കായംകുളം: ഷവായ് കഴിച്ച ഇരുപതോളം പേർക്ക് ഭക്ഷ്യവിഷബാധ ഉണ്ടായെന്ന പരാതിയെത്തുടർന്ന് സ്ഥാപനം അടച്ചുപൂട്ടി. കായംകുളത്ത് പ്രവർത്തിക്കുന്ന കിംഗ് കഫെ എന്ന സ്ഥാപനമാണ് നഗരസഭ ആരോഗ്യ വിഭാഗം നോട്ടീസ് നൽകി അടച്ചുപൂട്ടിയത്.
കഴിഞ്ഞദിവസം ഇവിടെനിന്നു ഷവായി കഴിച്ച ഇരുപതോളം പേർക്കു ശാരീരിക അസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെതുടർന്ന് കായംകുളം സർക്കാർ ആശുപത്രി ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളജ് എന്നിവിടങ്ങളിൽ ചികിത്സ തേടി.
പുതിയിടം സ്വദേശി വിഷ്ണു (27), എരുവ സ്വദേശി രാഹുൽ ഉണ്ണി (27), ഇലിപ്പക്കുളം സ്വദേശികളായ റാഫി (28), ഹിലാൽ (29), നാസിക് (27), അഫ്സൽ (28), മൻസൂർ (27) എന്നിവർ താലൂക്ക് ആശുപത്രിയിലും ഇലിപ്പക്കുളം സ്വദേശികളായ നിഷാദ് (27), അജ്മൽ (28), കണ്ണനാകുഴി സ്വദേശി അജ്മൽ (27) തുടങ്ങിയവർ സ്വകാര്യ ആശുപത്രിയിലും ചികിത്സ തേടിയിരിക്കുന്നത്.
ഞായറാഴ്ച രാത്രി ഇവിടെ നിന്ന് ഷവായ് കഴിച്ച ആളുകൾക്കാണ് ഛർദി, വയറിളക്കം, നടുവേദന എന്നിവ ഉണ്ടായത്. തിങ്കളാഴ്ച ഉച്ചയോടെയാണ് മിക്കവർക്കും അസ്വസ്ഥത അനുഭവപ്പെട്ടത്.