സാജു എന്നോ സാജു നവോദയ എന്നോ പറഞ്ഞാല്‍ വളരെ പെട്ടെന്ന് ആർക്കും ആളെ മനസിലായെന്നു വരില്ല. എന്നാല്‍, പാഷാണം ഷാജി എന്നു പറഞ്ഞാല്‍ അറിയാത്തവരായി ആരുമുണ്ടാകില്ല. ഒരു ടെലിവിഷന്‍ ചാനലിലെ റിയാലിറ്റി ഷോ കോമഡി ഫെസ്റ്റിവലില്‍ സാജു ചെയ്തൊരു കഥാപാത്രത്തിന്റെ പേരാണ് പാഷാണം ഷാജി.
എല്ലാവരെയും പരസ്പരം തല്ലിക്കാന്‍ അപാരമായ മിടുക്കുള്ള ഒരു നാട്ടിന്‍പുറത്തുകാരനായ കഥാപാത്രം. “പത്തു മാസംകൊണ്ട് പാഷാണം ഷാജി ഹിറ്റായി. അതുകൊണ്ടു മാത്രമാണ് എന്റെ ജീവിതം പച്ചപിടിച്ചത്. എനിക്കൊരു ജീവിതം തന്നതു പാഷാണം ഷാജി എന്ന കഥാപാത്രമാണ്.
അതുകൊണ്ട് പാഷാണമെന്നോ പാഷാണം ഷാജിയെന്നോ ആരു വിളിച്ചാലും ഞാന്‍ സന്തോഷത്തോടെ വിളികേള്‍ക്കും.”- സാജു പറയുന്നു. സാജു എന്നാണ് എന്റെ യഥാര്‍ഥ പേര്. മനോജ് ഗിന്നസിന്റെ നവോദയ ട്രൂപ്പിനൊപ്പം ചേര്‍ന്നപ്പോള്‍ മനോജ് ഇട്ട പേരാണ് സാജു നവോദയ – സാജു കൂട്ടിച്ചേര്‍ത്തു.
കരിങ്കണ്ണന്‍ എന്ന ചിത്രത്തിലൂടെ നായകപദവിയിലേക്കുയര്ന്ന സാജു രണ്ടാമതൊരു ചിത്രത്തില്‍ കൂടി നായകവേഷം ചെയ്തിരിക്കുന്നു. സാജു നവോദയ, രഞ്ജിനി ജോര്‍ജ് എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി സൈനു ചാവക്കാടന്‍ സംവിധാനം ചെയ്ത ആരോടു പറയാന്‍ ആരു കേള്‍ക്കാന്‍ എന്ന റൊമാന്റിക് ത്രില്ലര്‍ സ്വഭാവത്തിലുള്ള ചിത്രം തിയറ്ററുകളിലേക്ക് എത്തുകയാണ്. ബിഗ് ബോസ് സീസൺ 2ലെ മത്സരാർഥി കൂടിയായിരുന്ന സാജു നവോദയ തന്റെ കുടുംബ-സിനിമാ വിശേഷങ്ങളുമായി രാഷ്ട്രദീപികയോട്.
ആരോട് പറയാന്‍ ആരു കേള്‍ക്കാന്‍
ഞാൻ നായകനാകുന്ന രണ്ടാമത്തെ സിനിമ. വളരെ ചെറിയൊരു ബജറ്റില്‍ ചെയ്ത ചെറിയൊരു പടം. വളരെ സാധാരണക്കാരനായ ഒരു നാട്ടിന്‍പുറത്തുകാരന്റെ വേഷം. കുറച്ചു താമസിച്ചു വിവാഹം കഴിക്കുന്ന ഒരു കഥാപാത്രം. ഈ നാട്ടിന്‍പുറത്തുകാരന്റെ ജീവിതത്തിലേക്ക് സമ്പന്നയായ പെണ്‍കുട്ടി കടന്നുവരുന്നതോടെയുണ്ടാകുന്ന പ്രശ്നങ്ങളാണ് സിനിമ പറയുന്നത്.
ആദ്യം കരിങ്കണ്ണൻ
പേരു സൂചിപ്പിക്കുന്നതുപോലെ നാട്ടിന്‍പുറങ്ങളില്‍ സജീവമായ കരിങ്കണ്ണ് വയ്ക്കല്‍ എന്ന സങ്കല്പത്തെ ഹാസ്യത്തോടെ അവതരിപ്പിക്കുന്ന കുടുംബചിത്രമാണിത്. ഇവരുടെ കുടുംബത്തില്‍ ഒരാണ്‍കുട്ടി ജനിച്ചാല്‍ പിന്നെ പ്രശ്നമാണ്. അവനു കരിനാക്കാണ്. അവന് എന്തു പറഞ്ഞാലും അതുപോലെ നടക്കും. അങ്ങനെയുള്ള ഒരു കുടുംബത്തിലെ പുതുതലമുറയില്‍ ജനിക്കുന്ന മകനാണ് ഞാന്‍. അതുമൂലം ആ പ്രദേശത്തുണ്ടാകുന്ന പ്രശ്നങ്ങളൊക്കെയാണ് സിനിമ പറയുന്നത്.
അലസജീവിതം
ഇരുപത്തിനാലാം വയസിലായിരുന്നു എന്റെ പ്രണയവും ഒളിച്ചോട്ട വിവാഹവും എല്ലാം. ചേട്ടന്റെ കല്യാണം കഴിഞ്ഞതിന്റെ തൊട്ടടുത്ത ദിവസമാണ് ഞാന്‍ കാമുകിയായ രശ്മിയെയുംകൊണ്ട് ഒളിച്ചോടിയത്. ചേട്ടന്റെ കല്യാണം എന്റെ ഒളിച്ചോട്ടത്തില്‍ അങ്ങനെ കുളമായി.
കല്യാണം കഴിച്ചെങ്കിലും അതിന്റെ ഒരു ഉത്തരവാദിത്വവും അന്ന് എനിക്കുണ്ടായിരുന്നില്ല. രാവിലെ ഏതെങ്കിലും സുഹൃത്ത് വിളിച്ചാല്‍ കൂടപ്പോകും. ഉച്ചയാവുമ്പോള്‍ കയറി വന്ന് ഊണു കഴിക്കും. വീണ്ടും ആരെങ്കിലും വിളിച്ചാല്‍ പോകും. രാത്രി കയറി വരും… അതല്ലെങ്കില്‍ മിമിക്രി. പ്രോഗ്രാമിന് 75 രൂപ കിട്ടിയാല്‍ വീട്ടിൽ വരുമ്പോള്‍ 30 രൂപ കൈയിലുണ്ടെങ്കില്‍ ഉണ്ട്. അതായിരുന്നു അവസ്ഥ. ഒന്നര വര്‍ഷത്തോളം അങ്ങനെ പോയി.
പെയിന്റിംഗും മിമിക്രിയും
അതിനുശേഷം ഞങ്ങള്‍ക്കു വാടകവീട്ടിലേക്കു മാറേണ്ടിവന്നു. അതൊരു ഒറ്റ മുറി വീടായിരുന്നു. സൗകര്യങ്ങള്‍ ഒന്നുംതന്നെയില്ല. എന്നാലും ഞങ്ങളവിടെ കഴിഞ്ഞു. വീടിനു വാടക കൊടുക്കേണ്ടതു കാരണം പെയിന്റിംഗിന്റെ പണിക്കു പോയിത്തുടങ്ങി. അങ്കമാലി ആലുക്കാസിന്റെ പെയിന്റിംഗ് പണി നടക്കുന്ന സമയത്താണ് മിമിക്രി കലാകാരനായ പ്രശാന്ത് കാഞ്ഞിരമറ്റം എന്നെ വിളിക്കുന്നത്.
മനോജ് ഗിന്നസ് പുതിയ ട്രൂപ്പ് തുടങ്ങാന്‍ പോകുകയാണ് നീ വാ എന്നു പറഞ്ഞു. നീ പോയേ അവിടുന്ന്. ഇപ്പോള്‍ കൃത്യമായ കൂലിയും കിട്ടുന്നുണ്ട് ജീവിതവും കുഴപ്പമില്ലാതെ മുന്നോട്ടു പോകുന്നുണ്ടെന്നു പറഞ്ഞു ഞാന്‍ ഫോണ്‍ കട്ട് ചെയ്തു.
മിമിക്രിയും പരിപാടിയുമൊക്കെ നിർത്തിക്കളഞ്ഞ സമയമായിരുന്നു അത്. വൈകിട്ട് വീട്ടിലെത്തിയപ്പോള്‍ ഭാര്യ രശ്മി ഭയങ്കരമായി ദേഷ്യപ്പെട്ടു നില്ക്കുന്നു.
പ്രശാന്ത് വന്നിരുന്നോ എന്നു ഞാന്‍ ചോദിച്ചു. ആ വന്നിരുന്നു എന്നവള്‍ പറഞ്ഞു. അവന്റെ വീട്ടില്‍ തിന്നാനും കുടിക്കാനും ഒക്കെയുണ്ട്, മിമിക്രി കാണിച്ചു നടന്നാലും കുഴപ്പമൊന്നുമില്ലെന്നു ഞാൻ അവളോടു പറഞ്ഞു. ചേട്ടന് മിമിക്രിക്ക് അല്ലാതെ ഇനി വേറെ വല്ല പണിക്കും പോയാല്‍ ഞാന്‍ ചത്തുകളയുമെന്നു പറഞ്ഞ് അവളെന്നെ ഭീഷണിപ്പെടുത്തി.
അതോടെ ഞാന്‍ പെയിന്റ് പാട്ട താഴെവച്ചു. അവിടെനിന്നു തുടങ്ങിയതാണ് ഈ യാത്ര. ആദ്യം മനോജ് ചേട്ടന്റെ ഒപ്പം, പിന്നെ കൊച്ചിന് ഗിന്നസിലേക്ക്, അവിടെനിന്നു ചാനലിലേക്ക്, പിന്നെ സിനിമയിലേക്ക്… സത്യം പറഞ്ഞാൽ ഭാര്യയാണ് എന്നെയൊരു നടനാക്കിയത്.
സിനിമയിലേക്ക്
എന്റെ ആദ്യ സിനിമ ഹൗസ് നമ്പര്‍ 13 ആണ്. ആ സിനിമ റിലീസായില്ല. സംവിധായകന് സിനു എന്നെ നേരിട്ടു വിളിക്കുകയായിരുന്നു. ആ സമയത്തു ചാനല്‍ പ്രോഗ്രാം കുറവായിരുന്നു.
അതേസമയം, സ്റ്റേജ് പ്രോഗ്രാം ഇഷ്ടപോലെയുണ്ടായിരുന്നു. അങ്ങനെ കണ്ട് ഇഷ്ടപ്പെട്ടിട്ടാണ് ആ സിനിമയിലേക്കു വിളിച്ചത്. അതുകഴിഞ്ഞ് മാന്നാര്‍ മത്തായി സ്പീക്കിംഗ് 2 ചെയ്തു. തുടർന്നു വിനയന് സാറിന്റെ ലിറ്റില്‍ സൂപ്പര്മാന്. അതു കഴിഞ്ഞാണ് വെള്ളിമൂങ്ങയിലെത്തിയത്.
വെള്ളിമൂങ്ങയിലെ ഹ്യൂമർ
വെള്ളിമൂങ്ങയുടെ സംവിധായകന് ജിബു ജേക്കബിന്റെ ഭാര്യ ചാനലിലെ പരിപാടി കണ്ടാണ് എന്റെ പേരു ജിബുച്ചേട്ടനോടു പറയുന്നത്. എന്നാല്‍, മിമിക്രിക്കാരൊന്നും വേണ്ട എന്ന നിലപാടിലായിരുന്നു അദ്ദേഹം.
എന്നാല്‍, എന്റെ പ്രോഗ്രാം സ്ഥിരമായി കണ്ടിരുന്ന ചേച്ചി എനിക്കു വേണ്ടി ശക്തമായി വാദിക്കുകയും എന്റെ പ്രോഗ്രാം കാണിച്ചുകൊടുക്കുകയും ചെയ്തു. അങ്ങനെയാണ് ആ സിനിമയില്‍ ശ്രദ്ധേയമായൊരു വേഷം ലഭിക്കുന്നത്.
ആ സിനിമയുടെ ഹ്യൂമര്‍ ചെയ്യാനായി സ്ക്രിപ്റ്റ് വര്‍ക്കിലും ഞങ്ങള്‍ സഹകരിച്ചിരുന്നു. ഞാനും മിമിക്രി കലാകാരന്മാരായ രാജേഷ് പാണാവള്ളിയും രാജേഷ് പറവൂരും ചേര്‍ന്നാണ് ആ പടത്തിലെ ഹ്യൂമര്‍ മുഴുവന്‍ ചെയ്തത്. സിനിമയുടെ സീനുകള്‍ പലതും പൊട്ടിച്ചു ഹ്യൂമര്‍ ആക്കിയെടുത്തത് ഞങ്ങളാണ്.
മമ്മൂക്കയ്ക്കൊപ്പം
പത്തേമാരിയില്‍ മമ്മൂക്കയോടൊപ്പം ആദ്യമായി അഭിനയിച്ചപ്പോൾ ഞാന്‍ ഡയലോഗ് പറഞ്ഞുതുടങ്ങിയപ്പോള്‍ വലിയ ശബ്ദമായിപ്പോയി.
അതുകേട്ടിട്ട് മമ്മൂക്ക എന്നെ അടുത്തേക്കു വിളിച്ചിട്ടുപറഞ്ഞു. ഇങ്ങനെ ഉറക്കെ പറയേണ്ട, ഇതു സ്റ്റേജല്ല, സിനിമയാണ്. മമ്മൂക്ക ഇങ്ങനെ പറഞ്ഞുതന്നപ്പോഴാണ് സത്യം പറഞ്ഞാല്‍ സ്റ്റേജും സിനിമയും തമ്മിലുള്ള വ്യത്യാസം എനിക്കു മനസിലായത്. അതിനുശേഷം മമ്മൂക്കയോടൊപ്പം ഭാസ്കര്‍ ദി റാസ്കല്‍ എന്ന സിനിമയിലും അഭിനയിച്ചു.
മമ്മൂക്കയോടു കടപ്പാട്
ഭാസ്കർ ദി റാസ്കൽ എന്ന സിനിമയുടെ പ്രമോഷനുവേണ്ടി ചാനലില്‍ ഇരുന്നു സംസാരിക്കുമ്പോള്‍ ഈ സിനിമയിൽ വേഷം തന്നതില്‍ സംവിധായകന് സിദ്ദിക്ക് ഇക്കയോടു നന്ദിയുണ്ടെന്നു ഞാന്‍ പറഞ്ഞു.
ആ ഷോട്ട് കട്ട് ചെയ്തു കഴിഞ്ഞപ്പോൾ മമ്മൂക്ക പറഞ്ഞു. ഭാസ്കര്‍ ദി റാസ്കലില് സിദ്ദിക്കാണ് നിനക്കു വേഷം തന്നതെന്ന് ആരാണ് നിന്നോടു പറഞ്ഞത്. ഞാന്‍ പറഞ്ഞിട്ടാണ് സിദ്ദിക്ക് നിനക്ക് റോള്‍ തന്നത് അറിയാമോ എന്നു ചോദിച്ചു. മമ്മൂക്കയോടു തീര്‍ത്താല്‍ തീരാത്ത കടപ്പാടുണ്ടെനിക്ക്.
സംവിധായകനിലേക്ക്
ഞാന്‍ കഥയെഴുതി സംവിധാനം ചെയ്യാന്‍ പദ്ധതിയിട്ട പാണാവള്ളി പാണ്ഡവാസ് എന്ന സിനിമ ഇപ്പോഴും തുടങ്ങാനുള്ള ശ്രമത്തിലാണ്. ചര്‍ച്ചകളും മറ്റും നടക്കുകയാണ്. പെട്ടെന്ന് എടുത്തുചാടി ചെയ്യേണ്ട എന്നാണു വിചാരിക്കുന്നത്.
പുതിയ സിനിമകള്‍
നാദിര്‍ഷിക്കയുടെ ഒരു സിനിമ കഴിഞ്ഞു. ധ്യാന്‍ ശ്രീനിവാസന്റെ രണ്ടു സിനിമകളും കഴിഞ്ഞു. ഒരു തമിഴ് സിനിമയുടെ ഷൂട്ടിംഗ് പൂർത്തിയായി. അതില്‍ യോഗി ബാബുവിന് ഡേറ്റ് ഇല്ലാത്തതിനാല്‍ പകരം എന്നെ വിളിച്ചതാണ്. അശോക് നായകനായ ബ്ലൂസ്റ്റാര്‍ എന്ന ഈ സിനിമ ഡിസംബറില്‍ റിലീസാകും.
പ്രദീപ് ഗോപി