കന്യാകുമാരി: ഒരു വയസുകാരനായ മകനെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ അമ്മയെയും കാമുകനെയും പോലീസ് അറസ്റ്റ് ചെയ്തു. കന്യാകുമാരിയിലെ അഞ്ചുഗ്രാമത്തിലാണ് ക്രൂരമായ കൊലപാതകം നടന്നത്.
ഇരയുമൻതുറ സ്വദേശി ചീനുവിന്റെ മകൻ അരിസ്റ്റോ ബ്യൂലൻ ആണ് കഴിഞ്ഞ വ്യാഴാഴ്ച കൊലപ്പെട്ടത്. വിശന്ന് കരഞ്ഞ കുട്ടിയുടെ വായിൽ മദ്യമൊഴിച്ചശേഷം തലയ്ക്കടിച്ച് കൊലപ്പെടുത്തിയെന്നാണ് കേസ്.
കൊലപാതകത്തിനുശേഷം ഒളിവിൽ പോയ കുട്ടിയുടെ അമ്മ പ്രബിഷ (27), കാമുകനായ നിദ്രവിള സമത്വപുരം സ്വദേശി മുഹമ്മദ് സദാം ഹുസൈൻ (32) എന്നിവരെ പോലീസ് പിടികൂടി.
മത്സ്യത്തൊഴിലാളിയായ ചീനുവിന്റെ ഭാര്യയാണ് പ്രബിഷ. അടുത്തിടെ പ്രദേശവാസിയായ മുഹമ്മദ് സദാം ഹുസൈനുമായി പ്രബിഷ പ്രണയത്തിലായി. ഈ ബന്ധം അറിഞ്ഞതോടെ ചീനുവിനും പ്രബിഷയ്ക്കുമിടയിൽ നിരന്തരം വഴക്കുണ്ടാകുന്നത് പതിവായിരുന്നു. രണ്ടു മക്കളാണ് ചീനുവിനും പ്രബിഷയ്ക്കും ഉണ്ടായിരുന്നത്.
വഴക്ക് കൂടിയതോടെ ഇളയമകൻ അരിസ്റ്റോ ബ്യൂലനെയും കൂട്ടി പ്രബീഷ കാമുകനൊപ്പം നാടുവിട്ടു. ഇരുവരും ഒരുമിച്ച് താമസിച്ച് വരവെയാണ് കൊലപാതകം.
വിശപ്പ് കാരണം കുട്ടി കരഞ്ഞതോടെ മദ്യലഹരിയിലായിരുന്ന മുഹമ്മദ് കുട്ടിയുടെ വായിലേക്ക് മദ്യം ഒഴിച്ചു കൊടുത്തു. ഇതോടെ കുട്ടിയുടെ കരച്ചിൽ ശക്തമായി. പ്രകോപിതനായ മുഹമ്മദ് കുട്ടിയുടെ കഴുത്ത് ഞെരിക്കുകയും തലയിൽ അടിക്കുകയുമായിരുന്നുവെന്നു പറയുന്നു.