ഇടുക്കി: നെടുങ്കണ്ടത്ത് മരണവീട്ടിലുണ്ടായ സംഘർഷത്തെത്തുടർന്ന് യുവാവിനു കുത്തേറ്റു. നെടുങ്കണ്ടം സ്വദേശി ഫ്രിജോ ഫ്രാൻസിസിനാണ് കുത്തേറ്റത്. കോണ്ഗ്രസ് പ്രവർത്തകനായ ഫ്രിജോയെ നെടുങ്കണ്ടത്തെ സ്വകാര്യ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു. ഇദ്ദേഹത്തെ പിന്നീട് അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി.
സംഭവത്തിൽ നെടുങ്കണ്ടം പഞ്ചായത്ത് മുൻ അംഗവും കേരള കോണ്ഗ്രസ്-എം സംസ്ഥാന കമ്മിറ്റി അംഗവുമായ ജിൻസണ് പൗവ്വത്തിനെ പോലീസ് കസ്റ്റഡിയിലെടുത്തു.
ഇന്നലെ രാത്രി 12 ഓടെയായിരുന്നു സംഭവം. മരണവീട്ടിൽ എത്തിയ ഇരുവരും തമ്മിൽ നാളെ നടക്കാനിരിക്കുന്ന ബാങ്ക് തെരഞ്ഞെടുപ്പിനെച്ചൊല്ലി വാക്കുതർക്കമുണ്ടാകുകയും അടിപിടിയിൽ കലാശിക്കുകയുമായിരുന്നു. സംഘർഷത്തിനിടെ കൈയിൽ കരുതിയിരുന്ന കത്തി ഉപയോഗിച്ച് ഫ്രിജോയെ ജിൻസണ് കുത്തുകയായിരുന്നുവെന്നു പറയുന്നു.
ഇരുവരെയും പിടിച്ചു മാറ്റുന്നതിനിടയിൽ മറ്റൊരാൾക്കും പരിക്കേറ്റു. രാത്രിയിൽതന്നെ പോലീസെത്തി ജിൻസണ് പൗവ്വത്തിനെ കസ്റ്റഡിയിലെടുത്തു.