കൊച്ചി: ഗോവയില്‍ കൊല്ലപ്പെട്ട എറണാകുളം തേവര പെരുമാനൂര്‍ സ്വദേശി ജെഫ് ജോണ്‍ ലൂയീസിന്റെ കൊലപാതകക്കേസില്‍ പോലീസ് കുറ്റപത്രം തയാറാക്കി വരുന്നു. കുറ്റപത്രം ഉടന്‍ സമര്‍പ്പിക്കാനുള്ള ഒരുക്കത്തിലാണ് അന്വേഷണ സംഘം.
ഗോവയിലെ ബീച്ചിന് സമീപത്തുനിന്നും 2021ല്‍ കണ്ടെത്തിയ അജ്ഞാത മൃതദേഹം തേവര പെരുമാനൂരില്‍നിന്ന് കാണാതായ ജെഫ് ജോണ്‍ ലൂയീസിന്റേത് സ്ഥിരീകരിച്ച് ഡിഎന്‍എ പരിശോധനാഫലം കഴിഞ്ഞ ദിവസം പോലീസിനു ലഭിച്ചിരുന്നു.
കഴിഞ്ഞിടെ ലഹരിക്കേസില്‍ പിടിയിലായ ഒരു പ്രതിയുടെ വെളിപ്പെടുത്തലിനെത്തുടര്‍ന്നാണ് ഡിഎന്‍എ പരിശോധന നടത്തിയത്.സാമ്പത്തിക തര്‍ക്കത്തെത്തുടര്‍ന്ന് ജെഫിനെ ഗോവയിലെത്തിച്ച് കൊലപ്പെടുത്തിയെന്നായിരുന്നു വെളിപ്പെടുത്തല്‍. കേസിലെ അഞ്ചു പ്രതികളും ഇപ്പോള്‍ ജയിലിലാണ്.
2021ല്‍ അഴുകിയ നിലയിലാണ് മൃതദേഹം ഗോവ പോലീസ് കണ്ടെത്തിയത്. ലഹരിക്കേസില്‍ പിടിയിലായ പ്രതിയുടെ വെളിപ്പെടുത്തലിനെത്തുടര്‍ന്ന് ജെഫിന്റെ മൊബൈല്‍ ഫോണ്‍ രേഖകളും യാത്രാവിവരങ്ങളും കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ കോട്ടയം വെള്ളൂര്‍ സ്വദേശി അനില്‍ ചക്കോ (28), ഇയാളുടെ പിതൃസഹോദരന്റെ മകന് സ്റ്റൈഫിന്‍ തോമസ് (24), വയനാട് വൈത്തിരി സ്വദേശി ടി.വി. വിഷ്ണു (25) എന്നിവര്‍ അറസ്റ്റിലായിരുന്നു.
2021 നവംബറില്‍ ഗോവയില്‍ പുതിയ ബിസിനസ് ആരംഭിക്കാമെന്നു പറഞ്ഞ് ജെഫിനെ പ്രതികള്‍ ഗോവയിലെത്തിച്ച് ആളൊഴിഞ്ഞ കുന്നിന് ചെരുവില്വച്ച് കല്ലുകൊണ്ട് തലയ്ക്കടിച്ചും കത്തി കൊണ്ട് കഴുത്തില്‍ കുത്തിയും ക്രൂരമായി കൊലപ്പെടുത്തുകയായിരുന്നു. കേസില്‍ തമിഴ്നാട് സ്വദേശികളായ രണ്ടുപേരെയും പോലീസ് കഴിഞ്ഞിടെ അറസ്റ്റ് ചെയ്തിരുന്നു.