കൊച്ചി: കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസില്‍ സിപിഎം നേതാക്കള്‍ പണം വാങ്ങിയെന്ന് സിപിഎം പ്രാദേശിക നേതാവും വടക്കാഞ്ചേരി നഗരസഭ സ്ഥിരംസമിതി അധ്യക്ഷനുമായ പി.ആര്. അരവിന്ദാക്ഷന്റെ മൊഴി.
മുഖ്യപ്രതി പി. സതീഷ്കുമാറിന് ഇ.പി. ജയരാജനുമായി ബന്ധമുണ്ടെന്നാണ് അരവിന്ദാക്ഷന് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനു(ഇഡി) മുന്നില്‍ മൊഴി നല്‍കിയിരിക്കുന്നത്.
2021 ല്‍ കണ്ണൂരിലും 2016 ല്‍ തിരുവനന്തപുരത്തും ഇരുവരും കണ്ടിരുന്നു. കേരള ബാങ്ക് വൈസ് പ്രസിഡന്റ് എം.കെ. കണ്ണനുമായും സതീഷ്കുമാറിന് ബന്ധമുണ്ടെന്നാണ് അരവിന്ദാക്ഷന്റെ മൊഴി.
സിപിഎം നേതാവ് എ.സി. മൊയ്തീനും പി.കെ.ബിജുവിനും സതീഷ്കുമാര്‍ പണം നല്‍കിയിട്ടുണ്ട്. എം.സി.മൊയ്തീന് രണ്ടു ലക്ഷം രൂപയും പി.കെ. ബിജുവിന് അഞ്ചു ലക്ഷം രൂപയും നല്‍കിയതായാണ് അരവിന്ദാക്ഷന്റെ വെളിപ്പെടുത്തല്‍.
സതീഷിന് രാഷ്ട്രീയ നേതാക്കളുമായും പോലീസ് ഉദ്യോഗസ്ഥരുമായും ബന്ധമുണ്ടെന്നാണ് ഇയാള്‍ ഇഡിക്കു മൊഴി നല്‍കിയിരിക്കുന്നത്.
കേസില്‍ പി. സതീഷ്കുമാറിനു പുറമേ പി.ആര്. അരവിന്ദാക്ഷന്, ഇടനിലക്കാരന് പി.പി.കിരണ്‍, മുന്‍ അക്കൗണ്ടന്റ് സി.കെ. ജില്‍സ് എന്നിവരാണു ജുഡീഷ്യല്‍ കസ്റ്റഡിയില്‍ കഴിയുന്നത്.