷ്പേരുള്ള പക്ഷിയാണ് “കാസവരി’. തീവിഴുങ്ങിപ്പക്ഷി എന്നാണു മലയാളത്തിൽ ഇതറിയപ്പെടുന്നത്. ആപത്തു വരുന്നുവെന്നു തോന്നിക്കഴിഞ്ഞാൽ ഇവ അക്രമകാരികളാകും.
മനുഷ്യരെപ്പോലും കടന്നാക്രമിക്കും. കനത്ത നഖങ്ങളുള്ള കാലുകൾകൊണ്ട് തൊഴിക്കലാണ് ഇവയുടെ അക്രമരീതി. തൊഴിയേറ്റാൽ മരണം വരെ സംഭവിക്കും. 2019ൽ ഫ്ലോറിഡയിൽ ഈ പക്ഷി ഒരാളെ കൊന്ന സംഭവമുണ്ടായിരുന്നു. 75 വയസുള്ള മാർവിൻ ഹാജോസ് എന്നയാളാണു കാസവരി പക്ഷിയുടെ ആക്രമണത്തിൽ അന്നു കൊല്ലപ്പെട്ടത്.
വടക്കു-കിഴക്കൻ ക്വീൻസ്ലാൻഡിലെ മഴക്കാടുകളിലും അടുത്തുള്ള ദ്വീപുകളിലും പാപ്പുവ ന്യൂഗിനിയയിലും ഒക്കെയാണ് പൊതുവെ ഇവയെ കാണുന്നത്. വെള്ളത്തിൽ അനായാസമായി നീന്തുന്ന ഇവയ്ക്ക് ഒട്ടകപ്പക്ഷി, എമു എന്നിവയുമായി നല്ല സാമ്യമുണ്ട്. തലയിൽ ഹെൽമറ്റ് പോലെയുള്ള ഭാഗം ഇവയ്ക്കു ഗാംഭീര്യത്തോടൊപ്പം ഭീകരതയും പകരുന്നു.
അപൂർവമായാണ് ഇവ മനുഷ്യനു മുന്നിലെത്തുക. എന്നാൽ കഴിഞ്ഞ ദിവസം ഓസ്ട്രേലിയയിലെ ഒരു ബീച്ചിലേക്ക് ഒരു കൂറ്റൻ കാസവരി കടലിൽനിന്നു നീന്തിയെത്തി. ഇതു കണ്ട ബീച്ചിലെ സന്ദർശകർ ഭയന്നോടിയെന്നാണു റിപ്പോർട്ട്. വിവരമറിഞ്ഞെത്തിയ വന്യജീവി വകുപ്പ് അധികൃതർ ഇതിനെ പിന്നീടു ബീച്ചിൽനിന്നു തുരത്തി അപകടമൊഴിവാക്കി.