കാവ്യാ ദേവദേവൻ
പാതി മലയാളിയായ പൂനെക്കാരൻ എന്ന വിശേഷണവുമായി മലയാള സിനിമയിലേക്ക് ചുവടുവച്ച നടനാണ് അർജുൻ രാധാകൃഷ്ണൻ. ഒരു കോർപറേറ്റ് സ്ഥാപനത്തിലെ ജീവനക്കാരനായിരുന്ന ഈ ചെറുപ്പക്കാരന്റെ ഉള്ളു നിറയെ സിനിമ ആയിരുന്നു. പെട്ടെന്നൊരു ദിവസം സിനിമ തന്നെയാണ് ലോകമെന്ന് അയാളുടെ മനസ് പറഞ്ഞു.
അപ്പോതന്നെ രാജിക്കത്തും കൊടുത്ത് അവിടെ നിന്നിറങ്ങി. അഭിനയമോഹവുമായി മുംബൈക്ക് വണ്ടി കയറി. പ്രതീക്ഷിച്ചതുപോലെ അത്ര എളുപ്പമായിരുന്നില്ല കാര്യങ്ങൾ. എന്നിട്ടും നല്ല ശന്പളമുണ്ടായിരുന്ന ജോലി രാജിവച്ചത് അബദ്ധമായി തോന്നിയില്ല. സിനിമ എന്ന തീവ്ര ആഗ്രഹത്തിനു മുന്നിൽ തോറ്റു കൊടുക്കാൻ തയാറായില്ല. പരിശ്രമിച്ചുകൊണ്ടേയിരുന്നു.
മുംബൈയിലെത്തി ഏകദേശം ആറ് വർഷത്തിനുശേഷമാണ് ആദ്യ അവസരം ലഭിച്ചത്. പിന്നീടങ്ങോട്ട് തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല. തൊട്ടതെല്ലാം പൊന്നാക്കി മാറ്റിയ യുവനടൻ.
തന്റെ ആറ് വർഷക്കാലത്തെ കാത്തിരിപ്പിന് അർജുൻ രാധാകൃഷ്ണന് മാധുര്യം ഏറെയാണ്. ജനിച്ചതും വളർന്നതും പഠിച്ചതുമെല്ലാം പൂനെയിൽ. എങ്കിലും കേരളവുമായി രക്തബന്ധമുണ്ട് അർജുന്. പിതാവ് സുകുമാര രാധാകൃഷ്ണൻ ആലുവ സ്വദേശിയാണ്. മാതാവ് ലത നാഗർകോവിൽ സ്വദേശിയും.
മലയാളക്കരയുമായി രക്തബന്ധമുള്ള അർജുൻ മൂന്ന് മലയാള ചിത്രങ്ങളിലാണ് അഭിനയിച്ചിട്ടുള്ളത്. ബോളിവുഡിലൂടെ അരങ്ങേറ്റം കുറിച്ച അർജുന് തന്റെ മികച്ച പ്രകടനം കൊണ്ട് വേഗത്തിൽ പ്രേക്ഷകമനസിൽ കയറാൻ സാധിച്ചു.
കമൽ കെ.എം. സംവിധാനം ചെയ്ത പടയിലെ കളക്ടർ അജയ് ശ്രീപദ് ഡാങ്കെയിലൂടെ തുടങ്ങി റോബി വർഗീസ് രാജിന്റെ കണ്ണൂർ സ്ക്വാഡിലെ അമീറിൽ എത്തി നിൽക്കുന്പോൾ ഈ ചെറുപ്പക്കാരൻ താണ്ടിയ വഴികൾ അത്ര അനായാസമായിരുന്നില്ല. രാഷ്ട്ര ദീപികയോട് അർജുൻ രാധാകൃഷ്ണൻ സംസാരിക്കുന്നു.
? കഥാപാത്രത്തിനായുള്ള മുന്നൊരുക്കങ്ങൾ
2017ൽ റിലീസായ ശ്രീലാൻസർ എന്ന ഹിന്ദി ചിത്രത്തിലൂടെയാണ് അരങ്ങേറ്റം. റോക്കറ്റ് ബോയ്സിൽ ഡോ. എ.പി.ജെ. അബ്ദുൾ കലാമായി വേഷമിട്ടു. പിന്നീട് ഝൂണ്ടിൽ അമിതാഭ് ബച്ചന്റെ മകനായി അഭിനയിച്ചു. ഇതിനു മുൻപ് കുറെ പരസ്യങ്ങളിൽ അഭിനയിച്ചിരുന്നു. മലയാളത്തിലെ ആദ്യ ചിത്രം ഡിയർ ഫ്രണ്ട് ആണ്. അതിനുശേഷം പട. അവിടെനിന്നു കണ്ണൂർ സക്വാഡിലേക്ക്. ‘പട’യിലെ അഭിനയം കണ്ടിട്ടാണ് സംവിധായകൻ റോബി കണ്ണൂർ സ്ക്വാഡിലേക്ക് വിളിക്കുന്നത്.
ഒരു സിനിമ ചെയ്യുന്നതിനു മുൻപ് കൃത്യമായ മുന്നൊരുക്കം എല്ലായ്പ്പോഴും നടത്താറുണ്ട്. പാതി മലയാളി ആയതുകൊണ്ടുതന്നെ ഭാഷ ഒരു ബുദ്ധിമുട്ടായി അന്നും ഇന്നും തോന്നിയിട്ടില്ല. ശരീരഘടനയിലും ആക്ഷനിലും ഭാവങ്ങളിലുമൊക്കെ എന്തെങ്കിലും മാറ്റം വേണ്ടി വന്നാൽ സംവിധായകന്റെ നിർദേശാനുസരണം ചെയ്യാറുണ്ട്.
പടയിൽ കളക്ടർ അജയായി സ്ക്രീനിൽ എത്താൻ പത്ത് കിലോ വരെ ശരീരഭാരം കൂട്ടേണ്ടി വന്നു. വളരെ പക്വതയുള്ള കഥാപാത്രമായിരുന്നു കളക്ടർ അജയ്. അതുകൊണ്ടുതന്നെ നല്ല രീതിയിൽ മുന്നൊരുക്കങ്ങൾ നടത്തിയിരുന്നു. സുഹൃത്തിന്റെ അച്ഛൻ ഐഎഎസ് ഓഫീസറാണ്. ഷൂട്ട് തുടങ്ങുന്നതിനു മുൻപ് ഞാൻ കളക്ടറുടെ ഓഫീസിൽ പോയിരുന്നു.സംവിധായകനോടും എഴുത്തുകാരനോടും അവരുടെ വീക്ഷണത്തിൽ കഥാപാത്രത്തെ നോക്കി കാണുന്നതെങ്ങനെയെന്ന് ചോദിക്കാറുണ്ട്. അവർ പറഞ്ഞുതന്ന കാര്യങ്ങൾ കൂടി മനസിൽ വച്ചാണ് ഹോംവർക്ക് ചെയ്യാറുള്ളത്. ഫിക്ഷനൊക്കെ ചെയ്യുന്പോൾ കഥയെ സംബന്ധിച്ച് ആഴത്തിൽ വായന നടത്താറുണ്ട്.
? ഭാഷ ഒരു തടസമാകാറുണ്ടോ
പാതി മലയാളി ആയതുകൊണ്ട് ഭാഷ അത്ര ബുദ്ധിമുട്ടായി തോന്നാറില്ല. എങ്കിലും ഒരു തമിഴ് കലർന്ന മലയാളമായിരുന്നു ആദ്യകാലത്ത്. ഇപ്പോൾ അതൊരു തടസമല്ല. നന്നായി മലയാളം എഴുതാനും വായിക്കാനും പഠിച്ചു. ഹിന്ദിക്കും മലയാളത്തിനും പുറമെ ഒരു മറാഠി ചത്രത്തിൽ അഭിനയിച്ചിട്ടുണ്ടായിരുന്നു. ഭാട്ട് എന്നാണ് ചിത്രത്തിന്റെ പേര്.
? അഭിനയം പഠിക്കേണ്ടതുണ്ടോ
ഞാൻ ഒരു സ്ഥാപനത്തിലും പോയി അഭിനയം പഠിച്ചിട്ടില്ല. അഭിനയം പഠിച്ചതു കൊണ്ടുമാത്രം ഒരാൾ നല്ല നടനോ നടിയോ ആകണമെന്നും ഇല്ല. അഭിനയം ഒരു ലൈഫ്സ്റ്റൈൽപോലെയാണ്. എല്ലാ ദിവസവും പുതിയതായി മനസിലാക്കിക്കൊണ്ടിരിക്കുന്ന ഒരു കലയാണ് അഭിനയം.
? ഏതെങ്കിലും ഒരു പ്രത്യേക കഥാപാത്രം
ചെയ്യാൻ ആഗ്രഹമുണ്ടോ
ഡ്രാമ, ത്രില്ലർ എന്നീ വിഭാഗങ്ങളാണ് പൊതുവെ ചെയ്തിട്ടുള്ളത്. ലവ് സ്റ്റോറി, റൊമാൻസ്, മുഴുനീള ആക്ഷൻ ചിത്രങ്ങൾ ഒക്കെ ചെയ്യാൻ ആഗ്രഹമുണ്ട്. കണ്ണൂർ സ്ക്വാഡ് പോലൊരു സിനിമയുടെ ഭാഗമായതിൽ വളരെ അധികം സന്തോഷമുണ്ട്. മെഗാ സ്റ്റാർ മമ്മൂട്ടിയോടൊപ്പം അഭിനയിക്കാൻ സാധിച്ചു. നല്ല ഭയത്തോടെയാണ് അദ്ദേഹത്തോടൊപ്പമുള്ള സീൻ ചെയ്തത്. എന്നാൽ എന്നെ കൂളാക്കാനാണ് അദ്ദേഹം ശ്രമിച്ചത്.
? കുടുംബം
മാതാപിതാക്കൾ പൂനെയിലാണ്. ഞാൻ ജനിച്ചതും വളർന്നതും പഠിച്ചതും പൂനെയിലാണ്. പൂനെ ഫെർഗൂസൻ കോളജിൽ സ്റ്റാറ്റിസ്റ്റിക്സ് ബിരുദം നേടി. പഠിക്കുന്ന സമയത്ത് പൂനൈ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ അഡ്മിഷനു ശ്രമിച്ചിരുന്നു. നിർഭാഗ്യവശാൽ കിട്ടിയില്ല.
എൻട്രൻസിന്റെ അവസാന റൗണ്ട് വരെ എത്തിയിരുന്നു. പിന്നീട് ഒരു കോർപ്പറേറ്റ് കന്പനിയിൽ ജോലിക്കു കയറി. സിനിമാ മോഹവുമായി ഇറങ്ങിയ എനിക്ക് കുടുംബം വലിയ പിന്തുണ തന്നു. അങ്ങനെ മുംബൈയിലേക്ക് പോകാമെന്ന് തീരുമാനിച്ചു.
അവിടെ എത്തിയാൽ ധാരാളം അവസരങ്ങൾ കിട്ടുമെന്നും സിനിമയെക്കുറിച്ച് ഒരുപാട് പഠിക്കാനും സാധിക്കുമെന്ന പ്രതീക്ഷയായിരുന്നു. എന്നാൽ പ്രതീക്ഷിച്ചതിനു വിപരീതമായിരുന്നു കാര്യങ്ങൾ.
പിന്നീടുള്ള യാത്ര എളുപ്പമായിരുന്നില്ല. ഒരുപാട് കാതങ്ങൾ താണ്ടേതായുണ്ടെന്ന് മനസിലായി. പരാജയപ്പെട്ടിടത്ത് തോറ്റു കൊടുക്കാൻ തയാറായില്ല. ഒരു ശ്രമവും വിഫലമായില്ല.
അവസരങ്ങൾക്കായി നടന്ന കാലത്ത് പരസ്യങ്ങളിൽ അഭിനയിച്ചു. കുറെ വോയ്സ് ഓവറുകൾ നൽകി. അപ്പോഴും സിനിമ എന്ന ആഗ്രഹത്തിലേക്ക് എത്തിയില്ല. എല്ലാവരുടെയും പിന്തുണകൊണ്ടും പരിശ്രമം കൊണ്ടുമാണ് ഇത്രവരെ എത്താൻ സാധിച്ചത്. ഇനിയും ഒരുപാട് ദൂരം താണ്ടാനുണ്ട്.