ബ്രസീലിയ: ബ്രസീലിന്റെ നോസ്ട്രഡാമസ് എന്നറിയപ്പെടുന്ന അതോസ് സലോമെ ലോകശ്രദ്ധ നേടിയ നിരവധി പ്രവചനങ്ങൾ നടത്തിയിട്ടുള്ള വ്യക്തിയാണ്. സ്വയം പ്രവാചകനായി വിശേഷിപ്പിക്കുന്ന ഇയാൾ പുതിയൊരു പ്രവചനവുമായി എത്തിയിരിക്കുന്നു. ലോകത്ത് ശക്തമായ പ്രകൃതി ദുരന്തങ്ങൾ വരുമെന്നും ജനസംഖ്യയുടെ വലിയൊരു ഭാഗം നശിക്കാൻ അതു കാരണമായിത്തീരുമെന്നുമാണ് ഇദ്ദേഹം മുൻകൂട്ടി കാണുന്നത്.
ഈ വർഷം ഡിസംബറിലാണത്രെ അത് നടക്കുക. ഭൂകമ്പങ്ങളും വ്യാപകമായ വെള്ളപ്പൊക്കവും പോലുള്ള പ്രകൃതി ദുരന്തങ്ങളുടെ പരമ്പരതന്നെ സംഭവിക്കാം. ഇന്തോനേഷ്യ, ജാവ പോലെയുള്ള സ്ഥലങ്ങളിൽ അഗ്നിസ്ഫോടനങ്ങൾ ഉണ്ടാകും. അമേരിക്ക, കൊളംബിയ, കാനഡ തുടങ്ങിയ രാജ്യങ്ങളിലും വിവിധ ദുരന്തങ്ങൾ സംഭവിക്കും.
ലോകനാശത്തിന്റെ ആരംഭമായിരിക്കും ഇതെന്നും അതോസ് പ്രവചിക്കുന്നു. തന്റെ പ്രവചനങ്ങളെല്ലാം സംഭവിക്കണമെന്നില്ലെന്നും ആളുകൾ ജാഗ്രതയോടെയിരിക്കാനുള്ള മുന്നറിയിപ്പ് നൽകുകയാണ് ചെയ്യുന്നതെന്നും ഇയാൾ പറയുന്നു. അതോസ് സലോമെ നേരത്തെ പ്രവചിച്ച ചില കാര്യങ്ങൾ അതുപോലെ നടന്നിരുന്നു.
എലിസബത്ത് രാജ്ഞിയുടെ മരണം, റഷ്യ-യുക്രൈനു മേൽ നടത്തിയ ആക്രമണം, ഇലോൺ മസ്ക് ട്വിറ്റർ ഏറ്റെടുക്കുന്നത്, മഹാമാരി എന്നിവയെല്ലാം അതിൽ പെടുന്നു. നിരവധിക്കണക്കിന് ഫോളോവേഴ്സ് ഇയാൾക്കുണ്ട്.