ചെന്നൈ: നടി തൃഷയ്ക്കെതിരായ വിവാദപരാമർശത്തിൽ നടൻ മൻസൂർ അലിഖാനെതിരേ കേസ്. തൃഷയുടെ പരാതിയിലാണു നടനെതിരെ നുങ്കമ്പാക്കം പൊലീസ് കേസെടുത്തിരിക്കുന്നത്.
ഐപിസി 354 എ, 509 എന്നീ വകുപ്പുകളാണ് ഇയാള്‍ക്കെതിരേ ചുമത്തിയിട്ടുള്ളത്. നേരത്തെ, വിഷയത്തിൽ ഇടപെട്ട ദേശീയ വനിതാ കമ്മിഷന് ഡിജിപിയോട് കേസെടുക്കാന്‍ നിര്‍ദേശിച്ചിരുന്നു. ഇതിനു പിന്നാലെയാണ് നടപടി.
ലിയോ സിനിമയുമായി ബന്ധപ്പെട്ട അഭിമുഖത്തിലാണ് മൻസൂർ അലിഖാൻ തൃഷയെക്കുറിച്ച് വിവാദ പരാമർശം നടത്തിയത്. സിനിമയിൽ ഖുശ്ബുവിനെ കട്ടിലിലേക്ക് ഇടുന്നതുപോലെ തൃഷയെ ഇടാൻ പറ്റിയില്ലെന്നും താൻ ചെയ്ത സിനിമകളിലെ റേപ് സീനുകളൊന്നും ലിയോയിൽ ഇല്ലായെന്നുമായിരുന്നു പരാമർശം.
താരങ്ങളായ ചിരഞ്ജീവി, ഖുശ്ബു, സംവിധായകന് ലോകേഷ് കനകരാജ്, ഗായിക ചിന്മയി എന്നിവരുള്‍പ്പെടെ നിരവധി പേർ മന്‍സൂര്‍ അലി ഖാന്റെ പരാമര്‍ശത്തെ അപലപിച്ച് രംഗത്തെത്തിയിരുന്നു.