ന്യൂഡൽഹി: സെലിബ്രിറ്റികൾ ഡീപ്ഫേക്ക് സാങ്കേതികവിദ്യയുടെ ഇരകളാകുന്ന സംഭവങ്ങളിൽ രശ്മിക മന്ദാന, കത്രീന കൈഫ്, കാജോൾ, സാറ ടെണ്ടുൽക്കർ എന്നിവരുടെ നിരയിലേക്ക് നടി ആലിയ ഭട്ടും ചേർന്നു.
ബി-ടൗൺ താരം ആലിയ ഭട്ടിനോട് സാമ്യമുള്ള ഒരു പെൺകുട്ടിയാണ് ഇന്റർനെറ്റിൽ പ്രചരിക്കുന്ന ഏറ്റവും പുതിയ ഡീപ്-ഫേക്ക് വീഡിയോയിലുള്ളത്. മറ്റൊരാളുടെ ശരീരത്തിന് മുകളിൽ നടിയുടെ മുഖം എഡിറ്റ് ചെയ്താണ് വീഡിയോ പുറത്ത് വിട്ടിരിക്കുന്നത്. സമൂഹമാധ്യമങ്ങളിൽ വീഡിയോ വ്യാപകമായി പ്രചരിക്കുന്നത് ജനങ്ങളിൽ ആശങ്ക ഉയർത്തുന്നു.
നിരവധി ഇന്ത്യൻ സെലിബ്രിറ്റികൾ സമാനമായ സാഹചര്യം നേരിട്ടതിന് പിന്നാലെ ദിവസങ്ങൾക്കുള്ളിലാണ് ആലിയയുടെ രൂപസാദൃശ്യമുള്ള ഏറ്റവും പുതിയ വീഡിയോ വരുന്നത്. ഇത് സാങ്കേതികവിദ്യയുടെ ദുരുപയോഗവും എടുത്തുകാണിക്കുന്നു.
രശ്മിക മന്ദാനയുടെ ഡീപ് ഫേക്ക് വീഡിയോ ഇന്റർനെറ്റിൽ പ്രചരിക്കുകയും വൈറലാകുകയും ചെയ്തതിന് പിന്നാലെ നടി സംഭവത്തിൽ ആശങ്ക പ്രകടിപ്പിച്ചെത്തിയിരുന്നു.