തിരുവനന്തപുരം: കാര്യവട്ടത്ത് ഇന്നലെ മഴ മാറി നിന്നിട്ടും ഗാലറി നിറയ്ക്കാനുള്ള കാണികൾ ഒഴുകിയെത്തിയില്ല. 50,000 ത്തോളം സീറ്റിംഗ് കപ്പാസിറ്റിയുള്ള സ്റ്റേഡിയത്തിൽ പകുതിയിൽ താഴെ സീറ്റുകളേ നിറഞ്ഞുള്ളൂ.
സാധാരണ മത്സരം ആരംഭിക്കുന്നതിനു മണിക്കൂറുകൾക്കു മുന്പേ കാര്യവട്ടം സ്റ്റേഡിയവും സമീപ പ്രദേശങ്ങളും ക്രിക്കറ്റ് ആരാധകരെക്കൊണ്ടു നിറയുന്ന പതിവാണുള്ളത്. എന്നാൽ, ഇത്തവണ സ്റ്റേഡിയത്തിലോ പരിസരങ്ങളിലോ പഴയ ആരവം ഉണ്ടായിരുന്നില്ല.
15,000 ത്തിൽ താഴെ മാത്രം ടിക്കറ്റുകളാണു വിറ്റുപോയതെന്നാണു സൂചന. ഏറ്റവും കൂടുതൽ കാണികൾ ഉണ്ടായിരുന്നത് അപ്പർ ടിയർ ഗാലറിയിലായിരുന്നു. ലോവർ ടിയർ ഗാലറിയിലെ ഭൂരിപക്ഷം സീറ്റുകളും കാണികളില്ലാതെ കാലിയായി കിടക്കുന്ന സ്ഥിതിയായിരുന്നു.
2017 നവംബർ ഏഴിനു ന്യൂസിലൻഡും ഇന്ത്യയും തമ്മിലാണ് ആദ്യ ട്വന്റി 20 മത്സരം കാര്യവട്ടം സ്റ്റേഡിയത്തിൽ നടന്നത്. ഗാലറികൾ നിറഞ്ഞു കവിഞ്ഞാണ് അന്ന് കാര്യവട്ടത്തെ ആദ്യ അന്താരാഷ്ട്ര ട്വന്റി20 മത്സരത്തെ വരവേറ്റത്.
ശക്തമായ മഴ പെയ്തിട്ടുപോലും അന്ന് കാണികൾ മുഴുവൻ സമയവും കളി കണ്ടശേഷമാണ് സ്റ്റേഡിയത്തിൽ നിന്നും മടങ്ങിയത്. 2022 സെപ്റ്റംബറിൽ നടന്ന ഇന്ത്യ-ദക്ഷിണാഫ്രിക്ക പോരാട്ടം കാണാനും കാണികളുടെ പ്രവാഹമായിരുന്നു.
എന്നാൽ, ഓസ്ട്രേലിയയും ഇന്ത്യയും തമ്മിലുള്ള മത്സരം കാണാൻ ക്രിക്കറ്റ് പ്രേമികൾ എത്താത്തതോടെ കേരള ക്രിക്കറ്റ് അസോസിയേഷനും കടുത്ത പ്രതിസന്ധിയാണ് നേരിടുന്നത്. ഒന്നര മാസത്തോളം നീണ്ട ലോകകപ്പ് മത്സരങ്ങൾക്കു ശേഷം ഉടൻതന്നെ ട്വന്റി 20 മത്സരം ആരംഭിച്ചതിനാലാണ് കാണികളുടെ കുറവെന്നാണ് അനൗദ്യോഗിക ഭാഷ്യം.
എന്നാൽ കഴിഞ്ഞ ദിവസം വിശാഖപട്ടണത്ത് നടന്ന പരന്പരയിലെ ആദ്യമത്സരത്തിൽ ഗാലറികൾ നിറയെ ക്രിക്കറ്റ് ആരാധകരെത്തിയത് ഈ വാദത്തിന്റെ മുനയൊടിക്കുന്നതാണ്. കാര്യവട്ടത്ത് പ്രഖ്യാപിച്ച ലോകകപ്പ് സന്നാഹമത്സരങ്ങളെല്ലാം മഴമൂലം ഉപേക്ഷിച്ചിരുന്നു. നിലവിലെ സാഹചര്യത്തിൽ തുലാമഴ ശക്തമാകുമെന്ന കണക്കുകൂട്ടലും ക്രിക്കറ്റ് പ്രേമികളെ കാര്യവട്ടത്തേക്ക് കടന്നുവരുന്നതിനെ നിരുത്സാഹപ്പെടുത്തി.
ശനിയാഴ്ച ഓസ്ട്രേലിയയുടെ പരിശീലനം മഴ തടസപ്പെടുത്തിയെങ്കിലും ഇന്നലെ പൂർണമായും മാനം തെളിഞ്ഞുനിന്നു. വൈകുന്നേരം നാലോടെ സ്റ്റേഡിയത്തിലെത്തിയ ഓസീസ് സംഘം ആദ്യം നെറ്റ് പ്രാക്ടീസ് നടത്തിയ ശേഷമാണു സ്റ്റേഡിയത്തിനുള്ളിൽ കടന്നത്.