കണ്ണൂർ: മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും നവകേരളസദസിന് പ്രതിഷേധ സാധ്യത കണക്കിലെടുത്ത് കണ്ണൂരിൽ കനത്ത സുരക്ഷ. കല്യാശേരി മണ്ഡലത്തിലെ പഴയങ്ങാടിയിൽ കരിങ്കൊടി പ്രതിഷേധമുണ്ടായ സാഹചര്യത്തിലാണ് മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും കനത്ത സുരക്ഷ ഏർപ്പെടുത്തിയത്.
എഡിജിപി എം.ആർ. അജിത്ത്കുമാർ, നവകേരള സദസ് നോഡൽ ഓഫീസർ എസ്. ശ്രീജിത്ത് എന്നിവരുടെ നേതൃത്വത്തിലാണ് സുരക്ഷയൊരുക്കിയത്. തണ്ടർബോൾട്ടും സായുധരായ പോലീസും ഇന്നലെ രാത്രിമുതലാണ് സുരക്ഷയ്ക്കെത്തിയത്. കൂടാതെ കാസർഗോഡ്, കണ്ണൂർ, കോഴിക്കോട്, വയനാട് ജില്ലകളിൽ നിന്നായി രണ്ടായിരത്തോളം പോലീസുകാരെയും വിന്യസിച്ചിരുന്നു.
‘സാന്പിൾ’ എന്നു ഡിവൈഎഫ്ഐ നേതാവ്
ഇതിനിടെ യൂത്ത് കോൺഗ്രസ് പ്രവർത്തകർക്കെതിരേ ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി സരിൻ ശശി ഫേസ്ബുക്ക് പോസ്റ്റിട്ടതു വിവാദമായി. കല്യാശേരിയിലേത് സാന്പിളാണെന്നും കനഗോലുന്റെ വാക്ക് കേട്ട് ഇനിയും വിവരക്കേടിനു വന്നാൽ പൊടിപോലും കിട്ടില്ലെന്നും പോസ്റ്റിൽ പരാമർശിച്ചു.സംഭവം വിവാദമായപ്പോൾ പോസ്റ്റ് പിൻവലിക്കുകയും ചെയ്തു.
ആക്രമണത്തെ ന്യായീകരിച്ച് സിപിഎം നേതാക്കളുംമന്ത്രിമാരും
കരിങ്കൊടി കാണിച്ച യൂത്ത് കോൺഗ്രസ്-കെഎസ്യു പ്രവർത്തകരെ മർദിച്ച സംഭവത്തിൽ ഡിവൈഎഫ്ഐ പ്രവർത്തകരെ ന്യായീകരിച്ച് മന്ത്രിമാർ ഉൾപ്പെടെയുള്ള സിപിഎം നേതാക്കളും രംഗത്തുവന്നു.
മുഖ്യമന്ത്രിക്കെതിരേ നടന്നത് ഭീകരപ്രവർത്തനമാണെന്ന എൽഡിഎഫ് കൺവീനർ ഇ.പി. ജയരാജൻ പറഞ്ഞു. കല്ലും വടികളുമായി മുഖ്യമന്ത്രിയെ ആക്രമിക്കാൻ വരുന്നവർക്കുനേരേ സ്വാഭാവിക പ്രതികരണമാണ് ഉണ്ടായതെന്നാണ് ജയരാജൻ പറഞ്ഞത്.
മുഖ്യമന്ത്രിക്കെതിരേ നടന്നത് ചാവേർ പ്രതിഷേധ പരിപാടിയാണെന്നും ബോധപൂർവം കുഴപ്പങ്ങൾ ഉണ്ടാക്കാനുള്ള യൂത്ത് കോൺഗ്രസിന്റെ ശ്രമം ജനാധിപത്യത്തിന്റെ സൗന്ദര്യത്തെ നശിപ്പിക്കുമെന്നും മന്ത്രി പി.എ. മുഹമ്മദ് റിയാസും പറഞ്ഞു.
ആത്മഹത്യാ സ്ക്വാഡായാണ് യൂത്ത് കോൺഗ്ര് പ്രവർത്തിച്ചതെന്നും അതിനാൽ ആക്രമണത്തെ അപലപിക്കണ്ട ആവശ്യമില്ലെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ പറഞ്ഞു. ആസൂത്രിതമായ ആക്രമണമാണ് യൂത്ത് കോൺഗ്രസിന്റെ ഭാഗത്തു നിന്നും ഉണ്ടായതെന്നും ഒരു കൈയേറ്റത്തിനും സിപിഎം തയാറല്ലെന്നും എം.വി. ഗോവിന്ദൻ പറഞ്ഞു.