ലോകകപ്പ് നഷ്ടത്തില്‍ ആരാധകര്‍ക്ക് മനം മടുപ്പ്… കളിക്കാരുടെ മനം മടുപ്പാണു ഫൈനലിലേറ്റ തോല്‍വിയുടെ കാരണങ്ങളിലൊന്നെന്നതു മറ്റൊരു വാസ്തവം. ലോകകപ്പ് ഫൈനല്‍ പോലൊരു വേദിയില്‍ ആരു ജയിക്കും തോല്‍ക്കും എന്നതില്‍ മാനസിക കരുത്തിന്റെ സ്ഥാനം നിര്‍ണായകം.
രാജ്യത്തിന്റെ പ്രതീക്ഷാഭാരം പേറുന്ന കളിക്കാരുടെ മാനസിക കരുത്തിനു ജയവും തോല്‍വിയും തീരുമാനിക്കാം എന്നതിന്റെ ഉദാഹരണമാണ് 2023 ഐസിസി ഏകദിന ലോകകപ്പ് ക്രിക്കറ്റ് ഫൈനലിലെ ഇന്ത്യന്‍ തോല്‍വി. അഹമ്മദാബാദ് നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ നടന്ന ഫൈനലില്‍ ഇന്ത്യയേക്കാള്‍ മാനസിക മുന്‍തൂക്കം ഓസ്ട്രേലിയയ്ക്കായിരുന്നു. ടോസ് ജയിച്ച് ബൗളിംഗ് തെരഞ്ഞെടുത്തപ്പോള്‍ മുതല്‍ ഓസ്ട്രേലിയക്കാര്‍ മാനസിക മുന്‍തൂക്കം സ്വന്തമാക്കി.
മത്സരത്തിന്റെ ഓരോ ഘട്ടത്തിലും അവര്‍ അത് കൈവിട്ടില്ല. 47 റണ്‍സിനിടെ മൂന്ന് വിക്കറ്റ് നഷ്ടപ്പെട്ടിട്ടും ജയത്തിലേക്ക് എത്തിയതും അതുകൊണ്ടുതന്നെ… മുഹമ്മദ് സിറാജ് പൊട്ടിക്കരഞ്ഞതും വിരാട് കോഹ്ലിയും രോഹിത് ശര്‍മയും കണ്ണീരടക്കാന്‍ പാടുപെട്ടതുമെല്ലാം അതിന്റെ അവസാന ചിത്രങ്ങളായി…
പ്ലാന്‍ ബി ഇല്ല
അഹമ്മദാബാദില്‍ രണ്ടാം ഇന്നിംഗ്സ് ബാറ്റിംഗാണ് ഒന്നാം ഇന്നിംഗ്സിനെ അപേക്ഷിച്ച് സുഗമമെന്ന് ഈ ലോകകപ്പില്‍ നേരത്തേ തെളിഞ്ഞതാണ്. ഫൈനലിനു മുമ്പ് നടന്ന നാലു ലീഗ് മത്സരങ്ങളില്‍ മൂന്നിലും രണ്ടാമത് ബാറ്റ് ചെയ്ത ടീമുകള്‍ക്കായിരുന്നു ജയം. ടോസ് നഷ്ടപ്പെട്ട് ബാറ്റ് ചെയ്യാന്‍ ഇറങ്ങേണ്ടിവന്നപ്പോള്‍ സെമി ഫൈനല്‍വരെയുള്ള തുടര്‍ച്ചയായ 10 മത്സരങ്ങളിലും ഫലം കണ്ട ഗെയിം പ്ലാന്‍ ഇന്ത്യ മാറ്റേണ്ടിയിരുന്നു.
രോഹിത് ശര്‍മ ആദ്യം റണ്‍ റേറ്റ് ഉയര്‍ത്തും, പിന്നീടെത്തുന്നവര് അത് നിലനിര്‍ത്തും എന്നതായിരുന്നു സെമിയില്വരെയുള്ള ഇന്ത്യയുടെ ബാറ്റിംഗ് തന്ത്രം. സ്ലോ പിച്ചാണ് അഹമ്മദാബാദിലേത് എന്നറിഞ്ഞിട്ടും ഫൈനലില്‍ ഗെയിം പ്ലാന്‍ മാറാന്‍ ഇന്ത്യ തയാറായില്ല.
ഗ്ലെന്‍ മാക്സ്വെല് എറിഞ്ഞ 10-ാം ഓവറിന്റെ രണ്ടും മൂന്നും പന്തുകളില്‍ സിക്സും ഫോറും അടിച്ച രോഹിത് നാലാം പന്തിലും കൂറ്റന്‍ ഷോട്ടിനു ശ്രമിക്കാതെ ശാന്തത പാലിച്ചിരുന്നെങ്കില്‍ പുറത്താകില്ലായിരുന്നു. അങ്ങനെയെങ്കില്‍ മത്സരഫലം മറ്റൊന്നാകുമായിരുന്നേക്കാം…
ടോസ് ലഭിച്ചാല്‍ ബാറ്റിംഗ് എടുക്കുമായിരുന്നു എന്നാണു രോഹിത് പിന്നീട് പറഞ്ഞത്. അങ്ങനെയെങ്കില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റ് ചെയ്യാന്‍ ലഭിച്ച അവസരം എന്തുകൊണ്ട് ഇന്ത്യക്കു വിനിയോഗിക്കാന്‍ കഴിഞ്ഞില്ല…? രോഹിത് പതിവുപോലെ റണ്‍സ് എടുത്തു, കോഹ്ലി മോശമല്ലാതെ റണ്‍സ് നേടി. പിഴച്ചത് ശ്രേയസ് അയ്യരിന്റെ പെട്ടെന്നുള്ള മടക്കമായിരുന്നു.
കെ.എല്‍. രാഹുല്‍ ഇഴഞ്ഞു നീങ്ങിയത് റണ്‍സ് വരണ്ടുണക്കി. സൂര്യകുമാര്‍ യാദവിനു മുമ്പ് രവീന്ദ്ര ജഡേജയെ ബാറ്റിംഗിന് അയച്ചതിനും ഫലം ലഭിച്ചില്ല. ഏകദിന ക്രിക്കറ്റിന്റെ രസതന്ത്രം മനസിലാകാത്ത സൂര്യകുമാര്‍ ഈ ലോകകപ്പില്‍ ഇന്ത്യയുടെ ബാധ്യതയായിരുന്നു. മറുവശത്ത് എല്ലാം ആസൂത്രണം ചെയ്ത് ഓസീസ് നടപ്പിലാക്കുകയും ചെയ്തു.
അമ്പയേഴ്സ് കോള്‍
28-ാം ഓവറിന്റെ അഞ്ചാം പന്തിലാണ് ഇന്ത്യയുടെ തോല്‍വിക്കുള്ള മറ്റൊരു കാരണം സംഭവിച്ചത്. 62 പന്തില്‍ 34 റണ്‍സുമായി നില്‍ക്കുകയായിരുന്ന മാര്‍നസ് ലബുഷെയ്നെ ജസ്പ്രീത് ബുംറ വിക്കറ്റിനു മുന്നില്‍ കുടുക്കി. എന്നാല്‍, ഒറിജിനല്‍ ഡിസിഷന്‍ നോട്ടൗട്ട്. ടീം ഇന്ത്യ ഡിആര്‍എസ് എടുത്തപ്പോള്‍ അമ്പയേഴ്സ് കോളില്‍ ഔട്ട് നിഷേധിക്കപ്പെട്ടു.
ഇംഗ്ലീഷുകാരനായ റിച്ചാര്‍ഡ് കെറ്റിൽബറോ ആയിരുന്നു അമ്പയര്‍. 2014, 2016 ട്വന്റി-20 ലോകകപ്പ്, 2015, 2019 ഏകദിന ലോകകപ്പ്, 2017 ചാമ്പ്യന്‍സ് ട്രോഫി എന്നീ പോരാട്ടങ്ങളിലെല്ലാം ഇന്ത്യ പരാജയപ്പെട്ടപ്പോള്‍ കെറ്റിൽബറോയായിരുന്നു ഓണ്‍ ഫീല്‍ഡ് അമ്പയര്‍ എന്നതും രസകരം, ഒരു മാന്‍ഡ്രേക് ഇഫക്റ്റ്…
അനീഷ് ആലക്കോട്