പത്തനംതിട്ട: അന്തരിച്ച ജസ്റ്റീസ് ഫാത്തിമ ബീവിക്ക് അന്തിമോപചാരം അര്‍പ്പിക്കാന്‍ മന്ത്രിമാരാരും വരാതിരുന്നത് വിവാദത്തില്‍. സംസ്ഥാന ബഹുമതികളോടെ നടത്തിയ കബറടക്കത്തില്‍ സര്‍ക്കാരിനുവേണ്ടി അന്തിമോപചാരം അര്‍പ്പിച്ചത് ജില്ലാ കളക്ടര്‍ എ. ഷിബുവാണ്.
ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാറും ഭരണകക്ഷി എംഎല്‍എമാരും നേരത്തെ വീട്ടിലെത്തി അന്തിമോപചാരം അര്‍പ്പിച്ച് മടങ്ങി. സര്‍ക്കാര്‍ ബഹുമതികളുടെ ഭാഗമായി ഗാര്‍ഡ് ഓഫ് ഓണര്‍ നല്കുന്പോഴും കബറടക്ക സമയത്തും ഇവരാരും തന്നെ സ്ഥലത്തുണ്ടായിരുന്നില്ല.
നവകേരള സദസുമായി ബന്ധപ്പെട്ട് പര്യടനത്തിലായ മന്ത്രിസഭയില്‍ നിന്ന് ഒരാളെയെങ്കിലും പത്തനംതിട്ടയിലേക്ക് നിയോഗിക്കാമായിരുന്നുവെന്ന അഭിപ്രായവുമായി ജമാ അത്ത് കമ്മിറ്റിയും മഹല്ല് കോര്‍ഡിനേഷന്‍ കമ്മിറ്റിയും രംഗത്തെത്തി. കരുനാഗപ്പള്ളി മുന്‍ എംഎല്‍എ ആര്. രാമചന്ദ്രന് കഴിഞ്ഞദിവസം അന്തരിച്ചപ്പോള്‍ അന്തിമോപചാരം അര്‍പ്പിക്കാന്‍ രണ്ട് മന്ത്രിമാരെ നവകേരള സദസിനിടെ അയച്ചിരുന്നു.
പത്തനംതിട്ടയുടെ എംഎല്‍എ കൂടിയായ ആരോഗ്യമന്ത്രി വീണാ ജോര്‍ജ് എത്തുമെന്നു തന്നെയാണ് തങ്ങള്‍ പ്രതീക്ഷിച്ചിരുന്നതെന്ന് കബറടക്കത്തിനുശേഷം ജമാഅത്ത് കമ്മിറ്റി ഭാരവാഹികള്‍ അഭിപ്രായപ്പെട്ടു. മന്ത്രിക്കു വരാതിരിക്കാന്‍ കാരണങ്ങളുണ്ടാകാം, മന്ത്രി പൊതുസമൂഹത്തോട് അതു വിശദീകരിക്കട്ടെയെന്നും അവര്‍ പറഞ്ഞു.
സ്ഥലം എംഎല്‍എ കൂടിയായ മന്ത്രി വീണാ ജോര്‍ജ് അന്തിമോപചാരം അര്‍പ്പിക്കാനെത്താതിരുന്നത് പ്രതിഷേധാര്‍ഹമാണെന്ന് മുനിസിപ്പല്‍ മഹല്ല് കോര്‍ഡിനേഷന്‍ കമ്മിറ്റി യോഗവും അഭിപ്രായപ്പെട്ടു.
ഭരണഘടനാ പദവിയില്‍ ഉന്നത സ്ഥാനം അലങ്കരിച്ച ഒരു വ്യക്തിയോട് അനാദരം പാടില്ലായിരുന്നു. ഫാത്തിമ ബീവിയോടുള്ള ആദരസൂചകമായി നഗരസഭാ പ്രദേശത്തെ സ്കൂളുകള്‍ക്ക് അവധി നല്‍കാതിരുന്നതും പ്രതിഷേധാര്‍ഹമാണെന്ന് മഹല്ല് കമ്മറ്റി അഭിപ്രായപ്പെട്ടു.
ജസ്റ്റീസ് ഫാത്തിമ ബീവിയോടു സംസ്ഥാന സര്‍ക്കാര്‍ കാട്ടിയ അവഗണനയ്ക്കു നീതികരണമില്ലെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി നഹാസ് പത്തനംതിട്ട പറഞ്ഞു.