ഗഞ്ചം: ഭാര്യയേയും രണ്ട് വയസുള്ള മകളേയും മുറിയിലേക്ക് വിഷപ്പാമ്പിനെ വിട്ടയച്ച് കൊലപ്പെടുത്തിയ കേസിൽ യുവാവ് അറസ്റ്റിൽ. ഒഡീഷയിലെ ഗഞ്ചം ജില്ലയിലാണ് സംഭവം.
പ്രതിയായ കെ ഗണേഷ് പത്രയും ഭാര്യ കെ ബസന്തി പത്രയും തമ്മിൽ പ്രശ്നങ്ങൾ ഉണ്ടായിരുന്നുവെന്ന് പോലീസ് പറഞ്ഞു. പ്ലാസ്റ്റിക് പാത്രത്തിൽ മൂർഖൻ പാമ്പിനെ കൊണ്ടുവന്ന് ഭാര്യയും മകളും ഉറങ്ങിക്കിടന്ന മുറിയിലേക്ക് ഇയാൾ തുറന്നുവിട്ടു. തുടർന്ന് പ്രതി മറ്റൊരു മുറിയിൽ കിടന്നുറങ്ങി. പിറ്റേന്ന് രാവിലെ ഇരുവരെയും പാമ്പുകടിയേറ്റ് മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.
പ്രാഥമിക അന്വേഷണത്തിൽ അസ്വാഭാവിക മരണത്തിന് പോലീസ് കേസെടുത്തു. എന്നാൽ യുവതിയുടെ പിതാവിനെ ചോദ്യം ചെയ്തപ്പോൾ ഗണേഷ് പാത്ര ആസൂത്രിതമായി നടത്തിയ കൊലപാതകമാണെന്ന് തെളിഞ്ഞു. 2020 ൽ വിവാഹിതരായ ദമ്പതികൾക്ക് ദേബസ്മിത എന്ന രണ്ട് വയസ്സുള്ള ഒരു മകളുണ്ടായിരുന്നു.
സംഭവം നടന്ന് ഒരു മാസത്തിന് ശേഷമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ഇയാൾക്കെതിരെ തെളിവ് ശേഖരിക്കാൻ കുറച്ച് കാലതാമസം ഉണ്ടായതിനാൽ ചോദ്യം ചെയ്യലിൽ ആദ്യം ആരോപണം നിഷേധിച്ച ഇയാൾ പിന്നീട് പാമ്പ് സ്വയം മുറിയിൽ കയറിയിരിക്കാമെന്ന് വാദിച്ചു. എന്നാൽ അവസാനം പ്രതി കുറ്റസമ്മതം നടത്തി. സംഭവത്തിൽ കൂടുതൽ അന്വേഷണം നടന്നുവരികയാണെന്ന് എസ്പി പറഞ്ഞു.