പഴയങ്ങാടി: മുഖ്യമന്ത്രിക്കു നേരേ എരിപുരത്ത് കരിങ്കൊടി വീശിയ യൂത്ത് കോൺഗ്രസ് പ്രവർത്തകനെ മർദിച്ച സംഭവത്തിൽ പോലീസ് ജാമ്യമില്ലാ വകുപ്പ് പ്രകാരം വധശ്രമക്കേസ് ചുമത്തിയ നാലു ഡിവൈഎഫ്ഐ പ്രവർത്തകർ പോലീസ് സ്റ്റേഷനിൽ കീഴടങ്ങി.
ഡിവൈഎഫ്ഐ ബ്ലോക്ക്, മേഖലാ ഭാരവാഹികളായ ചെറുതാഴത്തെ അമൽബാബു (24), കടന്നപ്പള്ളിയിലെ പി. ജിതിൻ (28), അടുത്തിലയിലെ ഇ.കെ.അനുവിന്ദ് (26), മണ്ടൂരിലെ കെ.മുഹമ്മദ് റമീസ് (24) എന്നിവരാണ് വധശ്രമത്തിന് കേസെടുത്തതിനു പിന്നാലെ സ്റ്റേഷനിൽ കീഴടങ്ങിയത്. പയ്യന്നൂർ ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
കല്യാശേരി മണ്ഡലം നവകേരള സദസ് കഴിഞ്ഞു മടങ്ങവേ മുഖ്യമന്ത്രിയും മന്ത്രിമാരും സഞ്ചരിച്ച വാഹനത്തിനു നേരേ കരിങ്കൊടി കാണിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകരെ ഗൂഢാലോചന നടത്തി വധിക്കാനായി ആക്രമിച്ചെന്നാണു കേസ്. പരിയാരം സിഐ നളിനാക്ഷനാണ് കേസ് അന്വേഷിക്കുന്നത്.
യൂത്ത് കോൺഗ്രസ് പ്രവർത്തകനെ ഡിവൈഎഫ്ഐ പ്രവർത്തകർ മർദിച്ചതു സംബന്ധിച്ച് “ബസിനു മുന്നിലേക്ക് ചാടി യ ആൾ അപകടത്തിൽപ്പെടാതിരിക്കാൻ ജീവൻ രക്ഷിക്കാനുള്ള മാർഗമാണ് ഡിവൈഎഫ്ഐക്കാർ ഉപയോഗിച്ചത്.
അത് മാതൃകാപരമായിരുന്നു, ആ രീതികൾ തുടർന്നു പോകണമെന്നാണ് എനിക്കഭ്യർഥിക്കാനുള്ളത്” എന്നുള്ള മുഖ്യമന്ത്രിയുടെ പ്രതികരണം വിവാദമായിരുന്നു.