ചാരുംമൂട്: മലകളും കുന്നുകളുമിടിച്ചുനിരത്തി മണ്ണെടുക്കുന്നതിനെതിരേ ശക്തമായ ജനകീയ സമരം നിലനിൽക്കുന്ന പാലമേൽ പഞ്ചായത്തിലെ മറ്റപ്പള്ളിയിൽ വീണ്ടും മണ്ണെടുപ്പ് ആരംഭിച്ചു.
ഇതേത്തുടർന്ന് മറ്റപ്പള്ളിയിൽ ജനകീയ പ്രതിഷേധം ശക്തമായി. കരാർ കമ്പനി ജീവനക്കാർ കുന്നിലെത്തി ജെസിബി ഉപയോഗിച്ച് മണ്ണിടിച്ച് ടോറസ് ലോറികളിൽ നീക്കിത്തുടങ്ങി. മണ്ണെടുപ്പു നിർത്തിവയ്ക്കണമെന്ന സർവകക്ഷിയോഗ തീരുമാനം നിലനിൽക്കെയാണ് വീണ്ടും കുന്നിടിക്കൽ.
അതേസമയം, മണ്ണെടുപ്പ് സംബന്ധമായി തനിക്ക് സ്റ്റോപ് മെമ്മോ ലഭിച്ചിട്ടില്ലെന്നു കരാറുകാരൻ പറഞ്ഞു. മണ്ണെടുക്കാനുള്ള കോടതി അനുമതി നിലവിലുണ്ട്. കഴിഞ്ഞ 16നാണ് മാവേലിക്കര റസ്റ്റ് ഹൗസിൽ പ്രദേശവാസികൂടിയായ കൃഷി മന്ത്രി പി. പ്രസാദിന്റെ നേതൃത്വത്തിൽ സർവകക്ഷി യോഗം കൂടിയിരുന്നു.
ചട്ടങ്ങൾ ലംഘിച്ചാണ് മണ്ണെടുപ്പെന്നു വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥർ കൂടി പങ്കെടുത്ത യോഗം വിലയിരുത്തിയിരുന്നു. പ്രതിഷേധക്കാരെ പോലീസ് ക്രൂരമായി നേരിട്ടത് അന്വേഷിക്കാനും മണ്ണെടുപ്പ് നിരോധിച്ച് ഉത്തരവിറക്കാനും യോഗം കലക്ടറെ ചുമതലപ്പെടുത്തിയിരുന്നു. ഇക്കാര്യം മന്ത്രി പി. പ്രസാദ് വാർത്താസമ്മേളനത്തിൽ പ്രഖ്യപിക്കുകയും ചെയ്തു. എന്നാൽ ജില്ലാ കളക്ടർ ഇതുവരെ ഉത്തരവ് ഇറക്കിയിട്ടില്ല.
സർവകക്ഷിയോഗത്തിൽ വനം-പരിസ്ഥിതി മന്ത്രാലയത്തിന്റെ പ്രോട്ടോകോൾ ലംഘിച്ചുവെന്നും അനുമതി ലഭിച്ച സർവേ നമ്പറിൽ നിന്നല്ല മണ്ണെടുക്കുന്നതെന്നും കണ്ടെത്തിയിരുന്നു. വിശദ അന്വേഷണത്തിനു യോഗം ജില്ലാ കലക്ടറെ ചുമതലപ്പെടുത്തുകയുമുണ്ടായി.
കഴിഞ്ഞ ദിവസം കളക്ടർ സർക്കാരിനു റിപ്പോർട്ട് നൽകിയിട്ടുണ്ട്. റിപോർട്ടിന്റെ ഉള്ളടക്കം പുറത്തുവന്നിട്ടില്ല. ഇതിനിടയിലാണു വീണ്ടും മണ്ണെടുപ്പ് ആരംഭിച്ചിരിക്കുന്നത്. ജനങ്ങൾ ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തിയതോടെ പ്രദേശത്തു വീണ്ടും സംഘർഷാവസ്ഥയാണ്.
റാന്നി എംഎൽഎ നടത്തുന്നത് മാധ്യമപ്രകടനം’
ചാരുംമൂട്: മണ്ണെടുപ്പിനെതിരേയുള്ള ജനകീയ സമരത്തിൽ അണിചേർന്ന പ്രദേശവാസി കൂടിയായ റാന്നി എംഎൽഎ പ്രമോദ് നാരായണനെതിരേയും പ്രതിഷേധം. കുന്നിടിക്കലിനെതിരേ പ്രതിഷേധക്കാർക്ക് ഒപ്പം കുത്തിയിരിക്കുന്ന ഇടത് എംഎൽഎക്കെതിരേയാണു നാട്ടുകാരുടെ പ്രതിഷേധം.
മാധ്യമങ്ങൾക്കു മുന്പിൽ പ്രകടനം നടത്തി ജനപ്രിയനായി മാറാനാണ് എംഎൽഎയുടെ ശ്രമമെന്ന് സമരക്കാർ ആരോപിക്കുന്നു. എന്നാൽ സമരം തുടങ്ങിയപ്പോൾത്തന്നെ മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽ വിഷയം കൊണ്ടുവന്നിരുന്നുവെന്നാണ് എംഎൽഎയുടെ വിശദീകരണം.