പാകിസ്ഥാനിൽ അനധികൃതമായ് താമസിക്കുന്ന വിദേശികൾക്കെതിരായ നടപടികൾ കർശനമാക്കിയതിനെ തുടർന്ന്, നാല് ലക്ഷത്തിലധികം അഫ്ഗാനികൾ സ്വന്തം രാജ്യത്തേക്ക് മടങ്ങി. രാജ്യത്ത് അനധികൃതമായ് കടന്നുകൂടിയ അഫ്ഗാൻ അഭയാർഥികൾ തിരികെ പോകണമെന്ന് പാകിസ്ഥാൻ സർക്കാർ അറിയിച്ചു.
അഫ്ഗാൻ താലിബാൻ അതിർത്തി കടന്നുള്ള ഭീകരവാദം പ്രോത്സാഹിപ്പിക്കുന്നുണ്ടെന്ന് പാകിസ്ഥാൻ വിമർശിച്ചിരുന്നു. കൂടാതെ പാകിസ്ഥാൻ വിരുദ്ധ ഗ്രൂപ്പുകൾക്ക് അഫ്ഗാൻ താലിബാൻ പിന്തുണ നൽകുന്നതായും പാകിസ്ഥാൻ ആരോപിച്ചു.
പാകിസ്ഥാനിൽ മതിയായ രേഖകളില്ലാതെ താമസിക്കുന്ന 1.7മില്യൺ അഫ്ഗാനികൾ ഒക്ടോബർ 31നകം രാജ്യം വിടണമെന്നും അല്ലെങ്കിൽ അറസ്റ്റിലാകുമെന്നും പാകിസ്ഥാൻ സർക്കാർ മുന്നറിയിപ്പ് നൽകിയിരുന്നു. രജിസ്റ്റർ ചെയ്ത 1.4 മില്യൺ അഫ്ഗാൻ അഭയാർഥികൾ ആശങ്കപ്പെടേണ്ടതില്ലെന്നും പാകിസ്ഥാൻ ഉദ്യോഗസ്ഥർ അറിയിച്ചിരുന്നു.
എന്നാൽ കുടിയേറ്റക്കാരുടെ രേഖകൾ പരിശോധിക്കാനായി പാക് പോലീസ് നവംബർ 1 മുതൽ വീടുകൾ തോറും കയറിയിറങ്ങുന്നുണ്ട്. അനധികൃതമായി രാജ്യത്ത് താമസമാക്കിയവർക്കെതിരെയാണ് നടപടിയെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.