പേരൂർക്കട: അമ്പലമുക്ക് ജംഗ്ഷന് സമീപം ഓടിക്കൊണ്ടിരുന്ന ഒമ്നി വാൻ കത്തിനശിച്ചു. ഇന്ന് രാവിലെ 8.30നാണ് സംഭവം. പേരൂർക്കടയിൽനിന്ന് അമ്പലമുക്കിലേക്ക് വരികയായിരുന്നു വാഹനം.
വാനിനുള്ളിൽ ഡ്രൈവർ മാത്രമാണ് ഉണ്ടായിരുന്നത്. ബോണറ്റിന്റെ ഭാഗത്തുനിന്ന് തീയും പുകയും ഉയരുന്നത് കണ്ട ഇദ്ദേഹം ഉടൻതന്നെ വാഹനം നിർത്തി പുറത്തേക്ക് ഇറങ്ങിയോടി.
വാൻ ഗ്യാസ് സിലിണ്ടർ ഘടിപ്പിച്ചതായിരുന്നുവെന്നും വാതക ചോർച്ചയാകാം അപകടത്തിന് ഇടയാക്കിയതെന്നുമാണ് ഫയർഫോഴ്സിന്റെ നിഗമനം.
തിരുവനന്തപുരം ഫയർ സ്റ്റേഷൻ ഓഫീസിൽ നിന്ന് അസി. സ്റ്റേഷൻ ഓഫീസർ അനിൽകുമാറിന്റെ നേതൃത്വത്തിലുള്ള സംഘം അരമണിക്കൂറോളം പരിശ്രമിച്ചാണ് തീ കെടുത്തിയത്. ഉപയോഗിക്കാൻ സാധിക്കാത്ത വിധം വാൻ കത്തി നശിച്ചിട്ടുണ്ട്.