മുംബൈ: മയക്കുമരുന്നിന് പണം കണ്ടെത്താൻ സ്വന്തം കുട്ടികളെ വിറ്റതിന് മുംബൈയിൽ ദമ്പതികൾ അറസ്റ്റിൽ. കേസുമായി ബന്ധപ്പെട്ട് മൂന്ന് പേരെ മുംബൈ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്യുകയും അന്ധേരിയിൽ നിന്ന് ഒരു മാസം പ്രായമുള്ള പെൺകുഞ്ഞിനെ രക്ഷപ്പെടുത്തുകയും ചെയ്തു.
അതേസമയം രണ്ടാമത്തെ കുട്ടിക്ക് വേണ്ടിയുള്ള തിരച്ചിൽ തുടരുകയാണ്. അറസ്റ്റിലായ പ്രതികളിൽ മാതാപിതാക്കളായ ഷബീറും സാനിയ ഖാനും ഷക്കീൽ മക്രാനിയും ഉൾപ്പെടുന്നു.
വിൽപനയിൽ നിന്ന് കമ്മീഷൻ വാങ്ങിയെന്ന് ആരോപിക്കപ്പെടുന്ന ഏജന്റ് ഉഷാ റാത്തോഡിനെയും പോലീസ് കസ്റ്റഡിയിലെടുത്തു.
ആൺകുട്ടിയെ അറുപതിനായിരം രൂപയ്ക്കും ഒരു മാസം പ്രായമുള്ള പെൺകുഞ്ഞിനെ പതിനാലായിരം രൂപയ്ക്കുമാണ് വിറ്റത്. ഷബീറും സാനിയയും മയക്കുമരുന്നിന് അടിമകളായിരുന്നു. ഇവർക്ക് മയക്കുമരുന്നില്ലാതെ ജീവിക്കാൻ കഴിയില്ല.