മാഡ്രിഡ്: നിർമിത ബുദ്ധി (ആർട്ടിഫിഷൽ ഇന്റലിജന്റ്സ്) സൃഷ്ടിക്കുന്ന വിസ്മയങ്ങള്‍ ലോകത്തെ തെല്ലൊന്നുമല്ല അമ്പരപ്പിക്കുന്നതും ആശങ്കപ്പെടുത്തുന്നതും. അതിനിടെ എഐ മോഡലിനെ നിര്‍മിച്ചുവെന്ന വാർത്തയാണ് സ്പെയിനിൽനിന്നു പുറത്തുവരുന്നത്.
ഒരു സ്പാനിഷ് ഇന്‍ഫ്ലുവന്‍സര്‍ ഏജന്‍സിയാണ് എഐ മോഡലിന് രൂപം നൽകിയത്. ഈ വെര്‍ച്വല്‍ മോഡല്‍ മാസം ഏകദേശം മൂന്നു ലക്ഷം രൂപ വരുമാനം നേടുന്നതായി റിപ്പോർട്ടുകളിൽ പറയുന്നു.
ഡിസൈനറായ റൂബൻ ക്രൂസ് 25 വയസുള്ള സ്ത്രീയെ അടിസ്ഥാനമാക്കി എഐ മോഡലിനെ സൃഷ്ടിക്കുകയായിരുന്നു. ഐറ്റാന ലോപ്പസ് എന്നാണ് ഇതിനു പേരിട്ടിരിക്കുന്നത്. പിങ്ക് നിറത്തിലുള്ള സ്ട്രെയ്റ്റ് ഹെയറും മെലിഞ്ഞ ശരീരവുമൊക്കെയുള്ള ഐറ്റാനയ്ക്ക് ഇൻസ്റ്റാഗ്രാമിൽ 1,24,000 ലധികം ഫോളോവേഴ്സുണ്ട്.
ഇതിനകം ഒരു സ്പോർട്സ് സപ്ലിമെന്റ് കമ്പനിയുടെ മുഖമായി മാറിയ ഐറ്റാന പരസ്യത്തിന് പോസ് ചെയ്ത് കൂടുതൽ വരുമാനം നേടിക്കൊണ്ടിരിക്കുന്നു.
ഈ മോഡൽ യഥാർഥത്തിലുള്ള ആളാണെന്നു തെറ്റിദ്ധരിച്ച് നിരവധി സന്ദേശങ്ങൾ ലഭിക്കുന്നുണ്ടെന്ന് ഇതിന്റെ ഉടമകൾ പറയുന്നു. ഒരുമിച്ചു പുറത്തുപോകാമെന്നു പറഞ്ഞുവരെ ക്ഷണിക്കുന്നവരുമുണ്ട്.
കൃത്രിമ മോഡൽ വന്‍ ഹിറ്റായതോടെ മായിയ എന്നു പേരിട്ടിരിക്കുന്ന മറ്റൊരു എഐ മോഡലിനെ കൂടി ഏജന്‍സി രംഗത്തിറക്കിയതായും റിപ്പോർട്ടുണ്ട്. പരസ്യത്തിൽ അഭിനയിക്കാൻ ലക്ഷങ്ങൾ പ്രതിഫലം വാങ്ങുന്ന സെലിബ്രിറ്റികളുടെ ഭാവി അത്ര ശുഭകരമാകില്ലെന്നു വേണം കരുതാൻ!