കോഴിക്കോട്: കോൺഗ്രസ് സംഘടിപ്പിക്കുന്ന പലസ്തീൻ റാലിയിൽ ശശി തരൂർ പങ്കെടുക്കും. കെപിസിസി പ്രസിഡന്റ് കെ സുധാകരൻ ഔദ്യോഗികമായി ശശി തരൂരിനെ ക്ഷണിച്ചു. നിർബന്ധമായും പലസ്തീൻ റാലിയിൽ പങ്കെടുക്കണമെന്ന് നിർദേശം നൽകി.
എന്നാൽ ശശി തരൂർ റാലിയിൽ പങ്കെടുക്കില്ലെന്ന വാർത്തകൾ വന്നിരുന്നു. ഡിസിസി പുറത്ത് വിട്ട വാർത്ത കുറിപ്പിൽ ശശി തരൂരിന്റെ പേര് ഉണ്ടായിരുന്നില്ല.
പാലസ്തീൻ റാലിയിൽ പങ്കെടുക്കാൻ പാർട്ടി ക്ഷണിച്ചാൽ വരും എന്നായിരുന്നു ശശി തരൂർ നേരത്തെ പറഞ്ഞത്. ഇപ്പോൾ ഔദ്യോഗികമായ ക്ഷണമാണ് ലഭിച്ചിരിക്കുന്നത്. തീർച്ചയായും പങ്കെടുക്കുമെന്ന് ശശി തരൂർ പറഞ്ഞു.
നാളെ വൈകീട്ട് 3.30 ന് കോഴിക്കോട് കടപ്പുറത്താണ് പലസ്തീൻ ഐക്യദാർഢ്യ റാലി നടക്കുന്നത്. മുസ്ലീം ലീഗ് കോഴിക്കോട്ട് നടത്തിയ റാലിയിൽ ശശി തരൂരിന്റെ ഹമാസ് വിരുദ്ധ പരാമർശം ഏറെ വിവാദമായിരുന്നു.
ഇതെ തുടർന്ന് ലീഗിനേറ്റ പ്രഹരത്തിൽ കെപിസിസി അധ്യക്ഷനും പ്രതിപക്ഷനേതാവും പാണക്കാട്ടെത്തി രമ്യതയിലെത്തിക്കുകയായിരുന്നു. തുടര്‍ന്നാണ് കെപിസിസി കോഴിക്കോട്ട് പലസ്തീന് ഐക്യദാര്‍ഡ്യ റാലി നടത്തുന്നത്.
എന്നാൽ റാലിയിൽ ലീഗ് നേതാക്കൾക്കൊപ്പം ശശി തരൂർ വേദി പങ്കിടുമ്പോൾ എതിർപ്പിനുളള സാധ്യത ഉണ്ടാകുമെന്നാണ് സംഘാടക സമിതിയുടെ ആശങ്ക. അതുകൊണ്ട് തന്നെ കൂടുതൽ വിവാദങ്ങളുണ്ടാകാതെ റാലി നടത്താനാണ് നേതാക്കളുടെ നിർദ്ദേശം.