സുകുമാരന്റെയും മല്ലിക സുകുമാരന്റെയും മകനാണെങ്കിലും പൃഥ്വിരാജിന്റെ സിനിമാപ്രവേശനത്തിന് അതൊന്നും തുണയായിട്ടില്ല. സിനിമയിലെത്താന്‍ വലിയ താല്പര്യമൊന്നുമില്ലായിരുന്ന പൃഥ്വി സിനിമയിലെത്തിയ കഥ ഇങ്ങനെ.
സംവിധായകന് ഫാസില്‍ മദ്രാസിലുള്ള നടി മല്ലികയുടെ വീട് വാടകയ്ക്കെടുത്തിരുന്നു. സിനിമ ചര്‍ച്ചകള്‍ക്കും മറ്റുമായിട്ടായിരുന്നു ഇത്. വിദ്യാര്‍ഥിയായിരുന്ന പൃഥ്വിക്കായിരുന്നു വാടക പിരിക്കാനുള്ള ചുമതല. ഒരിക്കല്‍ വാടക വാങ്ങാനായി മല്ലികയുടെ മകന് പൃഥ്വിരാജ് ചെന്നപ്പോള്‍ ഫാസിലിനെ കാണുകയും പരിചയപ്പെടുകയും ചെയ്തു. ഉടന്‍ ഫാസില്‍ മല്ലികയെ വിളിച്ച് പൃഥ്വിരാജിനെ സ്ക്രീന്‍ ടെസ്റ്റിനായി ആലപ്പുഴയിലേക്ക് അയക്കണമെന്നു പറഞ്ഞു.
പൃഥ്വിരാജ് ചെല്ലുകയും സ്ക്രീന്‍ ടെസ്റ്റ് ചെയ്യുകയും ചെയ്തു. എന്നാല്‍ അന്നത്തെ കഥയ്ക്ക് നായികയെ കിട്ടാഞ്ഞതിനാല്‍ ആ പ്രോജക്ട് മാറ്റി വച്ചു. അനിയത്തിപ്രാവായിരുന്നു ആ സിനിമ. എന്തായാലും പൃഥ്വിയ്ക്ക് അനിയത്തിപ്രാവ് നഷ്ടപ്പെട്ടു. പിന്നീട് കുഞ്ചാക്കോ ബോബന് നായകനായി അരങ്ങേറുകയും ചെയ്തു ഈ ചിത്രത്തിലൂടെ. പൃഥ്വി തിരിച്ച് പഠനത്തിനായി ഓസ്ട്രേലിയയിലേക്ക് പോകുകയും ചെയ്തു.
എന്നാല്‍ പൃഥ്വിരാജിന്റെ സമയം വരാനിരിക്കുന്നതേ ഉണ്ടായിരുന്നുള്ളു. ഫാസില്‍ അന്ന് എടുത്ത് സ്ക്രീന്‍ ടെസ്റ്റിന്റെ വീഡിയോ അഞ്ച് വര്‍ഷങ്ങള്‍ക്ക് ശേഷം രഞ്ജിത്ത് കാണാനിടയായി. അപ്പോഴേക്കും പൃഥ്വി പഠനം പൂര്‍ത്തിയാക്കി നാട്ടില്‍ തിരിച്ചെത്തിയിരുന്നു. സുകുമാരന്റെ ഓര്‍മദിവസം പൃഥ്വിയെ കാണുന്നു. അതോടെ നന്ദനത്തിലെ നായകനായി പൃഥ്വിയെ തെരഞ്ഞെടുത്തു.