കട്ടപ്പന: വാഹനാപകടത്തില്‍ പരിക്കേറ്റ് വഴിയില്‍ കിടന്ന യുവാക്കളെ ആശുപത്രിയിലെത്തിക്കാന്‍ വിസമ്മതിച്ച പോലീസുകാര്‍ക്കെതിരേ വകുപ്പുതല നടപടി വന്നേക്കും. സംഭവത്തില്‍ കട്ടപ്പന ഡിവൈഎസ്പി വി.എ. നിഷാദ്മോന് ഇന്ന് ജില്ലാ പോലീസ് മേധാവിക്ക് റിപ്പോര്‍ട്ട് നല്‍കും.
സംഭവം വിവാദമാകുകയും വലിയ പ്രതിഷേധത്തിനിടയാക്കുകയും ചെയ്തതോടെയാണ് അന്വേഷണം നടത്താന്‍ വകുപ്പുതല നിര്‍ദേശമുണ്ടായത്. നെടുങ്കണ്ടം സ്റ്റേഷനിലെ പോലീസുകാരാണ് പരിക്കേറ്റ യുവാക്കളെ വാഹനത്തില്‍ കയറ്റാതെ പോയത്.
നാട്ടുകാര്‍ യുവാക്കളെ പോലീസ് വാഹനത്തിനടുത്ത് എത്തിച്ചെങ്കിലും ഓട്ടോ വിളിച്ച് ആശുപത്രിയിലെത്തിക്കാന്‍ പറഞ്ഞ് പോലീസുകാര്‍ പോകുകയായിരുന്നു.
ദിശ മാറിയെത്തിയ പിക് അപ് ഇടിച്ചാണ് ബൈക്ക് യാത്രികരായ രണ്ടു യുവാക്കള്‍ക്ക് ഗുരുതര പരിക്കേറ്റത്. കാഞ്ചിയാര്‍ ചൂരക്കാട്ട് ജൂബിന്‍ ബിജു(21), ഇരട്ടയാര്‍ എരുമച്ചാടത്ത് അഖില്‍ ആന്റണി(23) എന്നിവര്‍ക്കാണ് പരിക്കേറ്റത്.
കഴിഞ്ഞ ദിവസം രാത്രി പത്തരയോടെ കട്ടപ്പന പള്ളിക്കവല ജംഗ്ഷനിലായിരുന്നു അപകടം. പള്ളിക്കവലയ്ക്കു സമീപത്തെ കടയില്‍ നിന്ന് ഭക്ഷണം കഴിച്ചശേഷം ടൗണിലേക്കു വരുകയായിരുന്നു യുവാക്കള്‍. ഇതിനിടെയാണ് തെറ്റായ ദിശയില്‍ എത്തിയ പിക് അപ് ഇവരുടെ ബൈക്ക് ഇടിച്ചുതെറിപ്പിച്ചത്.
നാട്ടുകാര്‍ ഓടിക്കൂടി യുവാക്കളെ താങ്ങിയെടുക്കുന്നതിനിടെയാണ് പോലീസ് ജീപ്പ് ഇതുവഴി കടന്നുവന്നത്. ഇവരെ ആശുപത്രിയില്‍ എത്തിക്കാനായി പരുക്കേറ്റവരെ ജീപ്പിനടുത്തേക്ക് എടുത്തുകൊണ്ടുവന്നെങ്കിലും അതില്‍ കയറ്റാന്‍ ഉദ്യോഗസ്ഥര്‍ സമ്മതിച്ചില്ല.
ഓട്ടോയില്‍ ആശുപത്രിയില്‍ എത്തിക്കാന്‍ പറഞ്ഞശേഷം പോലീസ് ജീപ്പ് മുന്നോട്ടുപോകുകയായിരുന്നു. നെടുങ്കണ്ടം സ്റ്റേഷനില്‍ നിന്ന് പ്രതിയുമായി പീരുമേട് സബ് ജയിലിലേക്ക് പോയശേഷം മടങ്ങിയെത്തിയ ജീപ്പാണ് പരുക്കേറ്റവരെ ആശുപത്രിയില്‍ എത്തിക്കാതെ പോയത്.
ഇരുവരെയും പിന്നീട് ഓട്ടോയിലാണ് സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചത്. തലയ്ക്ക് ഉള്‍പ്പെടെ പരുക്കേറ്റ അഖിലിനെ പിന്നീട് രാജഗിരി ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.