പെരുമ്പാവൂർ: ബസിൽ സ്കൂളിലേക്കു പോകവെ, വിദ്യാർഥിയുടെ മുഖത്ത് കെഎസ്ആർടിസി കണ്ടക്ടർ പേന കൊണ്ട് കുത്തിയതായി പരാതി.
പുല്ലുവഴി ജയകേരളം സ്കൂളിലെ വിദ്യാർഥിക്കാണു പരിക്കേറ്റത്. സംഭവത്തിൽ ആലുവ – മൂവാറ്റുപുഴ റൂട്ടിൽ സർവീസ് നടത്തുന്ന ബസിലെ കണ്ടക്ടർ കീഴില്ലം സ്വദേശി വിമലിനെതിരേ പോലീസ് കേസെടുത്തു.
ഇന്നലെ രാവിലെ വിദ്യാർഥി സ്കൂളിലേക്കു പോകുന്നതിനിടെയായിരുന്നു സംഭവം. ലഗേജ് വയ്ക്കുന്ന ബെർത്തിൽ വിദ്യാർഥി ബാഗ് വയ്ക്കാതിരുന്നതാണ് സംഭവത്തിനു കാരണമെന്നാണ് അറിയുന്നത്. ബെർത്തിൽ സ്ഥലമില്ലാത്തതിനാലാണു ബാഗ് വയ്ക്കാതിരുന്നതെന്ന് പറയപ്പെടുന്നു.
വിദ്യാർഥിയോട് അസഭ്യം പറഞ്ഞശേഷം മുഖത്ത് പേനകൊണ്ട് കുത്തിയെന്നാണു പരാതി. വിദ്യാർഥിയുടെ മാതാപിതാക്കളുടെ പരാതിയുടെ അടിസ്ഥാനത്തിലാണു പെരുമ്പാവൂർ പോലീസ് കേസെടുത്തത്.