കോഴിക്കോട്: വടകരയില്‍ നടന്ന നവകേരള സദസില്‍ തനിക്കെതിരേ നല്കിയ പരാതി രാഷ്ട്രീയ പ്രേരിതമാണെന്ന് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍. നവ കേരള സദസിന്റെ ശോഭ കൊടുത്താന്‍ ലക്ഷ്യമിട്ടാണ് പരാതി നല്‍കിയത്. തട്ടിപ്പ് നടത്തിയിട്ടുമില്ല. ഒരു കമ്പനിയുമായി ബന്ധപ്പെട്ട കേസാണിത്. താനും മറ്റു നാലുപേരും പാര്‍ട്ണര്‍മാരായുള്ളതാണ് കമ്പനി.
പാര്‍ട്ണര്‍ യൂസഫുമായി ബന്ധപ്പെട്ടതാണ് കേസ്. അദ്ദേഹം ഹൈക്കോടതിയില്‍ കേസ് നടത്തുകയാണ്. നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന സമയത്ത് കേസിന്റെ വിശദാംശങ്ങള്‍ കാണിച്ച് ഞാന്‍ പത്ര പരസ്യം നല്‍കിയിരുന്നു.
ഇപ്പോള്‍ പരാതിയുമായി വന്നത് നവ കേരള സദസിനെ ലക്ഷ്യമിട്ടാണെന്ന് അദ്ദേഹം പറഞ്ഞു.ഐഎന്എലില്നിന്ന് പുറത്താക്കപ്പെട്ടയാളാണ് പരാതിക്കാരനെന്ന് മന്ത്രി പറഞ്ഞു.
സാമ്പത്തിക തട്ടിപ്പ് കേസിൽ മന്ത്രി അഹമ്മദ് ദേവർകോവിൽ 63 ലക്ഷം രൂപ നൽകണമെന്ന കോടതി വിധി നടപ്പായിക്കിട്ടാൻ സഹായിക്കണമെന്നാണ് പരാതിയിൽ ആവശ്യപ്പെടുന്നത്. വടകര മുട്ടുങ്ങൽ സ്വദേശി എ.കെ. യൂസഫാണ് പരാതി നൽകിയിരിക്കുന്നത്.
ഇതുമായി ബന്ധപ്പെട്ട് നേരത്തെ പരാതിക്കാരൻ മുഖ്യമന്ത്രിക്ക് ഇ-മെയിൽ വഴി പരാതി നൽകിയിരുന്നു. ഇതിനു മറുപടി ലഭിക്കാത്തതിനെത്തുടർന്നാണ് വീണ്ടും പരാതി നൽകുന്നതെന്ന് പരാതിക്കാരൻ പറഞ്ഞു.
കോടതി വിധി പ്രകാരം പണം നൽകാതെ മന്ത്രി കബളിപ്പിക്കുകയാണെന്നും ഭീഷണിപ്പെടുത്തുകയാണെന്നും പരാതിയിൽ പറയുന്നു.