വടകര: കോണ്‍ഗ്രസ് നേതാവും യുഡിഎഫ് വടകര നിയോജക മണ്ഡലം ചെയര്‍മാനുമായ കോട്ടയില്‍ രാധാകൃഷ്ണനു നേരെ കൈയേറ്റം. ഇദ്ദേഹം സഞ്ചരിച്ച കാര്‍ വടകര ദേശീയപാതയില്‍ ബൈക്കിലില് എത്തിയസംഘം തകര്‍ത്തു. വെള്ളിയാഴ്ച രാത്രിയാണ് സംഭവം.
നവകേരള സദസിനു മുന്‍കരുതലായി പോലീസ് കസ്റ്റഡിയിലെടുത്ത കോണ്‍ഗ്രസ്-യൂത്ത് കോണ്‍ഗ്രസ് നേതാക്കളുമായി വടകര പോലീസ് സ്റ്റേഷനില്‍ നിന്നു കാറില്‍ മടങ്ങുമ്പോഴാണ് അക്രമമുണ്ടായത്.
ബൈക്കില്‍ പിന്തുടര്ന്ന് ആക്രമിക്കുകയായിരുന്നു. കാറിന്റെ മുന്‍ഭാഗം ഗ്ലാസ് തകര്‍ന്നു. ഇതിനു പിന്നില്‍ സിപിഎമ്മാണെന്നാണ് ആരോപണം.
അക്രമത്തില്‍ പ്രതിഷേധിച്ച് യുഡിഎഫ്-ആര്‍എംപിഐ നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഇന്ന് വടകര എസ്പി ഓഫീസ് മാര്‍ച്ച് നടത്തി. തുടര്‍ന്ന് എസ്പി ഓഫീസിനു സമീപം പ്രതിഷേധസംഗമം നടത്തി.
അക്രമം അപലപനീയം: പാറക്കല്‍
വടകര: കോണ്‍ഗ്രസ് നേതാവും യുഡിഎഫ് മണ്ഡലം ചെയര്‍മാനുമായ കോട്ടയില്‍ രാധാകൃഷ്ണന് നേരെയും കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് നേരെയും നടന്ന അക്രമത്തെ മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി പാറക്കല്‍ അബ്ദുല്ല അപലപിച്ചു. പിണറായി വിജയന് നവ കേരള യാത്രയുടെ മറവില്‍ ഗുണ്ടാ സംഘത്തെ കൊണ്ടു നടക്കുകയാണെന്ന് പാറക്കല്‍ ആരോപിച്ചു.
കഴിഞ്ഞ രണ്ടു ദിവസങ്ങളായി വടകരയിലും പരിസരങ്ങളിലും സിപിഎമ്മിന്റെ ഗുണ്ടാസംഘങ്ങള്‍ വിഹരിക്കുകയാണെന്നും ആക്രമണം കൈയ്യും കെട്ടി നോക്കി നില്‍ക്കില്ലെന്നും പാറക്കല്‍ അബ്ദുള്ള മുന്നറിയിപ്പു നല്കി.
കോണ്‍ഗ്രസ് നേതാവും യുഡിഎഫ് വടകര മണ്ഡലം ചെര്‍മാനുമായ കോട്ടയില്‍ രാധാകൃഷന് നേരെ സിപിഎം നടത്തിയ കയ്യേറ്റത്തില്‍ യുഡിഎഫ് ജില്ല കണ്‍വീനര്‍ അഹമ്മദ് പുന്നക്കല്‍ ശക്തിയായി പ്രതിഷേധിച്ചു.