കൊച്ചി: കൊച്ചിയിലെ സ്വകാര്യ റിസോട്ടുകള്‍, ആഡംബര ഹോട്ടലുകള്‍ എന്നിവ കേന്ദ്രീകരിച്ച് അതീവ രഹസ്യമായി നടത്തപ്പെടുന്ന റേവ് പാര്‍ട്ടികളില്‍ ഉന്മാദ ലഹരി പകരുന്നതിനായി മയക്കുമരുന്ന് എത്തിച്ച് നല്കുന്ന സംഘത്തിലെ മുഖ്യ ഇടനിലക്കാരന് ഉള്‍പ്പെടെയുള്ള മൂന്നംഗ സംഘം പിടിയിലായ കേസില്‍ ഇവര്‍ രാസലഹരി കൈമാറിയിരുന്നത് ഡിസ്കോ ബിസ്കറ്റ് എന്ന പേരില്‍.
കേസുമായി ബന്ധപ്പെട്ട് കാക്കനാട് പടമുഗള്‍ ഓലിക്കുഴി വീട്ടില്‍ ഒ.എം.സലാഹുദീന്‍ (മഫ്റു35), പാലക്കാട് തൃത്താല കപ്പൂര്‍ പൊറ്റേക്കാട്ട് വീട്ടില്‍ അമീര്‍ അബ്ദുള്‍ ഖാദര്‍ (27), കോട്ടയം വൈക്കം വെള്ളൂര്‍ പൈപ്പ്ലൈന് ചതുപ്പേല്‍ വീട്ടില്‍ അര്‍ഫാസ് ഷെരീഫ് (27) എന്നിവരാണ് എറണാകുളം എന്‍ഫോഴ്സ്മെന്റ് അസി. കമ്മീഷണറുടെ സ്പെഷല്‍ ആക്ഷന്‍ ടീം, എറണാകുളം ഐബി, എറണാകുളം റേഞ്ച് പാര്‍ട്ടി, അങ്കമാലി റേഞ്ച് പാര്‍ട്ടി എന്നിവരുടെ സംയുക്ത നീക്കത്തില്‍ പിടിയിലായത്.
ഇവരുടെ പക്കല്‍ നിന്ന് അത്യന്തം വിനാശകാരിയായ യെല്ലോ മെത്ത് വിഭാഗത്തില്‍പ്പെടുന്ന 7.5 ഗ്രാം എംഡിഎംഎ കണ്ടെടുത്തു. മയക്കുമരുന്ന് ഇടപാട് നടത്തി ലഭിച്ച ഒരു ലക്ഷത്തി അയ്യായിരം രൂപയും, മൂന്ന് സ്മാര്‍ട്ട് ഫോണുകളും എക്സൈസ് കസ്റ്റഡിയിലെടുത്തു.
അത്യന്തം വിനാശകാരിയായ യെല്ലൊ മെത്ത് വിഭാഗത്തില്‍ പെടുന്ന ഈ രാസലഹരി വെറും മൈക്രോ ഗ്രാം മാത്രം ഉപയോഗിച്ചാല്‍ തന്നെ ഇതിന്റെ രാസലഹരി മണിക്കൂറുകളോളം നിലനില്ക്കും.
എന്നാല്‍ ഇതിന്റെ ഉപയോഗം രോഗ പ്രതിരോധ വ്യവസ്ഥയെ തകരാറിലാക്കുകയും ശ്വാസകോശം, വൃക്ക എന്നിവയുടെ പ്രവര്‍ത്തനങ്ങളെ ബാധിക്കുകയും ചെയ്യും. ഇത് കൂടാതെ തലച്ചോറിലേക്കുള്ള രക്തക്കുഴലുകള്‍ തടസ്സപ്പെടുവാനും മരണം വരെ സംഭവിക്കാനും ഇടയാക്കുന്നതുമാണ്.
റേവ് പാര്‍ട്ടികളിലെ രാസലഹരിയുടെ വിതരണം പൂര്‍ണമായും ഏറ്റെടുത്തിരുന്നത് ഈ മൂവര്‍ സംഘത്തിന്റെ നിയന്ത്രണത്തിലുള്ള സംഘമായിരുന്നു. ഇവര്‍ മുഖാന്തിരമാണ് പ്രധാനമായും ബംഗളൂരു, മംഗലാപുരം എന്നിവിടങ്ങളില്‍ നിന്ന് നിശാപാര്‍ട്ടികളില്‍ രാസലഹരി എത്തിയിരുന്നത് എന്ന എക്സൈസ് ഇന്റലിജന്‍സ് റിപ്പോര്‍ട്ട് നേരത്തെ തന്നെ ലഭിച്ചിരുന്നു.
കൊച്ചി കേന്ദ്രീകരിച്ച് നടക്കുന്ന ഒരു നിശാപാര്‍ട്ടിക്ക് വേണ്ടി മുന്‍കൂട്ടി ഓര്‍ഡര്‍ ചെയ്ത മയക്കുമരുന്ന് എടുക്കുന്നതിനുവേണ്ടി മൂവര്‍ സംഘം ബംഗളൂരു പോയിട്ടുണ്ട് എന്ന് മനസിലാക്കിയ എക്സൈസ് സംഘം ഇവരുടെ നീക്കങ്ങള്‍ നിരീക്ഷിച്ച് വരുകയായിരുന്നു.
തുടര്‍ന്ന് കഴിഞ്ഞ ദിവസം രാത്രി ഒരു മണിയോടു കൂടി എറണാകുളം ടൗണ്‍ നോര്‍ത്തില്‍ ട്രെയിനില്‍ വന്നിറങ്ങിയ മൂവരേയും എക്സൈസ് സംഘം സാഹസികമായി പിടികൂടുകയായിരുന്നു.
എക്സൈസ് സംഘം പിന്തുടരുന്നുണ്ടെന്ന് മനസിലാക്കിയ മൂവരും പ്ലാറ്റ് ഫോമില്‍ നിന്ന് റെയില്‍വേ ഫുഡ് ഓവര്‍ ബ്രിഡ്ജ് വഴി കടന്ന് കളയാന്‍ ശ്രമിച്ചെങ്കിലും എക്സൈസ് സംഘം വളഞ്ഞിട്ട് പിടികൂടുകയായിരുന്നു.