സംസ്ഥാന മത്സ്യമായ കരിമീനുകൾ പൊതുവേ ഏക പത്നി, പതി വൃതക്കാരാണ്. ഒപ്പം നല്ല കുടുംബ ബന്ധവും കാത്തു സൂക്ഷിക്കുന്നു. ആഷാഡ മാസത്തിലെ ചെറുമഴയും ഇളംവെയിലുമുള്ള സമയമാണ് അവരുടെ പ്രണയകാലം.
ഇണയെ തേടി കണ്ടു പിടിക്കുന്നതാണു രീതി. പിന്നെ ഇളം വെയിലിന്റെ ചൂടും ചെറുമഴയുടെ കുളിരുമായി ഇണകൾ പുഴകളിലും തോടുകളിലും കുളങ്ങളിലും കായലോരങ്ങളിലുമൊകക്കെ ചുറ്റിത്തിരിയും. ഇതിനിടെ, മുട്ട ഇടാനുള്ള സുരക്ഷിത ഇടം കണ്ടുപിടിക്കുകയും ചെയ്യും.
മുട്ടകൾ ഇട്ട ശേഷം അതിന്റെ ആവരണത്തിലുള്ള പശപോലുള്ള ദ്രാവകം കൊണ്ട് നേരത്തെ കണ്ടെത്തിയ സ്ഥലത്ത് ഒട്ടിച്ചുവയ്ക്കും. ജലസസ്യങ്ങളുടെ ഇലകളുടെ അടിയിലോ വെള്ളത്തിൽ നിൽക്കുന്ന തെങ്ങ്, മരക്കുറ്റികൾ, മറ്റു പരുപരുത്ത പ്രതലങ്ങൾ എന്നിവിടങ്ങളിലോ ആണ് സാധാരണ മുട്ടകൾ പറ്റിച്ചു വയ്ക്കുന്നത്.
മുട്ടകൾ പറ്റിച്ചശേഷം പെണ് മത്സ്യം കാവൽ നിൽക്കും. മുട്ട തിന്നാനെത്തുന്ന പള്ളത്തി ഉൾപ്പെടെയുള്ള മീനുകളെ തള്ള കരിമീൻ വാലും ചിറകും ഉപയോഗിച്ച് അടിച്ചോടിക്കും.
മുട്ടകൾ വിരിഞ്ഞു കുഞ്ഞുങ്ങൾ പുറത്തിറങ്ങാൻ നാലഞ്ച് ദിവസം എടുക്കും. ഈ സമയം ആണ് കരിമീൻ ചെളിയിൽ ആറേഴു ചെറു കുഴികൾ ഉണ്ടാക്കും. മുട്ട വിരിഞ്ഞു പുറത്തുവരുന്ന കറുത്ത കുഞ്ഞുറുന്പു പോലുള്ള നൂറു കണക്കിന് കുഞ്ഞുങ്ങളെ ഏതെങ്കിലും ഒരു കുഴിയിൽ വിടും.
ആണും പെണ്ണും മാറി മാറി കാവൽ നിൽക്കും. കുഞ്ഞുങ്ങളെ തിന്നാൻ വരുന്നവരെ പറ്റിക്കാനാണ് പല കുഴികൾ തോണ്ടുന്നത്.
ഏതെങ്കിലും മത്സ്യങ്ങളോ ജീവികളോ കുഞ്ഞുങ്ങളെ തിന്നാൻ വന്നാൽ തള്ള മീൻ പൊടിക്കുഞ്ഞുങ്ങളെ വായിലേക്കു വലിച്ചു കവിളിലാക്കി മറ്റൊരു സുരക്ഷിത സ്ഥാനത്തേക്കു മാറും. ആണ് കരിമീൻ സുരക്ഷ ഉറപ്പാക്കി കൂടെയുണ്ടാകും.
മുട്ട വിരിഞ്ഞു കുഞ്ഞുങ്ങൾ പുറത്തിറങ്ങിയെന്ന് അറിഞ്ഞാൽ ചുറ്റുവട്ടത്തുള്ള മുഴുവൻ കരിമീനുകളും കുഞ്ഞുങ്ങളെയും തള്ളയെയും കാണാൻ വരുന്ന പതിവുമുണ്ട്. നാലഞ്ചു ദിവസം കൊണ്ടു കുഞ്ഞുങ്ങൾ സഞ്ചാരയോഗ്യത നേടും.
അതുകഴിഞ്ഞാൽ കുടുംബവും മറ്റു കരിമീനുകളും സൗകര്യപ്രദവും സുരക്ഷിതവുമായ ഒരു സ്ഥലത്തെത്തി നീന്തി തിമിർത്ത് ആഹ്ലാദം പങ്കുവയ്ക്കും. സ്വതന്ത്രമായി സഞ്ചരിക്കാനും ആഹാരം തേടാനും കഴിയുന്നതുവരെ കുഞ്ഞുങ്ങളോടൊപ്പം മാതാപിതാക്കൾന്ധ കാണും.
ഇണകളിൽ ഒന്ന് ഏതെങ്കിലും വിധത്തിൽ ഇല്ലാതായാൽ പിന്നെ ശേഷിക്കുന്നതിന്റെ ജീവിതം തനിച്ചായിരിക്കും. അങ്ങനെ തനിച്ചാകുന്ന മീൻ വേറൊന്നിനോടും പ്രണയം കൂടുകയോ ബന്ധം ഉണ്ടാക്കുകയോ ചെയ്യാറില്ല.
കുര്യൻ കുമരകം