ഉത്തരകാശി: സിൽക്യാരയിലെ തുരങ്കത്തിൽ കുടുങ്ങിയ 41 തൊഴിലാളികളെ രക്ഷപ്പെടുത്താനുള്ള ശ്രമങ്ങൾ പതിനഞ്ചാം ദിവസവും ഊർജിതമായി തുടരുന്നു.
അവശിഷ്ടങ്ങൾക്ക് ഇടയിലൂടെ രക്ഷാകുഴൽ കടത്തിവിടുന്നതിനു പുറമേ ഇന്നലെ മലമുകളിൽനിന്ന് ആരംഭിച്ച കുഴിക്കൽ ജോലികൾ (വെർട്ടിക്കൽ ഡ്രില്ലിംഗ്) പുരോഗമിക്കുകയാണ്. ഇതിനോടകം 22 മീറ്ററിലേറെ കുഴിച്ചുവെന്ന് രക്ഷാപ്രവർത്തനത്തിനു നേതൃത്വം കൊടുക്കുന്നവർ പറഞ്ഞു.
90 മീറ്റർ താഴെയുള്ള തുരങ്കത്തിലെത്താൻ കുറഞ്ഞത് നാലു ദിവസമെടുക്കുമെന്നും അധികൃതർ. മറ്റു തടസങ്ങൾ സംഭവിച്ചില്ലെങ്കിൽ വ്യാഴാഴ്ചയോടെ തൊഴിലാളികളുടെ അടുത്തെത്താൻ സാധിക്കും.
രക്ഷാദൗത്യത്തിന്റെ ഭാഗമാകുന്നതിനായി കരസേനയുടെ കീഴിലുള്ള മദ്രാസ് എൻജിനീയറിംഗ് ഗ്രൂപ്പും സ്ഥലത്തെത്തിയിട്ടുണ്ട്. രക്ഷാപ്രവർത്തനം ശക്തമാണെങ്കിലും കാലാവസ്ഥ പ്രതികൂലമാകുമോ എന്ന ആശങ്ക നിലനിൽക്കുന്നുണ്ട്. വരും ദിവസങ്ങളിൽ മഞ്ഞുവീഴ്ചയ്ക്ക് സാധ്യതയുള്ള പ്രദേശം കൂടിയാണിത്.
തൊഴിലാളികളെ പുറത്തെത്തിക്കാനുള്ള പൈപ്പ് ലൈൻ കടത്തിവിടാനുള്ള ഓഗർ യന്ത്രത്തിന്റെ പ്രവർത്തനം തടസപ്പെട്ടതാണ് രക്ഷാപ്രവർത്തനത്തിനു നേരത്തെ തിരിച്ചടിയായത്.
യന്ത്രത്തകരാറിനു മുമ്പ് ഇവിടെ 47 മീറ്റർ ഉള്ളിലേക്ക് ഡ്രില്ലിംഗ് നടത്തിയിരുന്നു. പിന്നാലെ ഇരുമ്പു പാളികളിൽ തട്ടിയാണ് ഓഗറിന്റെ ബ്ലേഡുകൾക്കു തകരാർ സംഭവിച്ചത്. പിന്നാലെയാണു മർദം നൽകുന്ന മെഷീൻ ഇവിടെ എത്തിച്ച് രക്ഷാപ്രവർത്തനങ്ങൾ തുടരുന്നത്.