ജറുസലെം: ഇസ്രയേൽ-ഹമാസ് വെടിനിർത്തൽ പ്രാദേശിക സമയം ഇന്നു രാവിലെ പത്തിനു നിലവിൽ വരും. ഹമാസ് ബന്ദികളാക്കിയവരെയും ഇസ്രയേൽ ജയിലിലുള്ള പലസ്തീൻകാരെയും മോചിപ്പിക്കുന്നത് ഇന്നാരംഭിക്കും. നാലു ദിവസത്തേക്കാണു വെടിനിർത്തലിനു ധാരണയായിട്ടുള്ളത്. ഹമാസ് തടങ്കലിലാക്കിയ 50 പേരെയും ഇസ്രയേൽ ജയിലുകളിലുള്ള 150 പേരെയുമാണു മോചിപ്പിക്കുക.
വെടിനിർത്തലിനെ ലോകനേതാക്കൾ സ്വാഗതം ചെയ്തു. ശരിയായ ദിശയിലുള്ള സുപ്രധാന നടപടി എന്നാണ് യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ് വിശേഷിപ്പിച്ചത്. ദീർഘകാല വെടിനിർത്തൽ വേണമെന്നു ലോകനേതാക്കൾ ആവശ്യപ്പെട്ടു. ലബനനിലെ ഹിസ്ബുള്ള തീവ്രവാദികളും വെടിനിർത്തൽ പ്രഖ്യാപിച്ചു. ഹിസ്ബുള്ളയുമായി ഇസ്രയേൽ ചർച്ച നടത്തിയിരുന്നില്ല.
ഖത്തറിന്റെയും അമേരിക്കയുടെയും മധ്യസ്ഥതയിലാണ് ഇസ്രയേൽ-ഹമാസ് താത്കാലിക വെടിനിർത്തലും ബന്ദിമോചനത്തിനുള്ള നടപടികളും സാധ്യമായത്. ഈജിപ്റ്റും മധ്യസ്ഥതയ്ക്കു സഹകരിച്ചു.
ഇസ്രയേൽ-ഹമാസ് ധാരണയുടെ ഭാഗമായി നാലു ദിവസവും ഭക്ഷണവും മറ്റ് അവശ്യവസ്തുക്കളുമായും 200 ലോറികൾ ഈജിപ്ത്തിലെ റാഫ ക്രോസിംഗിലൂടെ ഗാസയിലേക്ക് അനുവദിക്കും. നാലു വീതം ഇന്ധന, പാചകവാതക ലോറികളും അനുവദിക്കും. ഇസ്രേലി സേനയെയും ടാങ്കുകളെയും അതിർത്തിയിലേക്കു മാറ്റും.
രണ്ടാം ഘട്ടത്തിൽ 50 ബന്ദികളെക്കൂടി ഹമാസ് മോചിപ്പിക്കുകയാണെങ്കിൽ 150 പലസ്തീൻ തടവുകാരെക്കൂടി ഇസ്രയേൽ വിട്ടയയ്ക്കും. 300 പലസ്തീൻ തടവുകാരുടെ പട്ടിക ഇസ്രയേൽ തയാറാക്കിയിട്ടുണ്ട്. ഇതിൽ 274 പേരും പുരുഷന്മാരാണ്.
വധശ്രമം, കല്ലേറ്, ബോംബേറ്, സ്ഫോടകവസ്തു നിർമാണം, ഭീകരസംഘടനകളുമായുള്ള ബന്ധം, തീവയ്പ് തുടങ്ങിയ കുറ്റകൃത്യങ്ങളിൽ പ്രതിയായവരാണ് ഇവർ. കൊലക്കുറ്റത്തിനു പ്രതിയായവരെ വിട്ടയയ്ക്കില്ല. ഇസ്രയേൽ ജയിലുകളിലുള്ളത് 7,000 പലസ്തീനികളാണ്.
വെടിനിർത്തൽ ധാരണ പൂർത്തിയാക്കാൻ ഇസ്രേലി ചാരസംഘടന മൊസാദിന്റെ തലവൻ ഡേവിഡ് ബാർനിയ ഇന്നലെ ഖത്തർ തലസ്ഥാനമായ ദോഹയിലെത്തി. മുതിർന്ന അമേരിക്കൻ പ്രതിനിധികളും ഖത്തറിലുണ്ട്.
ഒക്ടോബർ ഏഴിന് ഇസ്രയേലിൽ ഹമാസ് ഭീകരർ ആക്രമണം നടത്തിയതിന്റെ 48-ാം ദിവസമാണ് താത്കാലികമായെങ്കിലും വെടിനിർത്തലുണ്ടാകുന്നത്. ഹമാസ് ഭീകരരുടെ ആക്രമണത്തിൽ 1200 ഇസ്രേലികളാണു കൊല്ലപ്പെട്ടത്.
ഇസ്രയേൽ ഗാസയിൽ ഹമാസിനെ ലക്ഷ്യമിട്ട് നടത്തിയ കര, വ്യോമ ആക്രമണത്തിൽ 14,000 പേർ കൊല്ലപ്പെട്ടു. താത്കാലിക വെടിനിർത്തലാണു നടപ്പാക്കുന്നതെന്നും ഹമാസിനെ പൂർണമായും ഉന്മൂലനം ചെയ്യുമെന്നും ഇസ്രയേൽ വ്യക്തമാക്കി.